നാളികേര വെള്ളത്തിൽ നിന്ന് എനർജി സ്‌പോർട്ട്സ് ഡ്രിങ്ക് നിർമ്മാണം 

നാളികേര വെള്ളത്തിൽ നിന്ന് എനർജി സ്‌പോർട്ട്സ് ഡ്രിങ്ക് നിർമ്മാണം 

സംരംഭകത്വ വർഷാചരണം കേരളത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. തദ്ദേശഭരണ സ്ഥാപനങ്ങളും സംരംഭകരുമായുള്ള കലഹങ്ങൾക്ക് അറുതിയായി എന്നതാണ് ഏറ്റവും ഗുണപരമായ മാറ്റം. ഇതോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾ സംരംഭകത്വത്തിന്റെ പതാകവാഹകരായി മാറി.സംരംഭകരെ ചേർത്ത് പിടിക്കാൻ ജനപ്രതിനിധികളും പ്രാദേശിക ഗവൺമെന്റുകളും തയാറായത് സമൂഹത്തിലേക്ക് പോസിറ്റീവായ സന്ദേശങ്ങൾ നല്‌കി തുടങ്ങി. ഈ മാറ്റം സംരംഭക സൗഹൃദ ആവാസവ്യവസ്ഥതയുടെ വളർച്ച വലിയ കൈത്താങ്ങൽ നല്‌കും.

പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്തികൊണ്ട് വിപണി മൂല്യമുള്ള ഉല്‌പന്നങ്ങൾ നിർമ്മിക്കുക എന്നത് സാരംഭകത്വത്തിലെ വിജയ മാതൃകയാണ്. നമ്മുടെ നാട്ടിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തിൽ എനർജി സപ്പോർട്ട്സ്‌ ഡ്രിങ്ക് വിപണിയിൽ ആവശ്യകതയുള്ളതും ലാഭകരവുമായ ഒരു സംരംഭകത്വ മാതൃകയാണ്. 

കോക്കോ സ്പോർട്ട്സ് ഡ്രിങ്ക് 

നാളികേര അധിഷ്ഠിത സംരംഭങ്ങളിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തെ സംസ്‌കരിച്ചാണ് കോക്കോ പ്ലസ്സ്പോർട്ട്സ് ഡ്രിങ്ക് നിർമ്മിക്കുന്നത്. നാളികേര വ്യവസായത്തിൽ പരിസര മലിനീകരമില്ലാത്ത നാളികേരവെള്ളം ഒഴിവാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആരോഗ്യദായകമായ നാളികേര വെള്ളം വളരെ വേഗം കേടുവരും എന്നുള്ളതാണ്  മറ്റൊരു വെല്ലുവിളി. നാളികേര വെള്ളം സംസ്‌കരിച്ച് അനുബന്ധ ചേരുവകൾ ചേർത്ത് ഉന്മേഷം പകരുന്ന സ്പോർട്ട്സ് ഡ്രിങ്കാക്കി മാറ്റി വിപണിയിലെത്തിക്കുന്നതാണ് ബിസിനസ്സ്. ഈ പാനീയം 2 മാസം വരെ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കാൻ സാധിക്കും. സാധാരാണ എനർജി ഡ്രിങ്കുകളും സ്‌പോർട്ട്സ് ഡ്രിങ്കുകളും രാസവസ്‌തുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൃകൃതിദത്ത പൊട്ടാസ്യം, സോഡിയം തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് തന്നെ നാളികേര വെള്ളത്തിൽ നിന്ന് നിർമ്മിക്കുന്ന സ്പോർട്ട്സ് ഡ്രിങ്ക് ആരോഗ്യദായകവും വിപണിയിൽ ലഭിക്കുന്ന മറ്റേത് സ്പോർട്ട്സ് ഡ്രിങ്കുകളെക്കാളും മേന്മയേറിയതുമാണ്. ചെറുകിട യൂണിറ്റായും ആരംഭിക്കാം.

മാർക്കറ്റിംഗ് 

സ്‌പോർട്ട്സ്‌ സെന്ററുകൾ, ഫിറ്റ്നസ് സെന്ററുകൾ സെന്ററുകൾ, ഫുട്ബോൾ ടർഫുകൾണ് തുടങ്ങിയ കായിക വിനോദങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സ്പോർട്ട്സ് ഡ്രിങ്കിന് വലിയ വിപണിയുണ്ട്. മലയാളികളെല്ലാം അടുക്കളയിൽ നാളികേരം ഉടയ്‌ക്കുന്പോൾ വെള്ളത്തിനായി കാത്തിരുന്ന കുട്ടിക്കാലത്തിന്റെ ഓർമ്മകൾ പേറുന്നവരാണ്. അതുകൊണ്ടുതന്നെ നാളികേര വെള്ളത്തിൽ നിന്നുള്ള പാനീയത്തിന് ഗുണമേന്മ വർണ്ണന നടത്തേണ്ട ആവശ്യമില്ല.വില കുറവായതിനാൽ  ഏതൊരു ശീതളപാനീയത്തോടും മത്സരിച്ച് സൂപ്പർ മാർക്കറ്റിലും ബേക്കറിയിലും ചെറിയ കടകളിലുമെല്ലാം വില്‌പന നടത്താൻകഴിയും. വിതരണക്കാരെ നിയമിച്ചും നേരിട്ടുള്ള വിതരണത്തിലൂടെയും മാർക്കറ്റ് വർദ്ധിപ്പിക്കാം.

നിർമ്മാണരീതി 

വിവിധ നാളികേരത്തിൽ നിന്നുള്ള വെള്ളത്തിന് രുചികൾ വ്യത്യസ്തങ്ങളായിരിക്കും. കൂടാതെ വൻതോതിൽ നാളികേര വെള്ളം കേടുള്ളവ ഒഴിവാക്കി ശേഖരിക്കുന്നതിനുള്ള രീതികൾ തൊഴിലാളികളെ പഠിപ്പിക്കുക എന്നുള്ളതാണ് ആദ്യഘട്ടം. തുടർന്ന് നാളികേരവെള്ളത്തിന്റെ രുചികൾ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. പിന്നീട് ഫിൽറ്ററേഷൻ പ്രോസസ്സുകളിലൂടെ നാളികേരവെള്ളം ശുദ്ധീകരിക്കും.  

തുടർന്ന് നാളികേരവെള്ളത്തെ സ്പോർട്ട്സ് ഡ്രിങ്കാക്കി മാറ്റുന്നതിന് കലോറി ഉയർത്തുന്നതിനുള്ള ചേരുവകൾ ചേർക്കും. ബ്രിക്‌സ് ലെവൽ ശരിയായ നിലയിലാക്കിയതിനുശേഷം പ്രോസസ്സ് ചെയ്‌ത്‌ ബോട്ടിലുകളിലേക്കും. കപ്പുകളിലും നിറയ്ക്കാം. പോളിപ്രൊപ്പലീൻ കപ്പുകളും ബോട്ടിലുകളുമാണ് ഉപയോഗിക്കുന്നത്. ടി പാനീയം അന്തരീക്ഷ ഊഷ്മാവിൽ 2 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. 

മൂലധന നിക്ഷേപം 

(പ്രതിദിനം 2000 കപ്പുകൾ നിർമ്മിക്കുന്നതിന്) 

  1. പ്രോസസിംഗ് യന്ത്രം   – 1,00,000.00
  2. ഫില്ലിംഗ് യന്ത്രം – 1,60,000.00
  3. വാട്ടർ ഫിൽറ്റർ – 30,000.00
  4. കപ്പ് സീലിംഗ് യന്ത്രം -30,000.00
  5. ബാച്ച് കോഡിംഗ് യന്ത്രം – 11,000.00
  6. അനുബന്ധ സംവിധാനങ്ങൾ – 15,000.00

     ആകെ = 3,46,000.00

പ്രവർത്തന മൂലധനം 

പ്രവർത്തന മൂലധനം 1 ലക്ഷം രൂപ 

പ്രവർത്തന വരവ്- ചിലവ് കണക്ക് 

ചിലവ്

(പ്രതിദിനം 1000 കപ്പുകൾ നിർമ്മിച്ച് വിതരണം നടത്തുന്നതിന്റെ ചിലവ്) 

  1. നാളീകേര വെള്ളം 150 ലിറ്റർ X 1.00 – 150.00 
  2. അനുബന്ധ ചേരുവകൾ   – 1280.00
  3. പായ്‌ക്കിംഗ് കപ്പ് , ഫോയിൽ, ലേബൽ – 2300.00
  4. ജീവനക്കാരുടെ വേതനം -1000.00
  5. അനുബന്ധചിലവുകൾ – 300.00
  6. മാർക്കറ്റിങ് ചിലവുകൾ -1500.00

       ആകെ = 6530.00

വരവ് 

(പ്രതിദിനം 1000 കപ്പുകൾ നിർമ്മിച്ച് വില്പന നടത്തുന്പോൾ ലഭിക്കുന്നത്) 

MRP = 20.00

ഉല്പാദകന് ലഭിക്കുന്നത് = 15.00

ലാഭം 

വരവ്= 15*1000 =15000.00 

ചിലവ് = 6530.00

ലാഭം= 15000.00-6530.00= 8470.00

സാങ്കേതികവിദ്യ -പരിശീലനം

നാളീകേരവെള്ളത്തിൽ അധിഷ്ഠിതമായ സ്‌പോർട്സ് ഡ്രിങ്ക് നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ അഗ്രോപാർക്കിൽ ലഭിക്കും. 0485 2999990

ലൈസെൻസ് 

ഉദ്യം രജിസ്‌ട്രേഷൻ ,ഭക്ഷ്യ സുരക്ഷാ ലൈസൻസ്, പായ്‌ക്കിംഗ് ലൈസൻസ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതിക്ക് അനുസൃതമായി സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.  

 

Projects

Share This