കേരളത്തിൽ സംരംഭകത്വ വർഷാചരണം വഴി ക്രിയാത്മകമായി സംരംഭകത്വത്തെ സമീപിക്കുന്നതിനും സംരംഭക സൗഹൃദ ആവാസ വ്യവസ്ഥ കെട്ടിപെടുക്കുന്നതിനുള്ള തീവ്രയത്ന പരിപാടികളാണ് ഒരു വർഷം കൊണ്ട് നടപ്പിലാക്കുന്നത്. കേരളത്തിൽ ധാരാളം വിപണിയുള്ളതും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉല്പാദിപ്പിച്ച് കേരളത്തിൽ വില്ക്കപ്പെടുന്നതുമായ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങളാണ് കൂടുതൽ പ്രസക്തമാകുന്നത്.നാനോ- ഗാർഹിക സംരഭങ്ങളായി വീടുകളിൽ തന്നെ കുടുംബാംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങളും, കുറഞ്ഞമുതൽമുടക്കിൽ പ്രാദേശികമായി കുറച്ചു ആളുകൾക്ക് തൊഴിൽലഭ്യത ഉറപ്പാക്കുന്ന സംരംഭങ്ങളും കേരളത്തിലെ സംരംഭകത്വത്തിന്റെ വിജയ മാതൃകകൾ ആണ്. ലൈസൻസിംഗ് നടപടിക്രമങ്ങൾക്ക് ഏകജാലകം ഏർപ്പെടുത്തിയതോടുകൂടി തുടക്കകാലത്ത് സംരംഭകർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിക്ക് പരിഹാരമായി. സംരംഭക വർഷത്തിൽ വായ്‌പാ വിതരണത്തിൽ ബാങ്കുകളുടെ സമീപനവും കൂടുതൽ ഉദാരവാകും . മഹാമാരിക്ക് ശേഷം വിപണിയിൽ പ്രതിഫലിക്കുന്ന ഉണർവും സംരംഭകരെ സഹായിക്കും. ചുരുക്കത്തിൽ സംരംഭങ്ങളിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന നൂതനവും സുസ്ഥിരവുമായ മാതൃക സൃഷ്‌ടിക്കാൻ ഈ സംരംഭകത്വവർഷത്തിലെ കൂട്ടായ ശ്രമങ്ങൾക്ക് കഴിയും.
പേപ്പർ സ്‌ട്രോ നിർമ്മാണം
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ കർശനമായി നിയന്ത്രിക്കാൻ ഗവൺമെന്റ് തീരുമാനിച്ചതിന്റെ വെളിച്ചത്തിൽ നിരോധിക്കപ്പെട്ട ഉല്‌പന്നമാണ് പ്ലാസ്റ്റിക് സ്‌ട്രോ. ഇതിന് പകരമായാണ് പേപ്പറിൽ നിർമ്മിക്കുന്ന സ്‌ട്രോ വിപണിയിലെത്തുന്നത്. പുനരുപയോഗ സാദ്യതയില്ലെങ്കിലും പ്രകൃതിക്ക് ഹാനികരമാകാതെ മണ്ണിൽ അലിഞ്ഞ് ചേരുന്നു എന്നതിനാൽ വിപണി സാദ്യത ഏറിവരികയാണ്. പേപ്പറും ഭക്ഷ്യയോഗ്യമായ പശയുമാണ് അസംസ്‌കൃത വസ്‌തുക്കൾ ഇവ വൻതോതിൽ ലഭ്യമാണ്. മനുഷ്യാധ്വാനം കുറച്ച് ഓട്ടോമാറ്റിക് യന്ത്രത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനാൽ ഉല്പാദന ചിലവ് തുലോം കുറവാണ്. ബ്രാന്റിംഗിനും മാർക്കറ്റിംഗിനുമായി തുക ചിലവഴിക്കേണ്ടതില്ല, ബ്രാന്റുകൾക്ക് പ്രസക്തിയുമില്ല. ഭാവിയുടെ സാദ്യതകൾ കണ്ടറിഞ്ഞ് ആരംഭിക്കാൻ കഴിയുന്ന സംരഭങ്ങളിൽപെട്ട ഒന്നാണ് പേപ്പർ സ്‌ട്രോ നിർമ്മാണം.
മാർക്കറ്റിംഗ്
പേപ്പർ സ്‌ട്രോ100 എണ്ണം വീതമുള്ള പായ്കറ്റുകളിലാക്കി തുടർന്ന് 50 പായ്‌ക്കറ്റുകളിലാക്കി തുടർന്ന് 50 പായ്‌ക്കറ്റുകൾ വീതമുള്ള കാർട്ടൻ ബോക്സുകളിൽ നിറച്ച് വിതരണക്കാർക്ക് എത്തിച്ച് നൽകുന്നതാണ് പ്രധാന മാർക്കറ്റിംഗ് രീതി. ജ്യൂസ്, ശീതളപാനീയ ഉല്പാദകർക്ക് നേരിട്ടും നല്‌കാം. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴിയും, മറ്റ് പരസ്യമാർഗ്ഗങ്ങൾ വഴിയും വിതരണക്കാരെ കണ്ടെത്താം.
നിർമ്മാണ രീതി
120,70 ജി.എസ്സ്.എം കളിലുള്ള പേപ്പറുകളും ഭക്ഷ്യയോഗ്യമായ പശയുമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പേപ്പർ റോളുകൾ മെഷീനിൽ ലോഡ് ചെയ്‌തതിന് ശേഷം പേപ്പർ സ്‌ട്രോയ്‌ക്ക് ആവശ്യമായ നീളവും യന്ത്രത്തിൽ തന്നെ ക്രമീകരിക്കാം. യന്ത്രത്തിൽ ആവശ്യത്തിന് പശയും നിറയ്‌ക്കണം. തുടർന്ന് 5mm മുതൽ 12mm വരെ വ്യാസത്തിലുള്ള പേപ്പർ സ്‌ട്രോകൾ യന്ത്രംതന്നെ നിർമ്മിക്കും .13 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർവരെയുള്ള നീളത്തിലാണ് പേപ്പർ ട്യൂബുകളിൽ നിന്ന് സ്‌ട്രോ കട്ട്ചെയുന്നത്. പി .എൽ.സി കൺട്രോൾ മെഷീനിൽ ഒരു സമയം 5 നന്പർ വീതം കട്ട് ചെയ്‌യാൻ സാധിക്കും. 0.3 mm മുതൽ 1 mm വരെയാണ് സ്‌ട്രോയുടെ പുറം കനമുണ്ടാവുക.ആവശ്യാനുസരണം ഡൈ മാറ്റി സ്ഥാപിക്കാം ഡൈയുടെ വ്യാസത്തിനനുസരിച്ച് സ്‌ട്രോയുടെ വലുപ്പത്തിലും വ്യത്യാസം ഉണ്ടാകും.തുടർന്ന് പശ ഉണങ്ങി സ്‌ട്രോ ബലവത്താക്കിയതിനു ശേഷം 100 എണ്ണം വീതം പായ്‌ക്കറ്റുകളിലാക്കി മാറ്റാം . വിവിധ അളവുകളിലുള്ള കാർട്ടൻ ബോക്സുകളിൽ നിറച്ച് വിപണനത്തിന് എത്തിക്കാം .സാധാരണ ശീതളപാനീയങ്ങൾക്ക് ചെറിയ സ്‌ട്രോകളും ജ്യൂസ് ,ഷേക്ക് പോലുള്ളവയ്‌ക്ക് വലുപ്പം കൂടിയാവയുമാണ് ഉപയോഗിക്കുന്നത് .
മൂലധന നിക്ഷേപം
പേപ്പർ സ്‌ട്രോ നിർമ്മാണ യന്ത്രം – 14,50,000 /-
കംപ്രസർ 5 HP – 85 ,000 /-
അനുബന്ധ സൗകര്യങ്ങൾ – 50,000/-
————————-
ആകെ – 15,85,000 /-
പ്രവർത്തന മൂലധനം – 3,00,000 /-
——————-
ആകെ – 18,85,000 /-
പ്രവർത്തന വരവ് ചിലവ് കണക്ക്
(പ്രതിദിനം 50,000 പേപ്പർ നിർമ്മിക്കുന്നതിന്റെ ചിലവ് )
പേപ്പർ 62.5KG *125.00 = 7812.50 /-
ഭക്ഷ്യയോഗ്യമായ പശ 6.25 *125.00 = 781.25 /-
പായ്ക്കിങ് സാമഗ്രികൾ = 1200.00 /-
ഇലട്രിസിറ്റി ചിലവുകൾ = 250.00 /-
വേതനം = 1500.00
മറ്റിതര ചിലവുകൾ = 500.00 /-
ആകെ =12043.50 /-
(പ്രതിദിനം 50,000 പേപ്പർ സ്‌ട്രോവിറ്റഴിക്കുമ്പോൾ ലഭിക്കുന്നത് )
ഒരു സ്‌ട്രോയുടെ വില = 0 .40ps
50,000 *0 .40 = 20,000/-
ലാഭം
വരവ് – 20000
ചിലവ് – 12043
———–
ലാഭം = 7957.00
യന്ത്രങ്ങൾ : പരിശീലനം
പേപ്പർ സ്‌ട്രോ നിർമ്മാണത്തിനുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.0485 -2999990
ലൈസൻസ് & സബ്‌സിഡി
ഉദ്ധ്യം രജിസ്‌ട്രേഷൻ, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ,കെ.സ്വിഫ്റ്റ് തുടങ്ങിയ ലൈസൻസുകൾ നേടി വ്യവസായം ആരംഭിക്കാം. നിക്ഷേപത്തിന് അനുപാതിതമായി വ്യവസായവകുപ്പിൽനിന്ന് സബ്‌സിഡിയും ലഭിക്കും.