കേരളം മഹാമാരികാലത്തിനൊപ്പം ചർച്ച ചെയ്‌യുന്ന ഏറ്റവും പ്രസക്തമായ അതിജീവന മാതൃകയാണ് നാനോ കുടുംബ സംരംഭങ്ങൾ. അരക്ഷിതമാകുന്ന തൊഴിൽ മേഖലകളിൽ നിന്ന് തിരികെയെത്തുന്നവർക്കും പുതിയ തൊഴിലന്വേഷകർക്കും ഉപജീവനത്തിനായി ആശ്രയിക്കാവുന്ന സുരക്ഷിത മേഖലകൂടിയാണ് നാനോ കുടുംബ സംരംഭങ്ങൾ. വീടുകളിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുകവഴി ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ നിരവധി ഉല്പന്നങ്ങൾ നമുക്ക് നിർമ്മിക്കാൻ കഴിയും. അന്യസംസ്ഥാന ഉല്പന്നങ്ങളുടെ വില്പനയിലൂടെ അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന പണം പ്രാദേശികമായി നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താൻ കഴിഞ്ഞാൽ ടി പണം പലപ്രാവശ്യം കൈമറിഞ്ഞ് സന്പദ് വ്യവസ്‌ഥക്ക് തന്നെ ഉണർവേകും. അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും പ്രതിദിനം കൂലിയായി കൈപറ്റുന്നതിന്റെ മുക്കാൽ പങ്കും അന്യ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനാൽ ടി പണം കേരള വിപണിയിൽ യാതൊരു ചലനവും സൃഷ്ട്ടിക്കുന്നില്ല.നമ്മുടെ വിപണിയെ ഉത്തേജിപ്പിക്കുവാനും തൊഴിൽ അന്വേഷകരുടെ എണ്ണം കുറക്കുന്നതിനും ചെറിയ തോതിൽ എങ്കിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുന്നതിനും നാനോ കുടുംബസംരംഭങ്ങൾക്കുള്ള പങ്ക് ചെറുതല്ല. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വീട്ടിലുള്ള പരിമിതമായ സൗകര്യങ്ങളും വൈദ്യുതിയും പ്രയോജനപ്പെടുത്തി വിപണിസാധ്യതയുള്ള നിരവധി ഉല്പന്നങ്ങൾ നിർമ്മിക്കാൻ നാനോ കുടുംബ സംരംഭങ്ങൾ വഴി സാധിക്കും.
നാനോ ഓയിൽ ഹബ്ബ്
ശുദ്ധമായ ഭക്ഷ്യ എണ്ണകളുടെ ലഭ്യത എല്ലാ കാലത്തും സമൂഹം നേരിടുന്ന മുഖ്യ പ്രതിസന്ധികളിൽ ഒന്നാണ്. മായം ചേർക്കലുകൾ കൃത്യമായി നിർണ്ണയിക്കുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങളുടെ അപര്യാപ്‌തത ഈ വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. ശുദ്ധമായ എണ്ണ ലഭിക്കും എന്ന് ഉറപ്പുള്ള സ്‌ത്രോതസുകളിൽ നിന്ന് നേരിട്ട് വാങ്ങി ഉപയോഗിക്കുക എന്നത് മാത്രമാണ് പരിഹാരം. സമൂഹം നേരിടുന്ന ഈ പ്രതിസന്ധി തുറന്ന് വയ്‌ക്കുന്ന പ്രാദേശിക ബിസിനസ്സ് അവസരമാണ് നാനോ ഓയിൽ ഹബ്ബ്.
ബിസിനസ്സ് സാദ്ധ്യത
വീട്ടിലോ വീടിന് അടുത്തുള്ള ജംഗ്ഷനിലോ ചെറുകിട യന്ത്രങ്ങൾ ഉപയോഗിച്ച് വെളിച്ചെണ്ണ, നിലക്കടല എണ്ണ, ബദാം ഓയിൽ തുടങ്ങിയ ഭക്ഷ്യ എണ്ണകൾ ലൈവായി നിർമ്മിച്ച് നല്‌കുന്ന ഉല്പാദന വിപണന കേന്ദ്രങ്ങളാണ് നാനോ ഓയിൽ ഹബ്ബ്. മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയ്‌ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കലർപ്പില്ലാത്ത എണ്ണകൾ വിശ്വസ്ത്യതയോടെ വാങ്ങാൻ കഴിയുന്ന ഇടമായി നാനോ ഓയിൽ ഹബ്ബുകളെ മാറ്റിയെടുക്കാം. ചെറിയ മുതൽ മുടക്കിൽ ഒരു ഉപജീവന സംരംഭം എന്ന നിലയിൽ പ്രാദേശികമായി ആരംഭിക്കാം. 100 സ്‌ക്വയർ ഫീറ്റ് കടമുറിയോ വിപണന സൗകര്യം ഒരുക്കാൻ കഴിയുന്ന റോഡുവക്കുകളിലുള്ള വീടുകളിലോ നാനോ ഓയിൽ ഹബ്ബ് ആരംഭിക്കാം. നാനോ സംരംഭങ്ങൾക്ക് ഗവൺമെന്റ് നല്കിയിരിക്കുന്ന അനുമതി പ്രകാരം വീട്ടിൽ ലഭ്യമായവൈദ്യുതി തന്നെ സംരംഭത്തിനും ഉപയോഗപ്പെടുത്താം. പ്രാദേശിക വിപണി ലക്ഷ്യം വയ്‌ക്കുന്നതിനാൽ നാട്ടുകാരും പരിചയക്കാരും തന്നെയാവും ഉപഭോക്താക്കൾ. ഗുണമേന്മയുള്ള എണ്ണ നല്‌കുന്നതിനാൽ വിപണി പെട്ടന്ന് തന്നെ വളർന്ന് വരും. സ്വന്തമായി തന്നെ ജോലികളിൽ ഏർപ്പെട്ടാൽ മറ്റ് ചിലവുകൾ ഒഴിവാക്കാം. സ്‌ത്രീകൾക്ക് പോലും ആയാസരഹിതമായി നിർമ്മാണ പ്രക്രീയയിൽ ഏർപ്പെടാം. എല്ലാകാലത്തും പ്രസക്തിയുള്ളതും വിപണി വർധിച്ച് വരുന്നതുമായ ഉല്പന്നമാണ് ഭക്ഷ്യ എണ്ണകൾ.
മാർക്കറ്റിംഗ്
ഗ്രാമങ്ങളിൽ ഒരു ജംഗ്ഷനോട് അനുബന്ധമായി 3-4 വാർഡുകളിലെ 1500 കുടുബങ്ങൾ താമസിക്കുന്നുണ്ടാകും. അർബൻ, സെമി അർബൻ ഏരിയകളിൽ താമസക്കാരുടെ എണ്ണം വർദ്ധിക്കും. നാനോ ഓയിൽ ഹബ്ബ് ആരംഭിക്കുംന്പോൾ ചെറിയ ബ്രാന്റിംഗും പ്രാദേശികമായി അറിയിപ്പുകളും നല്‌കാം. ഡോർ ഡെലിവറി സംവിധാനവും ഏർപെടുത്താം. നിശ്ചിത അളവിൽ കൂടുതൽ വാങ്ങുന്നവർക്ക് ഫ്രീ ഡെലിവെറിയും നല്‌കാം. നിർമ്മിച്ച് സൂക്ഷിക്കുന്നതിനേക്കാൾ തിരക്കില്ലാത്ത ഉപഭോക്താക്കൾക്ക് അവരുടെ സാന്നിധ്യത്തിൽ തന്നെ നിർമ്മിച്ച് നല്‌കിയാൽ നന്നായിരിക്കും.
അസംസ്‌കൃത വസ്‌തുക്കൾ
ഗുണമേന്മയുള്ള കൊപ്ര, ബദാം, നിലക്കടല എന്നിവ വിപണിയിൽ സുലഭമായി ലഭ്യമാണ്. പായ്‌ക്കിംഗിന് ആവശ്യമായ ബോട്ടിലുകളും നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കും.
നിർമ്മാണരീതി
കൊപ്ര 6% മാത്രം ഈർപ്പമുള്ളത് കൊപ്ര ക്രഷറിൽ പൊടിച്ച് തയാറാക്കുക. തുടർന്ന് മൈക്രോ ഓയിൽ മില്ല് ഉപയോഗിച്ച് എണ്ണ നിർമ്മിക്കാം. സ്റ്റീൽ ബാരലുകളിൽ 2 ദിവസം അടച്ച് സൂക്ഷിച്ചാൽ എണ്ണ നന്നായി തെളിഞ്ഞ് വരും. ടി എണ്ണ 1 ലിറ്റർ വീതം ബോട്ടിലുകളിൽ നിറച്ച് വില്‌പന നടത്താം. നിർമ്മാണ പ്രക്രീയയിൽ അധികം ചൂടാവാത്തതിനാൽ എണ്ണയുടെ ക്വാളിറ്റി നിലനിർത്താൻ സാധിക്കും. കൊപ്രയുടെ ഗുണമേന്മയ്‌ക്കനുസരിച്ച് BIS ഗ്രേഡ് 1 നിലവാരത്തിലുള്ള ഓയിൽ ലഭിക്കും.
മൂലധന നിക്ഷേപം
(പ്രതിദിനം 150 ലിറ്റർ നിർമ്മിക്കുന്നതിനുള്ള ശേഷി)
- മൈക്രോ ഓയിൽ മില്ല് – 1,60,000.00
- കൊപ്ര ക്രഷർ – 40,000.00
- അനുബന്ധ സംവിധാങ്ങൾ – 10,000.00
ആകെ = 2,10,000.00
പ്രവർത്തന മൂലധനം = 50,000.00
പ്രതിദിന വരവ്-ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 70 ലിറ്റർ വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ്)
- കൊപ്ര 100 Kg *110.00 = 11,000.00
- ബോട്ടിൽ+ ക്യാപ്പ് = 238.00
- വൈദ്യുതി അനുബന്ധചിലവുകൾ = 200.00
ആകെ = 11,438.00
വരവ്
(പ്രതിദിനം 70 ലിറ്ററുകൾ വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത് )
1 ലിറ്റർ വില്‌പന വില = 220.00
70 ലിറ്റർ *220.00 = 15,400.00
ലാഭം
വരവ് – 15,400.00
ചിലവ് – 11438.00
ലാഭം= 15,400.00-11438.00 = 3962.00
യന്ത്രങ്ങൾ- പരിശീലനം
നാനോ ഓയിൽ ഹബ്ബ് ആംഭിക്കുന്നതിനുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485-2999990
ലൈസൻസ് – സബ്‌സിഡി
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ, ഉദ്യം രജിസ്‌ട്രേഷൻ എന്നിവ നേടി സംരംഭം ആരംഭിക്കാം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്‌സിഡി ലഭിക്കും.