കേരളം കോവിഡ് 19 മഹാമാരിയുടെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണ്. മഹാമാരിക്കലത്തിന്റെ ആദ്യപാദത്തെ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കിക്കൊണ്ട് വലിയ ദുരന്തമാകാതെ നാം അതിജീവിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയും പ്രതിരോധ വസ്‌തുക്കളുടെ ഉപയോഗം നിർബന്ധിതമാക്കിയും ബോധവത്‌കരണം നടത്തിയും നിയമ നടപടികളുമെടുത്തുമാണ് നാം അതിജീവനം സാദ്ധ്യമാക്കിയത്.
മഹാമാരിക്കാലം നിലവിലുള്ള പല സംരംഭങ്ങൾക്കും തിരിച്ചടി നല്‌കുകയുണ്ടായി. അതോടൊപ്പം പുതിയ പല സംരംഭങ്ങൾക്കും വാതായനങ്ങൾ തുറന്നിടുകയും ചെയ്‌തു. ഡിസ്പോസിബിൾ ഫെയ്‌സ് മാസ്‌കും സാനിറ്റൈസറും സാനിറ്റൈസർ ഡിസ്‌പെൻസറും അണുനശീകരണ സംരംഭങ്ങളുമെല്ലാം മഹാമാരിക്കാലത്ത് പ്രസക്തമായി മാറി.
വൈറസിന്റെ സാന്നിദ്ധ്യം അടുത്തകാലത്തെങ്ങും വിട്ടുപോകില്ല എന്നുള്ള തിരിച്ചറിവിലാണ് മലയാളികൾ. അതുകൊണ്ട് തന്നെ സുരക്ഷ ഒരുക്കുന്ന വസ്‌തുക്കളുടെ ഉപഭോഗവും വർദ്ധിക്കും. തുണിയിൽ നിർമ്മിച്ച മാസ്‌കുകളുടെ വിശ്വസ്‌തത ചോദ്യം ചെയ്‌യപ്പെട്ടതോടെ ഡിസ്പോസിബിൾ സർജിക്കൽ മാസ്‌കുകളിലേക്ക് ഉപഭോഗം മാറി. മാസ്‌കുകൾ ജീവിതരീതിയുടെ തന്നെ ഭാഗമായിക്കഴിഞ്ഞതും മാസ്‌ക് ധരിക്കുന്നതിന്റെ ഗുണഫലങ്ങൾ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞതുംകൊണ്ട് മഹാമാരിക്കാലം കഴിഞ്ഞാലും മാസ്‌കിന്റെ ഉപയോഗം തുടരുക തന്നെ ചെയ്‌യും. സർജിക്കൽ മാസ്‌ക് നിർമ്മാണം വർത്തമാനകാല സാധ്യതയുള്ള സംരംഭമാണ്.
സർജിക്കൽ മാസ്‌ക് – സാധ്യതകൾ
മഹാമാരി നമ്മളിലേക്ക് കൊണ്ടു വന്ന ശീലങ്ങളിൽ ഒന്നാണ് മാസ്‌കിന്റെ ഉപയോഗം. സൂക്ഷ്മ വ്യാപികളായ വൈറസുകളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വായു മലിനീകരണത്തിൽ നിന്ന് രക്ഷനേടുന്നതിനും മാസ്‌കുകൾ ഉപകരിക്കുന്നു. നിലവിൽ മാസ്‌കുകൾക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഉപഭോഗം വർദ്ധിച്ചതിനൊപ്പം നാട്ടിൽ തന്നെ ഉല്‌പാദനവും വർദ്ധിപ്പിക്കാൻ സാധിച്ചാൽ ഈ ഇനത്തിൽ അന്യസംസ്ഥാനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയാൻ സാധിക്കും. ചെറിയ മുതൽ മുടക്കിൽ ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ച് സർജിക്കൽ മാസ്‌ക് നിർമ്മാണം ആരംഭിക്കാം. നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളായ പോളിപ്രൊപ്പലിൻ ഷീറ്റുകൾ സുലഭമായി ലഭിക്കും.
നിർമ്മാണരീതി
സ്‌പൺ ബോൺഡ് പോളി പ്രൊപ്പലിൻ, തെർമൽ ബോൺഡ് പോളിപ്രൊപ്പലിൻ എന്നിവയാണ് പ്രധാനമായും സർജിക്കൽ മാസ്‌ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ. 3 ലയർ മാസ്‌കുകളിൽ നീലയും നീലകലർന്ന വെള്ള നിറത്തോടുകൂടിയതുമായ സ്‌പെൺ ബോൺഡ് പോളിപ്രൊപ്പലീൻ മെറ്റീരിയലുകൾ പുറം വശങ്ങളിൽ ഉപയോഗിക്കും. തെർമൽ ബോൺഡ് പോളിപ്രൊപ്പലിൻ ഉള്ളിലും ഉപയോഗിക്കും. ഓട്ടോമാറ്റിക്ക് യന്ത്രത്തിൽ അസംസ്‌കൃത വസ്‌തുക്കളുടെ റോളുകൾ ലോഡ് ചെയ്‌യും. ഒപ്പം നോസ് ബ്രിഡ്‌ജ് റോളും ലോഡ് ചെയ്‌യും. തുടർന്ന് യന്ത്രത്തിന്റെ വേഗത ക്രമീകരിച്ചാൽ മാസ്‌ക് നിർമ്മാണം ആരംഭിക്കാം. 3 ലയർ മാസ്‌ക്കിൽ നോസ് ബ്രിഡ്‌ജ് ചേർത്ത് വച്ച് പുറത്തുവരുന്പോൾ ഇയർ ലൂപ്പ് വെൽഡിംഗ് യന്ത്രത്തിന്റെ സഹായത്തോടെ ഇലാസ്റ്റിക് ഇയർ ലൂപ്പുകൾ ഘടിപ്പിക്കും. തുടർന്ന് സ്റ്റെറിലൈസേഷൻ നടത്തി പായ്‌ക്ക് ചെയ്‌യാം. മിനിറ്റിൽ 150 മാസ്‌ക്കുവരെ നിർമ്മിക്കുന്ന യന്ത്രങ്ങൾ ലഭ്യമാണ്.
മൂലധന നിക്ഷേപം
(പ്രതിദിനം 50000 മാസ്‌കുകൾ വരെ നിർമ്മിക്കുന്നതിന്)
ഓട്ടോമാറ്റിക് സർജിക്കൽ മാസ്‌ക് നിർമ്മാണ യന്ത്രം+ ഇയർലൂപ് വെൽഡിംഗ് യന്ത്രം= 17,00,000.00
അൾട്രാ വയലറ്റ് മാസ്‌ക് സ്റ്റെറിലൈസേഷൻ മിഷ്യൻ= 3,00,000.00
അനുബന്ധ സംവിധാനങ്ങൾ =1,00,000.00
ആകെ= 21,00,000.00
പ്രവർത്തന മൂലധനം
1 മാസത്തെ പ്രവർത്തന മൂലധനം – 10,00,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 50000 മാസ്‌ക് നിർമ്മിക്കുന്നതിനുള്ള ചിലവ് )
1. സ്‌പൺ ബോൺഡ് പോളിപ്രൊപ്പലിൻ, തെർമൽ ബോൺഡ് പോളിപ്രൊപ്പലിൻ, നോസ് ബ്രിഡ്‌ജ്, ഇയർ ലൂപ്പ് തുടങ്ങി അസംസ്‌കൃത വസ്‌തുക്കൾ = 50,000.00
2. തൊഴിലാളികളുടെ വേതനം =3,000.00
3. ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ= 3,000.00
4. ട്രാൻസ്‌പോർട്ടിംഗ് ചിലവുകൾ = 5000.00
ആകെ =61,000.00
വരവ്
(പ്രതിദിനം 50000 മാസ്‌കുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്)
2.20*50,000.00=1,10,000.00
ലാഭം
1,10,000.00- 61,000.00=49,000.00
സാങ്കേതിക വിദ്യ പരിശീലനം
സർജിക്കൽ മാസ്‌ക് നിർമ്മാണത്തിന്റെ സാങ്കേതികവിദ്യയും പരിശീലനവും അഗ്രോപാർക്കിൽ ലഭിക്കും. 0485- 2242310
ലൈസൻസുകൾ – സബ്‌സിഡി
മൂലധന നിക്ഷേപത്തിന് അനുപാധികമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും. ഉദ്യം രെജിസ്‌ട്രേഷൻ, ജി.എസ്.ടി , കെ- സ്വിഫ്റ്റ് രജിസ്‌ട്രേഷൻ എന്നിവ നേടി വേണം വ്യവസായം ആരംഭിക്കാൻ.