ഈ കൊറോണക്കാലവും കഴിഞ്ഞ് പോകും. മറ്റ് പല ദുരന്തങ്ങളെയും അതിജീവിച്ചത് പോലെ ഈ വൈറസിനെയും നമ്മൾ അതിജീവിക്കും. പക്ഷെ കൊറോണക്കാലത്തിനപ്പുറം രൂപീകൃതമാകുന്ന ആഗോളവ്യവസ്ഥിതി പുതിയ അതിജീവനമാർഗങ്ങൾ തേടാൻ നമ്മളെ നിർബന്ധിതരാകും. വിദേശങ്ങളിലേക്ക് മനുഷ്യ വിഭവശേഷിയുടെ കയറ്റുമതി വളരെയധികം കുറയും. ഒപ്പം നിലവിലുള്ളവരിൽ വലിയൊരു ശതമാനത്തിന്റെ തൊഴിൽ സാഹചര്യങ്ങൾ കലുഷിതമാകുകയും ചെയ്‌യും. ഇവിടെ ലോകത്തിന് ആകമാനം മാതൃകയായ നിരവധി മോഡലുകൾ സൃഷ്‌ടിച്ച കേരളം സ്വയം പര്യാപ്‌തമായ പുതിയ അതിജീവന മോഡലുകൾ കൂടി സൃഷ്‌ടിക്കേണ്ടിവരും. ലഭ്യമായ എല്ലാ വിഭവ ശേഷികളുടെയും സന്തുലിതമായ വിനിയോഗത്തിലൂടെ സുസ്ഥിരമായ ഒരു ഉപജീവന തന്ത്രം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
വിദേശത്തും നാട്ടിലും തൊഴിൽ നഷ്ടമായവർക്ക് ഉപജീവന മാർഗ്ഗങ്ങൾ രൂപപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വം ഗവൺമെന്റിനൊപ്പം പൊതുസമൂഹത്തിലും നിക്ഷിപ്‌തമായിരിക്കുന്നു. വീടുകളിൽ ആരംഭിക്കാവുന്ന ചെറുകിട സംരംഭങ്ങൾക്ക് പ്രസക്‌തി ഏറുകയാണ്. ഇത്തരത്തിലുള്ള ചെറുകിട നിർമ്മാണ യൂണിറ്റുകളും അസംബ്ലിങ് യൂണിറ്റുകളൂം കൂടുതലായി ആരംഭിക്കാൻ കഴിഞ്ഞാൽ സ്വയം പര്യാപ്‌ത കുടുംബങ്ങളെ സൃഷ്‌ടിക്കും. അതോടൊപ്പം സാമൂഹിക ഉന്നമനത്തിനും കാരണമാകും.
വീടുകളിലെ ചെറിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വീട്ടിലെ വൈദ്യുതി ഉപയോഗിച്ച് കുടുംബാംഗങ്ങൾ തന്നെ തൊഴിലാളികളായി മാറി ചെറിയ മുതൽ മുടക്കും കൂടുതൽ അദ്വാനവും വിനിയോഗിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം. വീട്ടിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് വയറുകളിൽ നിന്ന് കോപ്പർ വേർതിരിക്കുന്ന പ്രവർത്തി.
സാധ്യതകൾ
പഴയ വയറുകളുംകേബിളുകളും അസംസ്‌കൃത വസ്‌തുക്കളാക്കി മാറ്റുന്ന സംരംഭം വലിയ സാധ്യതകൾ പ്രദാനം ചെയ്‌യുന്നതാണ്. പുതുക്കിപ്പണിയലുകളുടെ ഭാഗമായും ശേഷി ഉയർത്തലിന്റെ ഭാഗമായും പുതിയ നിർമ്മാണത്തിന്റെ ബാക്കിയായും ധാരാളം വയറുകളും കേബിളുകളും ഉപയോഗശൂന്യമാകാറുണ്ട്. കൂടാതെ കേടായ ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കൽ ഉപകരണങ്ങളിലും ഇത്തരം വയറുകളും കേബിളുകളും ധാരാളമായുണ്ട്. ഇവ ഉപയോഗ ശൂന്യമാകുന്നതോടെ പഴയ സാധനങ്ങൾ ശേഖരിക്കുന്നവർ വഴി ആക്രികടകളിൽ എത്തുന്നു. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വയറുകളും കേബിളുകളും ശേഖരിക്കാൻ സാധിക്കും.
മാർക്കറ്റിംഗ്
പ്രത്യേകം മാർക്കറ്റിംഗ് ആവശ്യമില്ലാത്ത സംരംഭമാണ് കോപ്പർ വേർതിരിക്കൽ. കോപ്പർ എത്ര ശേഖരിച്ചാലും വാങ്ങാൻ ധാരാളം കന്പനികളുണ്ട്. കോപ്പറിന്റെ പുനരുപയോഗ സാധ്യത തന്നെയാണ് ഇതിന് കാരണം. ഹോൾസെയിലായി കോപ്പർ വാങ്ങുന്ന ഒന്നോ രണ്ടോ കന്പനികളുമായി ബന്ധം പുലർത്തുക എന്നത് മാത്രമാണ് ഈ സംരംഭത്തിലെ മാർക്കറ്റിംഗ്. ചെറുകിട വ്യവസായങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി മാർക്കറ്റിംഗ് ആയിരിക്കുന്പോൾ വിൽപ്പനയ്‌ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാത്ത സംരംഭമാണ് കോപ്പർ വയറുകളുടെ വേർതിരിക്കൽ.
നിർമ്മാണരീതി
യന്ത്ര സഹായത്തോടെ വളരെ ലളിതമായ വേർതിരിക്കൽ പ്രക്രീയയാണ് ഈ സംരംഭത്തിന്റെ പ്രവർത്തനരീതി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന പഴകിയ വയറുകളും കേബിളുകളും വലിപ്പം അനുസരിച്ച് തരം തിരിക്കുന്നു. വയറുകളിൽ നിന്ന് കോപ്പർ വേർതിരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള യന്ത്രത്തിലൂടെ ഇവ വലിപ്പത്തിനനുസരിച്ച് കടത്തിവിടുന്നു. പുറത്തെത്തുന്ന വയറുകളിൽ പുറമെയുള്ള പ്ലാസ്റ്റിക് കോട്ടിംഗ് വേർതിരിഞ്ഞ നിലയിലായിരിക്കും. പ്ലാസ്റ്റിക് കോട്ടിനുള്ളിൽ നിന്നും സുഗമമായി കോപ്പർ പുറത്തെടുക്കാൻ സാധിക്കും. പുറത്തെടുക്കുന്ന കോപ്പറുകൾ കെട്ടുകളാക്കി കന്പനികൾക്ക് നല്‌കാം. വീട്ടമ്മമാർക്ക് പോലും ചെറിയ പരിശീലനം വഴി ഈ ജോലി സുഗമമായി നിവഹിക്കാൻ കഴിയും.
മൂലധന നിക്ഷേപം
- കോപ്പർ വേർതിരിക്കുന്നതിനുള്ള യന്ത്രം = 70,000.00
- അനുബന്ധ ചിലവുകൾ = 10,000.00
ആകെ = 80,000.00
പ്രവർത്തന മൂലധനം
പ്രവർത്തന മൂലധനം= 50,000.00
പ്രവർത്തന വരവ്-ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 75Kg കോപ്പർ വേർതിരിച്ചെടുക്കാനുള്ള ചിലവ്)
- വയർ/കേബിൾ = 15,000.00
- ജീവനക്കാരുടെ വേതനം = 800.00
- ഇലക്ട്രിസിറ്റി, അനുബന്ധ ചിലവുകൾ = 200.00
- ശേഖരണ വിതരണ ചിലവുകൾ = 1000.00
ആകെ = 17,000.00
വരവ്
(75Kg കോപ്പർ വില്‌പന നടത്തുന്പോൾ ലഭിക്കുന്നത്)
75kg * 420.00 = 31,500.00
ലാഭം
വരവ് = 31,500.00
ചിലവ് = 17,000.00
ലാഭം = 14,500.00
ലൈസൻസുകൾ
ഉദ്യോഗ് ആധാർ, ഗുഡ്‌സ് സർവീസ് ടാക്‌സ് എന്നീ ലൈസൻസുകൾ നേടി വ്യവസായം ആരംഭിക്കാം.
പരിശീലനം
കോപ്പർ വേർതിരിക്കുന്ന സംരംഭം ആരംഭിക്കുന്നതിനുള്ള വ്യാവസായിക പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും.
ഫോൺ:0485-2242310