കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സംരംഭക സൗഹൃദമാവുകയാണ്. വ്യവസായങ്ങൾക്കായുള്ള ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമായി; ലൈസൻസിങ് രാജിന് അറുതി വരുത്തിക്കൊണ്ട് കാലതാമസം നേരിടുന്ന ലൈസൻസുകൾക്കു മൂന്ന് വർഷം ഫ്രീസിങ് പീരിയ ഡും അനുവദിച്ചുകൊണ്ടും കേരള എം. എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്ട് റൂൾസും 2020 -ൽ പുറത്തിറങ്ങി. സംസ്ഥാനത്തു വ്യവസായങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊണ്ട് സ്വകാര്യ വ്യവസായപാർക്കും പ്രവർത്തനമാരംഭിച്ചു. കുടുംബസംരംഭങ്ങൾക്ക് കൂടുതലായി പ്രൊമോട്ടു ചെയ്യപ്പെടുകയും കൂടുതൽ ആളുകൾ പ്രത്യേകിച്ച് സ്ത്രീകളും, യുവാക്കളും വ്യവസായങ്ങളിലേക്കു ആകർഷിക്കപ്പെടുകയും ചെയ്തു. 160/2020/ LSGD എന്ന ഉത്തരവിലൂടെ നാനോ കുടുംബസംരംഭങ്ങളെ
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസൻസിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവിനെ തദ്ദേശസ്വയംഭരണ വകുപ്പും സാധൂകരിച്ചു. 3 വർഷത്തോളം നീണ്ടുനിന്ന അവ്യക്തതകൾക്കും തർക്കങ്ങൾക്കുമാണ് പരിഹാരമുണ്ടായത് . കുടുംബസംരംഭങ്ങൾക്ക് അനുമതിലഭിച്ചതു അധികവരുമാനം ആർജ്ജിക്കുന്നതിന് വീട്ടുകാരെ പ്രാപ്തരാക്കുന്നു. കുടുംബ സംരഭങ്ങൾ ഉപജീവന സംരഭങ്ങളാണ്. നിലവിലുള്ള ജോലിയോടൊപ്പം ഒഴിവുസമയം പ്രയോജനപ്പെടുത്തി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനു ഇതുമൂലം സാധിക്കും. കൂടുതലായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടിവരുന്നില്ല എന്നതും നാനോകുടുംബസംരംഭങ്ങളുടെ ആകർഷണീയതയാണ്. ചുരുക്കത്തിൽ വലിയ വ്യവസായങ്ങളിലേക്കു ചുവടുവയ്ക്കുന്നതിനു മുൻപ് ബിസിനസ് പഠിക്കുന്നതിനുള്ള ഇൻക്യൂബേഷൻ സെന്ററുകളായിക്കൂടി വീടുകൾ മാറുന്നു.
കേരളത്തിലെ ഓരോ ചെറിയ കവലകളിൽ പോലും നാലും അഞ്ചും ബേക്കറികളുണ്ടാവും . കൂടാതെ പാതയോരങ്ങളിലെ സമോവർ ചായക്കടകൾ വേറെ. ഇത്തരം കടകളിലെല്ലാം ചായയോടൊപ്പം ആവിയിൽ വേവിച്ച പലഹാരങ്ങൾക്ക് വൻ ഡിമാൻഡാണ് നിലവിലുള്ളത്. വാഴയിലയിലോ വഴനഇലയിലോ പൊതിഞ്ഞ ശർക്കരയും തേങ്ങയും നിറച്ച അട; ഉരുട്ടിയെടുക്കുന്ന അരിമാവിനകത്തു തേങ്ങയും ശർക്കരയും നിറച്ചു നിർമ്മിക്കുന്ന കൊഴുക്കട്ട; പുളിപ്പിച്ച മാവിൽ നിന്ന് നിർമ്മിക്കുന്ന വട്ടയപ്പം; രാവിലെ ഹോട്ടലുകളിൽ ലഭിക്കുന്ന മലയാളികളുടെ ഇഷ്ടവിഭവങ്ങളായ ഇഡ്‌ഡലി; ഇടിയപ്പം എന്നിവയെല്ലാം ആവിയിൽ നിർമ്മിക്കുന്ന പലഹാരങ്ങളാണ്.
സാധ്യതകൾ
മലയാളിയുടെ ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധ തന്നെയാണ് ഈ സംരംഭത്തിന്റെ വിജയരഹസ്യവും. എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ സംബദ്ധിച് നമ്മൾ ബോധവാന്മാരാണ്. കൂടാതെ രാവിലെ മുതൽ വൈകുന്നേരം വരെ സമയം നോക്കാതെ ചായയും ചെറുകടിയും കഴിക്കുന്ന ശീലം നമുക്കുണ്ട്. ഇത്തരത്തിൽ സൗഹൃദ സംഭാഷണങ്ങൾക്കും ജോലിയിൽ നിന്ന് അല്പം വിശ്രമത്തിനും ആലസ്യമകറ്റുന്നതിനുമെല്ലാം ചായ വില്പനകേന്ദ്രങ്ങളെയാണ് നാം കൂടുതലായി ആശ്രയിക്കുന്നത്. പ്രതിദിനം 5 പ്രാവശ്യം വരെ ചായക്കടകളിലെത്തുന്നവരുണ്ട്. ഐടി പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലും സൂപ്പർമാർക്കറ്റുകളും കുറച്ചുകൂടി പരിഷ്കരിച്ച പേരിൽ “കഫ്റ്റീരിയ” എന്നാണ് ചായക്കടകൾ അറിയപ്പെടുന്നത്. സിനിമാതീയേറ്റർ, റയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ അടക്കം വില്പന കേന്ദ്രങ്ങൾക്ക് സമയബന്ധിതമായി അടയും കൊഴുക്കട്ടയും വട്ടയപ്പവും ഹോട്ടലുകൾക്കു ഇഡ്‌ലിയും ഇടിയപ്പവും സമയബന്ധിതമായി എത്തിച്ചു നൽകുക എന്നുള്ളതാണ് ഈ സംരംഭം. പുലർകാലെ നിർമ്മാണം ആരംഭിച്ചു രാവിലെ 6 മണിക്ക് തന്നെ ഇഡ്‌ഡലിയും , ഇടിയപ്പവും കടകളിൽ എത്തണം. രാവിലെ 9 മണിക്ക് തന്നെ പരമാവധി വില്പനകേന്ദ്രങ്ങളിൽ അടയും കൊഴുക്കട്ടയും എത്തണം. 10 മണിക്ക് ജോലികൾ അവസാനിക്കും.
നിർമ്മാണത്തിന് പാരന്പര്യ രീതികൾ വിട്ട് അരക്കുന്നതിന് ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡറും, കൂടുതൽ എണ്ണം ഒരേ സമയം വേവിക്കുന്നതിന് സ്റ്റീമറുകളും ഇന്ന് ലഭ്യമാണ്. ഇത് ജോലിഭാരം കുറയ്ക്ക്കും. ജോലികൾ കൂടുതൽ എളുപ്പമാക്കും. നിലവിലുള്ള സാഹചര്യങ്ങൾ ഇത്തരം പലഹാരങ്ങൾ ആവശ്യത്തിനും സമയബന്ധിതമായും ലഭിക്കുന്നില്ല എന്നുള്ളതാണ് വില്പനക്കാരുടെ പരാതി.
മാർക്കറ്റിങ്
അടുത്തുള്ള 20 കിലോമീറ്റർ ചുറ്റളവ് കേന്ദ്രീകരിച്ചുള്ള മാർക്കറ്റിങ് ആണ് ഉത്തമം. ഒരിക്കൽ സാംന്പിൾ നൽകി ഓർഡറെടുത്താൽ പിന്നീട് ദിനംപ്രതി ഉൽപാദനവും വിതരണവും നടത്തിയാൽ മതിയാവും. കോംപറ്റീറ്റർ ഇല്ലാത്തതും അടുത്തെങ്ങും കോംപറ്റീറ്റർ വരൻ സാധ്യധയില്ലാത്തതുമായ സംരംഭമാണ് ആവിയിൽ വേവിച്ച പലഹാരങ്ങളുടെ നിർമ്മാണം. എല്ലാ ദിവസവും നിർമ്മാണവും വില്പനയും നടക്കുന്നതിനാൽ കിട്ടാക്കടം പ്രശ്നമാവില്ല. മാർക്കറ്റിംഗിനായി വലിയ മുതൽമുടക്ക് നടത്തേണ്ടാത്ത സംരഭം കൂടിയാണിത്.
നിർമ്മാണരീതി
നിർമ്മാണത്തിനായി നാടൻ രീതികൾ തന്നെയാണ് പ്രയോഗപ്പെടുത്തുന്നത്. യന്ത്രസഹായത്തോടെ ചിരവിയെടുത്ത തേങ്ങാപ്പീരയിൽ ശർക്കര ചീവിയിട്ട് അല്പം ഏലയ്‌ക്കയും ചേർത്ത് കുഴച്ചെടുക്കും. തരിയില്ലാത്ത അരിപ്പൊടിയിൽ ചൂടുവെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാവ് തയാറാക്കാം. ഇലയ്ക്കുള്ളിൽ പരത്തിയ മാവിൽ ശർക്കര പീര നിറച്ചു അടയും, ഉരുട്ടിയെടുത്ത മാവിനുള്ളിൽ ശർക്കര പീര നിറച്ചു കൊഴുക്കട്ടയും തയ്യാറാക്കാം. തുടർന്ന് സ്റ്റീമറിൽ വച്ച് ആവികയറ്റി പാകപ്പെടുത്തിയെടുക്കും.
അരിയും ഉഴുന്നും നിശ്ചിത അനുപാതത്തിൽ കുതിർത്തി വെറ്റ് ഗ്രൈൻഡറിൽ അരച്ചെടുത്തു ഇഡ്‌ഡലി മാവ് തയാറാക്കാം. ഇഡ്‌ഡലി തട്ടുകളിൽ മാവു നിറച്ചു സ്റ്റീമറിൽ പാകം ചെയ്താണ് ഇഡ്‌ഡലിയുടെ നിർമ്മാണം.
അരിമാവ് ഉപയോഗിച്ച് സ്റ്റീമറിലാണ് ഇടിയപ്പവും വട്ടയപ്പവും നിർമ്മിക്കുന്നത്. തരിയില്ലാത്ത അരിപ്പൊടിയിൽ ചൂടുവെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാവ് തയാറാക്കാം.
സാങ്കേതികവിദ്യ പരിശീലനം
കാർഷിക ഭക്ഷ്യ സംസ്കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ പരിശീലനം ലഭിക്കും. 0485-2242310
മൂലധന നിക്ഷേപം
സ്റ്റീമർ – 40,000.00
ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡർ – 40,000.00
കോക്കനട് സ്‌ക്രപർ – 4000.00
അനുബന്ധ സംവീധാനങ്ങൾ – 10,000.00
ആകെ = 94000.00
പ്രവർത്തന മൂലധനം
പ്രവർത്തന മൂലധനം = 1,00,000.00
ലൈസൻസുകൾ – സബ്‌സിഡി
ഉദ്യോഗ് ആധാർ , ഫുഡ് സേഫ്റ്റി രെജിസ്ട്രേഷൻ എന്നി ലൈസൻസുകൾ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡിയും ലഭിക്കും.