കുട്ടനാട്ടിലെ കൈനകരിയിൽ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസന പദ്ധതിക്ക് തുടക്കംകുറിച്ചു.

വാഹന സൗകര്യം ഇനിയും ലഭ്യമല്ലാത്ത വെള്ളപൊക്കത്തിന്റെ കെടുതികൾ പേറുന്ന കൈനകരിയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾ പൊതു സമൂഹം കാണാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യം തന്നെ വ്യക്തമാക്കുന്നു.

ഈ പദ്ധതിയിൽ സന്മനസ്സുള്ള ആർക്കും പങ്കാളികൾ ആവാം.

വളരെ യാദൃശ്ചികമായാണ് ഇങ്ങനെ ഒരു ആശയം ഉയർന്നു വരുന്നത്.

കൈനകരിയിലെ സി.എം.ഐ. ആശ്രമത്തിലെ ഫാദർ തോമസ് കല്ലുകുളം ആവശ്യപ്പെട്ടതനുസരിച്ച് 2019 മെയ് 13 -)൦  തിയതി ഞങ്ങൾ കൈനകരിയിലെത്തി. അവിടെയുള്ള സ്ത്രീകൾക്കായി ചില സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം നല്‌കണം എന്നാണ് ഫാദർ തോമസ് കല്ലുകുളം ആവശ്യപ്പെട്ടിരുന്നത്.

ചാവറ ജട്ടിയിൽ ബോട്ടിറങ്ങിയതുമുതൽ ഞങ്ങൾ കണ്ടത് പ്രേതീക്ഷയറ്റ ഒരു ജനവിഭാഗത്തെയാണ്. ഇപ്പോഴും വാഹന സൗകര്യം ലഭ്യമാകാത്ത ദ്വീപ്, ചാവറ ആശ്രമത്തിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള ഇലട്രിക്ക് ഓട്ടോറിക്ഷകളാണ് ആകെയുള്ള വാഹനം .പുറം ലോകവുമായി ബന്ധപ്പെടുന്നതിന് ബോട്ടുകളും വള്ളങ്ങളും മാത്രമാണ് ആശ്രയം.

200 പേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പുമായി നടത്തിയ ചർച്ചയിൽ അവർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉയർന്നുവെങ്കിലും ഒരു നാടിനോടും അവിടുത്തെ ജനങ്ങളോടും അവരുടെ അഭിമാനബോധത്തെയും വിലമതിക്കുന്നതിനാൽ അവയൊന്നും സോഷ്യൽ മീഡിയ വഴി  വെളിപ്പെടുത്തുന്നില്ല.പുറത്തുപോയി ജോലി ചെയ്യാൻ പരിമിതികളുള്ളതിനാൽ കൈനകരിക്കാർക്കാവശ്യം പ്രാദേശികമായി ആരംഭിക്കാവുന്ന ചെറുകിട  സംരംഭങ്ങളും അവയ്‌ക്കുള്ള മാർഗനിർദ്ദേശവുമാണ്.

വ്യക്തിഗതമായും, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളായും (ജെ.എൽ.ജി) തിരിച്ച് വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും, ഒപ്പം നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള തീവ്രയത്‌ന പരിപാടികളും ഈ പദ്ധതിയിൽ നടപ്പാക്കി വരുന്നു.

ഉത്തരവാദിത്വ ടൂറിസം പോലുള്ള ജനപക്ഷ ഇടപെടലുകളുടെ സാധ്യതകളും ആരായുന്നു.

വായ്‌പാ സംവിധാനം ഒരുക്കുന്നതിന് ബാങ്കുകളുടെ ഇടപെടൽ ആവശ്യമാണ്. നൈപുണ്യ വികസനത്തിലും തൊഴിൽ പരിശീലനങ്ങളിലും സ്വകാര്യ- സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ സേവനം ആവശ്യമാണ്. 2019 ജൂൺ 12 ന് ടി പദ്ധതികളുടെ ഔപചാരിക ഉത്‌ഘാടനം നടന്നു.

ജൂൺ 12 മുതൽ 14 വരെ 3 ദിവസം നീണ്ടുനിൽക്കുന്ന പ്രാഥമിക പരിശീലന പരിപാടികളും നടന്നു.

 ഗ്രാമ തീരം – നാട്ടുചന്ത (തനത് വ്യാപാരത്തിനായി ഒരിടം )

അഗ്രോപാർക്ക് ചാവറ ഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സുസ്ഥിര കൈനകരി വികസന പദ്ധതിയുടെ ഭാഗമായി 2019 ജൂലൈ 6 ശനിയാഴ്‌ച്ച ഗ്രാമതീരം  എന്ന പേരിൽ നാട്ടുചന്ത ആരംഭിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് നാട്ടുചന്തയുടെ ഉദ്ഘാടനം ശ്രീമതി : ഷീല സജീവ് (പഞ്ചായത്ത് പ്രസിഡന്റ് ) നിർവഹിച്ചു. തുടർന്ന് എല്ലാ ശനിയാഴ്‌ച്ചകളിലും 9 മണി മുതൽ 12 മണിവരെയാണ് ചന്ത പ്രവർത്തിക്കുക.

സുസ്ഥിര കൈനകരി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ ഒന്നാണ് ഗ്രാമതീരം നാട്ടുചന്ത. പ്രാദേശികമായി വ്യക്തികളും സ്വയം സഹായ സംഘങ്ങളും ആക്റ്റിവിറ്റി ഗ്രൂപ്പുകളും ഉത്പാദിപ്പിക്കുന്ന തനത് ഉത്പ്പന്നങ്ങളും പ്രാദേശികമായുള്ള വ്യാപാരികളുടെ സഹകരണത്തോടെ പഴം, പച്ചക്കറി, പലവ്യജ്ഞനങ്ങൾ കരകൗശല വസ്തുക്കൾ, സുഗന്ധവ്യജ്ഞനങ്ങൾ, മീൻ തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്രയ വിക്രയമാണ് ടി ചന്തയുടെ ലക്ഷ്യം.

പ്രാദേശികമായുള്ള ചെറുകിട സംരംഭങ്ങൾക്ക് ഉള്ള വിപണികൂടിയാണ് നാട്ടുചന്ത ലക്ഷ്യം വയ്‌ക്കുന്നത്‌. വരും കാലങ്ങളിൽ പ്രാദേശിക വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രം എന്ന  നിലയിലേക്ക് ഈ നാട്ടുചന്തയെ ഉയർത്തികൊണ്ട് വരേണ്ടതുണ്ട്. നാടിന്റെ തനത് വ്യാപാര ഇടം എന്ന  നിലയിലേക്ക് ടി പ്രസ്ഥാനത്തെ ഉയർത്തുന്നതിന്  ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു കൊള്ളുന്നു.

ഉത്തരവാദിത്വ ടൂറിസം 

ഉത്തരവാദിത്വ ടൂറിസം മിഷനുമായി ബന്ധപ്പെട്ട് കൈനകരിയിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുകയും തുടർന്ന് കൈനകരിയിൽ നിന്നുള്ള 15 സ്ത്രീകളെ ഗൈഡുമാരാക്കുന്നതിനുള്ള പരിശീലനം ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ നൽകുകയും അവർ ജോലികൾ ആരംഭിക്കുകയും ചെയ്യ്തിട്ടുണ്ട്.

ഗാർഹിക ഉല്‌പന്ന നിർമ്മാണം 

വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിവിധ ചെറുകിട ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് 6 ദിവസത്തെ പരിശീലനം നൽകി. ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന് ശ്രീമതി ജെസ്സി  ജോർജ് , ശ്രീ രഞ്ചൻ  തുടങ്ങിയവർ നേതൃത്വം നൽകി.

 

Share This