കേരളത്തിന്റെ ചെറുകിട വ്യവസായ രംഗം പുതുവർഷത്തിൽ വലീയ പ്രതീക്ഷയിലാണ്. ആക്‌സെൻഡ് കേരള 2020 നിക്ഷേപക സംഗമം വഴി വ്യക്തവും ദൃഢവുമായ സന്ദേശം സമൂഹത്തിന് നൽകുകയാണ് ഗവൺമെൻറ് .തൊഴിലവസര സബ്‌സിഡിയും 10 കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾക്കായി എം എസ് എം ഇ ഫെസിലിറ്റേഷൻ ആക്റ്റ് 2020 യാഥാർത്ഥമായി .ഉപഭോതാക്കളിലേക്കു ജില്ലാ ബോർഡിനു മുന്നിൽ ഒരു ഡിക്ലറേഷൻ ഫയൽ ചെയ്‌ത് അടുത്ത ദിവസം വ്യവസായം ആരംഭിക്കാൻ ഈ നിയമം സംരംഭകർക്ക് അവസരമൊരുക്കുന്നു . പ്രളയാനന്തര പുനർ സൃഷ്ടിയിലൂടെ നിർമ്മിക്കപ്പെടുന്ന നവ കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷവും സംരംഭക സൗഹൃദമാകും എന്നുതന്നെ കരുതാം. പുതിയ വ്യവസായ നയം കേരളത്തിന്റെ ചെറുകിട വ്യവസായ രംഗത്തിന് ഉണർവ് പകരുന്ന ഒന്നാണ് . പ്രത്യേകിച്ചും നാനോ സംരംഭങ്ങൾ വീടുകളിൽ തന്നെ ആരംഭിക്കാൻ അനുവദിക്കുന്ന നിയമം കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട ഒന്നാണ്. കുടുംബസംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കുന്നത് വഴി വീട്ടമ്മമാർക്കും പാർട്ട് ടൈം ജോലിചെയ്‌യുന്നവർക്കുമെല്ലാം വീട്ടിൽ തന്നെ ലഘു സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ വരുമാനം ആർജ്ജിക്കാൻ സാധിക്കും. നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പല ഉല്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെ വീടുകളിൽ ഉല്പാദിപ്പിക്കുന്നവയാണ്. ഇത്തരം ഉല്പന്നങ്ങൾ കേരളത്തിലെ വീടുകളിൽ ഉല്പാദിപ്പിക്കുവാൻ കഴിയുന്നത് വഴി ചെറുകിട വ്യവസായ രംഗത്ത് അതൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും.
വീട്ടിൽ ലഭ്യമായ വൈദ്യുതി ഉപയോഗിക്കുന്നത് മൂലവും വാടക അനുബന്ധ ചിലവുകൾ ഇല്ലാത്തതുമൂലം ഇത്തരം ഉൽപന്നങ്ങൾ കുറഞ്ഞ ചിലവിൽ വിപണിയിൽ ലഭ്യമാകുന്നതിനും ഈ തീരുമാനം വഴിയൊരുക്കും. കേരളത്തിലെ ഭൂരിഭാഗം വീടുകൾക്കും ഇപ്പോൾ ടെറസിനു മുകളിൽ ഷീറ്റുകൊണ്ടുള്ള റൂഫിംഗ് നടത്തിയവയാണ്.അതുകൊണ്ട് തന്നെ വീടിന്റെ ടെറസ് പ്രയോജനപ്പെടുത്തി വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയുന്നതു വഴി സംസ്ഥാനത്ത് ലക്ഷകണക്കിന് സ്‌ക്വയർ ഫീറ്റ് സ്ഥലം ചെറുകിട വ്യവസായത്തിന് സജ്ജമാവുകയുമാണ്.
5 കുതിരശക്തി വരെയുള്ള മോട്ടറുകൾ കൂടി വീടുകളിൽ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കിയതോടെ ഈ രംഗം കൂടുതൽ ആകർഷകമായി. ഇത്തരത്തിലുള്ള നിയമങ്ങൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന ഒരു ചെറുകിട സംരംഭമാണ് കായം നിർമ്മാണം .
സാധ്യതകൾ
പെരും കായം നിർമ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങൾക്കാണ്. നമ്മുടെ നാട്ടിലെ പല കന്പനികളും തമിഴ്‌നാട്ടിൽ നിന്ന് കായം വാങ്ങി സ്വന്തം ലേബൽ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികൾക്കും മസാലകൾക്കും അച്ചാർ നിർമ്മാണത്തിനും മരുന്ന് നിർമ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തിൽ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാർക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ കായം നിർമ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ സാധിക്കും. കേരളത്തിൽ ഉൽപാദകർ കുറവാണ് എന്നതുതന്നാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാൽ വളരെ പെട്ടന്ന് മറ്റൊരാൾക്ക് ആരംഭിക്കാൻ കഴിയുന്നതല്ല കായം നിർമ്മാണം. ചെറിയ മുതൽ മുടക്കും ടി വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.ശ്രീ തൊഴിലാളികളെ ഉപയോഗിച്ച് കായം നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.
മാർക്കറ്റിങ്
വിതരണക്കാരെ നിയമിച്ചുള്ള വിപണനരീതിയാണ് അഭികാമ്യം.18 മാസം വരെ സൂക്ഷിപ്പ് കാലാവധിയുള്ളതിനാൽ വിപണിയിൽ നിന്ന് തിരിച്ചെടുക്കേണ്ടുന്ന അവസ്ഥ ഉണ്ടാവുന്നില്ല. കേരളത്തിൽ നിന്നുള്ള കായപ്പൊടി എന്ന നിലയിൽ കൂടുതൽ പ്രമോട്ട് ചെയ്‌യാനും സാധിക്കും. വിതരണക്കാരെ നിയമിക്കുന്നതിനൊപ്പം വലിയ മൊത്ത വ്യാപാരികൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
`വെജിറ്റേറിയൻ റെസ്റ്റോറന്റുകളും കാറ്ററിംഗ് യൂണിറ്റുകളും വ്യാപകമാകുന്ന ഇക്കാലത്ത് ഉൽപാദകനിൽ നിന്ന് നേരിട്ട് ഇത്തരം വലിയ ഉപഭോതാക്കളിലേക്കു നേരിട്ടെത്തിക്കുന്ന രീതി കൂടുതൽ ലാഭകരവും ആകർഷീയണവുമാണ് .വെജിറ്റേറിയൻ റെസ്റ്റോറന്റുകളും കാറ്ററിംഗ് സ്ഥാപനങ്ങളും കായം പ്രതിമാസം 10 കിലോ വരെ ഉപയോഗിക്കുന്നുണ്ട് .ഇത്തരം വിപണി മാത്രം കേന്ദ്രികരിച്ചാൽ പോലും നല്ല വില്‌പന നേടാനാകും .
നിർമ്മാണരീതി
അഫ്ഗാനിസ്ഥാനിൽ വളരുന്ന അസഫോയിടറ്റഡ എന്ന ചെടിയിൽ നിന്നാണ് കായം(അസഫോയിടറ്റഡ) ഉല്പാദിപ്പിക്കുന്നത്. അസഫോയിടറ്റഡ പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൌഡർ നിർമ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതന്പിൽ നിന്നും നിർമ്മിച്ചെടുത്ത ഗോതന്പ് പൌഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തും. തുടർന്ന് പൾവെറൈസർ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ നിശ്ചിത ശതമാനം ഗോതന്പ് മാവിൽ ചേർത്ത് ബ്ലെൻഡ് ചെയ്‌ത് അരോമ നഷ്ടപ്പെടാത്ത ബോട്ടിലുകളിൽ നിറച്ച് സൂക്ഷിക്കാം. കായം കേക്ക് നിർമ്മിക്കുന്നതിന് ഗോതന്പ് പൗഡറും അറബിക് ഗം ചേർത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേർത്ത് മിക്സ് ചെയ്ത് കടുകെണ്ണ ചേർത്തുള്ള പ്രിക്രീയ കൂടി പൂർത്തീകരിച്ച് കേക്ക് രൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറിൽ പായ്‌ക്ക് ചെയ്‌തതിനു ശേഷം മാർക്കറ്റിൽ എത്തിക്കും.
മൂലധന നിക്ഷേപം
പൾവെറൈസർ = 40,000.00
ബ്ലൻഡർ = 40,000.00
അനുബന്ധ സംവിധാനങ്ങൾ, പാത്രങ്ങൾ, കവർ = 25,000.00
ആകെ = 1,05,000.00
പ്രവർത്തന വരവ് – ചിലവ് കണക്ക്
(പ്രതിദിനം 50 kg കായം പൌഡർ നിർമ്മിച്ച് വിതരണം നടത്തുന്നതിനുള്ള ചിലവ് )
അസഫോയിടറ്റഡ = 17,500.00
ഗോതന്പ് പൌഡർ = 2,000.00
ജീവനക്കാരുടെ വേതനം = 1,000.00
പായ്‌ക്കിംഗ് കണ്ടെയ്‌നറുകൾ, ലേബൽ തുടങ്ങിയവ = 2,500.00
വൈദ്യുതി ചാർജ്, അനുബന്ധ ചിലവുകൾ = 1,000.00
പലവക = 1,000.00
ആകെ = 25,000.00
വരവ്
(50 kg കായം പൌഡർ 100g വീതമുള്ള 500 കണ്ടെയ്‌നറുകളിൽ നിറച്ച് വില്‌പന നടത്തുന്പോൾ ലഭിക്കുന്നത്)
100g കായപ്പൊടി MRP = 145.00
വില്പനക്കാരുടെ കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 105.00
500* 105 = 52,500.00
ലാഭം
52,500.00 – 25,000.00 = 27,500.00
സാങ്കേതികവിദ്യ പരിശീലനം
കായം പൗഡറും കായം കേക്കും നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും . 0485-2242310
ലൈസൻസ് , സബ്‌സിഡി
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ്, ഉദ്യോഗ് ആധാർ, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.