കേരളത്തിൽ നിർമ്മാണ മേഖല കുതിപ്പിലാണ്. അത്കൊണ്ടുതന്നെ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾക്ക് ഈ രംഗത്ത് വലിയ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. കുറഞ്ഞ മുതൽ മുടക്ക്കിൽ ആരംഭിക്കാവുന്ന ധാരാളം ആവശ്യമുള്ള ഒരു ഉല്പന്നമാണ് സോൾവെന്റ് സിമെന്റ്. കെട്ടിട നിർമ്മാണ രംഗത്തെ പ്ലംബിം, വയറിംഗ് എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണ് സോൾവെന്റ് സിമെന്റ് ഉപയോഗിക്കുന്നത്. പി.വി.സി, സി.പി.വി.സി തുടങ്ങിയ പൈപ്പുകളുടെ കൂട്ടിച്ചേർക്കലുകൾക്കാണ് പ്രധാനമായും സോൾവെന്റ് സിമെന്റ് ഉപയോഗം. സോൾവെന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കളെല്ലാം പെട്രോളിയം അധിഷ്‌ഠിത രാസ മിശ്രിതങ്ങളാണ്. പ്രധാനമായും നാം മനസ്സിലാക്കേണ്ടത് സോൾവെന്റ് ഒരു പശയല്ല. മറിച്ച് കൂട്ടികൂട്ടിച്ചേർക്കുന്ന ഭാഗത്തെ പൈപ്പിനെ ഉരുക്കി തമ്മിൽ ഒട്ടിച്ചേർത്ത് ബലവത്താകുന്നതിനു സഹായിക്കുകയാണ് സോൾവെന്റ് സിമെന്റ് ചെയ്‌യുന്നത്. വിവിധ സോൾവെന്റ് സിമന്റുകളുടെ ക്യൂറിങ് പീരീഡ് വ്യത്യസ്തമായിരിക്കും. രാസ സംയുക്തങ്ങളുടെ മിശ്രണത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം.
സോൾവെന്റ് സിമന്റ് നിർമ്മാണത്തിൽ ബ്രാൻഡിന് വലിയ പ്രാധാന്യം ഇല്ല. കോടികളുടെ വീട് നിർമ്മിക്കുന്ന ആൾപോലും ഉപയോഗിക്കുന്ന സോൾവെന്റ് ഏത് കന്പനിയുടേതാണെന്ന് അന്വേഷിക്കാറില്ല. ഇവിടെ ഗുണമേന്മകൊണ്ടുമാത്രം ചെറുകിടക്കാർക്ക് വിപണി പിടിച്ചെടുക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ക്യൂറിങ് നടക്കുന്ന സോൾവെന്റുകളോടായിരിക്കും പ്ലംബർമാർക്ക് കൂടുതൽ താല്പര്യം നിലവിൽ 8 സെക്കൻഡിൽ വരെ ക്യൂറിങ് നടക്കുന്ന സോൾവെന്റുകൾ ലഭ്യമാണ് .
സാധ്യതകൾ
പ്ലംബിംഗ് മേഖലയിൽ നിരന്തരം ഉപയോഗപ്പെടുത്തുന്ന ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് സിമെന്റിന്റെ സാധ്യതകൾ അനന്തമാണ്. കുടിവെള്ള പൈപ്പുലൈനുകൾ, കുഴൽ കിണർ, കാർഷിക ആവശ്യത്തിനുള്ള പൈപ്പുലൈനുകൾ ചൂടുവെള്ളം വഹിക്കുന്ന പൈപ്പ് ലൈനുകൾ എന്നിവയുടെ എല്ലാം കൂട്ടിച്ചേർക്കലുകൾക്ക് സിമന്റ് സോൾവെന്റ് അവിഭാജ്യ ഘടകമാണ്. ബ്രാൻഡ് മാർക്കറ്റിങ് ആവശ്യമില്ല എന്നതും അനുകൂല ഘടകമാണ് .കൂടാതെ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ് . കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്നതും ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതുമായ ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് നിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായമാണ് . മലിനീകരണമില്ലാത്തതിനാൽ വീടിനോട് ചേർന്ന് യൂണിറ്റ് ആരംഭിക്കാം. തുടക്കത്തിൽ കുടുംബ സംരംഭം ആയി ആരംഭിക്കുന്നതായിരിക്കും ഉത്തമം. പിന്നീട് വലിയ ആകാശങ്ങളിലേക്ക് മുന്നേറാം.
മാർക്കറ്റിങ്
സോൾവെന്റ് സിമിന്റ് പ്രധാനമായും മാർക്കറ്റ് ചെയ്‌യുന്നത് ഹാർഡ് വെയർ ഷോപ്പുകൾ വഴിയാണ്. നിർമ്മാണ സാമഗ്രികൾ വിറ്റഴിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ചെറുഗ്രാമങ്ങളിൽ പോലും മിനിമം 4 എണ്ണം ഉണ്ടായിരിക്കും. കുടുംബ സംരംഭം എന്ന നിലയിൽ ഉല്പാദന ചിലവുകൾ പരമാവധി കുറച്ച് കൂടുതൽ കമ്മീഷൻ നൽകി വില്പനക്കാരെയും വിതരണക്കാരെയും നിയമിച്ച് മാർക്കറ്റ് കണ്ടെത്താൻ സാധിക്കും. പ്ലംബർമാർക്കായി ഉപഭോഗത്തിന് അനുസരിച്ച് ഒരു സമ്മാനപദ്ധതി ആവിഷ്കരിക്കുന്നതും വിൽപ്പനയെ സഹായിക്കും. എല്ലാത്തിനുമൊപ്പം ഗുണമേന്മ നിലനിർത്താൻ ശ്രദ്ധിക്കുകയും വേണം. കൂടുതൽ ഉപഭോഗമുള്ള ഫ്ലാറ്റ് നിർമ്മാതാക്കൾ ഡ്രിപ് ഇറിഗേഷൻ, കുഴൽ കിണർ നിർമ്മാതാക്കൾ തുടങ്ങിയ വലിയ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് കമ്മീഷനുകൾ ഒഴിവാക്കി നൽകുന്ന മോഡലും കൂടുതൽ ഫലം ചെയ്‌യും. ഓൺലൈൻ സാന്നിദ്ധ്യമായി ഒരു വെബ്‌സൈറ്റും തയാറാക്കുന്നത് മാർക്കറിംഗിനെ സഹായിക്കും.
സാങ്കേതികവിദ്യ
സിമിന്റ് സോൾവെന്റ് നിർമ്മാണത്തിന് ആവശ്യമായ രാസ സംയുക്തം നിർമ്മിക്കുന്നതിന് സാങ്കേതിക പരിശീലനം ആവശ്യമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളെ നിശ്ചിത അളവിൽ കൂട്ടി ചേർക്കുന്നതിനും ഗുണമേന്മ നിലനിർത്തുന്നതിനും ഈ പരിശീലനം സംരംഭകരെ സഹായിക്കും. സിമിന്റ് സോൾവെന്റ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക – ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ നിന്നും ലഭ്യമാണ്.
ഫോൺ : 0485-2242310
നിർമ്മാണ രീതി
പെട്രോളിയം ഉപഉല്പന്നങ്ങളായ ടോളിൻ അസറ്റോൺ, പി.വി.സി. റെസിൻ, സൈക്ലോഹെക്സനൈൻ എന്നിവയും അനുബന്ധ ഉത്പന്നങ്ങളും നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് സോൾവെന്റ് സിമന്റ് നിർമ്മിക്കുന്നത്. ഇതിനായി ചെറിയ തോതിലുള്ള മിക്‌സിംഗ് ടാങ്കും, പബിംഗ് യൂണിറ്റും ആണ് ഉപയോഗിക്കുന്നത്. തുടർന്ന് ഉൽപ്പന്നത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. തുടർന്ന് ഫില്ലിംഗ് ടാങ്കിലേക്ക് മാറ്റി സ്റ്റീൽ കണ്ടെയ്‌നറുകളിൽ നിറക്കുന്നു. ബ്രാന്റ് നെയിമും അനുബന്ധ വിവരങ്ങളും പ്രിന്റ് ചെയ് ത കണ്ടെയ് നറുകൾ സപ്ലൈ ചെയ്‌യുന്ന യൂണിറ്റുകൾ ഇന്ന് നിലവിലുണ്ട്. പ്ലെയിൻ കണ്ടെയ്‌നറുകൾ വാങ്ങി ലേബൽ പതിപ്പിക്കുകയുമാകാം. രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെങ്കിലും തൊഴിലാളികളിൽ അലർജിയോ മറ്റ് സൈഡ് എഫക്ട്കളോ ഒന്നും തന്നെയില്ല.
മൂലധന നിക്ഷേപം
1. മിക്‌സിംഗ് ടാങ്ക് : 1,25,000.00
2. ഫില്ലിംഗ് യൂണിറ്റ് : 1,00,000.00
3. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ : 25,000.00
ആകെ =2,50,000.00
വരവ് -ചിലവ് കണക്ക്
ചിലവ്:
(ഒരു ദിവസം 50 ലിറ്റർ സോൾവെന്റ് സിമന്റ് ഉൽപാദിപ്പിച്ച് 50 മി.ല്ലി വീതമുള്ള 1000 ക്യാനുകൾ നിറയ്‌ക്കുന്നതിനുള്ള ചിലവ്)
1. അസംസ്‌കൃത വസ്തുക്കൾ 50 x 35.00 =1750.00
2. പായ്‌ക്കിംഗ് മെറ്റീരിയൽസ് 1000 x 11.00 =11,000.00
3. മാർക്കറ്റിംഗ് &വിതരണ ചിലവുകൾ 1000 x 2.00 =2000.00
4. ഭരണ ചിലവുകൾ 1*500=500.00
5. തൊഴിലാളികളുടെ വേതനം 2*500=1000.00
6. ഇലക്ട്രിസിറ്റി ചാർജ് =30
ആകെ ചിലവ്=16,280.00
വരവ്
(50 മി.ല്ലി വീതമുള്ള 1000 ക്യാനുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
50 മി.ല്ലി MRP = 57.00
42% കമ്മീഷൻ കിഴിച്ച് ഉദ്‌പാദകന് ലഭിക്കുന്നത് =33.00
1000*33=33,000.00
ലാഭം:
വരവ് =33,000.00
ചിലവ്=16,280.00
ലാഭം =16720
250 സ്‌ക്വയർഫീറ്റ് ഏരിയ കെട്ടിട സൗകര്യം സിംഗിൾ ഫേസ് ഇലക്ര്ടിസിറ്റി കണക്ഷനുമാണ് ഈ വ്യവസായത്തിന് ആവശ്യം.വ്യവസായ വകുപ്പിൽ നിന്നുള്ള ലൈസൻസും, സെയിൽസ് ടാക്സ് രജിസ്ട്രേഷനും,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസും സംരംഭകൻ നേടണം. മൂലധന നിക്ഷേപത്തിന് 30% സബ്‌സിഡിയും ലഭിക്കും