പൈനാപ്പിൾ സംസ്‌കരണം 

കേരളത്തിന്റെ ചെറുകിട വ്യവസായരംഗത്ത് കാലങ്ങളായി നിലനിൽക്കുന്നതും വിപണിയിൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നതുമായ ഒരുല്പന്നമാണ് പൈനാപ്പിൾ ജാം. തീരപ്രദേശങ്ങളിൽ ഒഴികെ കേരളത്തിൽ എല്ലായിടത്തും തന്നെ കൈതച്ചക്ക എന്ന നാടൻ പേരിൽ അറിയപ്പെടുന്ന പൈനാപ്പിൾ കാണപ്പെടുന്നുണ്ട്. വാഴക്കുളം പൈനാപ്പിൾ രാജ്യത്തിൻറെ നാനാഭാഗത്തേക്കും വിദേശത്തേക്കും കയറ്റി അയക്കപെടുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പൈനാപ്പിൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. റീ പ്ലാന്റ് ചെയ്‌ത റബ്ബർ  തോട്ടങ്ങളിലെല്ലാം റബർ  തൈകളോടൊപ്പം പൈനാപ്പിൾ  ചെടികളും കൃഷി ചെയ്‌യുന്നുണ്ട്. റബ്ബർ കർഷകരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് പൈനാപ്പിൾ കൃഷി ചെയ്‌യുകയും  ഒപ്പം റബ്ബർ തൈകൾ നട്ട്  വളർത്തി നൽകുകയും ചെയുന്നതാണ് ഈ രീതി. അതോടൊപ്പം പാട്ടമായി മോശമല്ലാത്ത ഒരു തുക റബ്ബർ കർഷകന് ലഭിക്കുകയും ചെയ്‌യും.

പൈനാപ്പിൾ പാരന്പര്യ ഇനമായ കന്നാരക്കാണ് രുചിയും ഗുണമേന്മയും കൂടുതൽ. വൻതോതിലുള്ള കൃഷിയിൽ കൂടുതൽ തൂക്കം ലഭിക്കുന്ന ഹൈബ്രിഡ് വെറൈറ്റികളും ഉപയോഗിക്കുന്നുണ്ട്. 

കേരളത്തിൽ സുലഭമായി ലഭിക്കുന്ന പൈനാപ്പിൾ ഉപയോഗിച്ച് നിർമ്മിക്കാവുന്നതും ലോകത്തു ആകമാനം ഇന്ത്യയിൽ പൊതുവെയും വിപണിയിലുള്ള ഉല്പന്നമാണ് പൈനാപ്പിൾ ജാം. 

സാധ്യതകൾ 

അസംസ്‌കൃത വസ്‌തുക്കൾ സുലഭമായി ലഭിക്കുന്നു എന്നുള്ളതാണ് ഈ വ്യവസായത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ സാധ്യത. കൂടാതെ പൈനാപ്പിളിന്റെ രുചി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്നതും, ഉപയോഗിക്കുന്നതും മറ്റൊരു സാധ്യതയാണ്. നിലവിൽ വിപണിയിൽ ലഭിക്കുന്ന 80% ബ്രാൻഡുകളുടെയും ക്വാളിറ്റി വളരെ മോശമാണ് . വിലകുറച്ച് വില്പനക്കാർക്ക് നൽകുന്നതിനുവേണ്ടി പൈനാപ്പിളിന്റെ അളവ് കുറയ്‌ക്കുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയുന്നു. ആവശ്യമുള്ള അളവിൽ പൈനാപ്പിൾ പൾപ്പ്  ചേർത്ത് നിർമ്മിച്ച്  നൽകുന്ന ജാമുകൾക്ക് വലിയ ഡിമാൻഡ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വീടുകളിൽ വിവിധ ഉപയോഗത്തിനൊപ്പം വ്യവസായിക ഭക്ഷ്യ നിർമ്മാണത്തിൽ അസംസ്‌കൃത വസ്‌തുവായും പൈനാപ്പിൾ ജാം ഉപയോഗിക്കുന്നുണ്ട്. പൈനാപ്പിൾ ലഭ്യമല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്താനുള്ള സാധ്യതയും ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. വിപണിയിൽ  വിലകുറയുന്ന സമയം നോക്കിയും വലുപ്പം കുറഞ്ഞ പൈനാപ്പിൾ വാങ്ങിയും പൾപ്പാക്കി സൂക്ഷിച്ച് ഈ വ്യവസായം ലാഭകരമാക്കാം.

നിർമ്മാണരീതി 

പൈനാപ്പിളിന്റെ പുറം തൊലി നീക്കം ചെയ്‌തശേഷം പൾപ്പാക്കി മാറ്റുന്നു. ടി പൾപ്പ് നിശ്ചിത അളവിൽ പഞ്ചസാരയുമായി ചേർത്ത് സ്റ്റീം കെറ്റിലിൽ ഉരുക്കി വറ്റിച്ച് പെക്കിനും, സിട്രിക് ആസിഡും ചേർത്ത്  നിശ്ചിത സമയത്തിനുശേഷം  ചെറിയ കപ്പുകളിലോ, ആവശ്യാനുസരണം ജാറുകളിലോ പകർന്ന് ഇൻഡക്ഷൻ ഫോയിൽ സീലിംഗ് നടത്തി സൂക്ഷിക്കാം. മൂന്ന് സ്‍ത്രീ തൊഴിലാളികളെ ഉപയോഗിച്ച് ടി യൂണിറ്റ് നടത്തിക്കൊണ്ട് പോകാം. നിർമ്മാണത്തിനും മറ്റും വലിയ സാങ്കേതിക വിദ്യകൾ  ആവശ്യമില്ലാത്തതും കുറഞ്ഞ മുതൽ മുടക്കും പൈനാപ്പിൾ ജാം നിർമ്മാണം ആകർഷകമാകുന്നു.

പായ്‌ക്കിംഗ് 

ചെറിയ പായ്‌ക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റഴിയുന്നത്.  100 ഗ്രാം, 200 ഗ്രാം  കപ്പുകൾ വലുപ്പമുള്ള ഡിസൈനുകൾ നോക്കി വാങ്ങാൻ കഴിയും. കപ്പുകളെ ബാർകോഡ് അടക്കമുള്ള ലേബലുകൾ  പതിച്ച് ആകർഷകമായ പായ്‌ക്കുകളിൽ നൽകണം. പേപ്പർ ലേബൽ ഒഴിവാക്കി പ്ലാസ്റ്റിക് ലേബലുകൾ ഉപയോഗിക്കാം. അതോടൊപ്പം കപ്പിൽ തന്നെ പ്രിന്റിംഗ് നടത്തുന്ന രീതിയും നിലവിലുണ്ട്. 500 ഗ്രാം മുതൽ 5 കിലോ വരെയുള്ള പായ്‌ക്കുകൾക്ക് വിപണിയുണ്ട് . ഇത്തരം പായ്‌ക്കുകൾക്കായി ജാറുകൾ ലഭിക്കുന്നതാണ്. ടി  പായ്‌ക്കുകൾക്ക് പേപ്പർ ലേബൽ മതിയാകും. 35 കിലോ 50 കിലോ ജാറുകളിലാണ് വ്യവസായിക ആവശ്യങ്ങൾക്ക് നൽകുന്നത്. പായ്‌ക്കിംഗുകളോടപ്പം തന്നെ ഗുണമേന്മയ്‌ക്കും പ്രാധാന്യം നൽകണം.

മാർക്കറ്റിങ് 

പൈനാപ്പിൾ ജാം കേരളത്തിലും മറ്റും സംസ്ഥാനങ്ങളിലും എല്ലാ ഷോപ്പുകളിലും എത്തിക്കുന്നതിന് നല്ല മാർഗ്ഗം ഡിസ്‌ട്രിബ്യുട്ടർമാർക്ക്  നൽകുന്നതാണ് .  കമ്മീഷൻ കൂടുതൽ നൽകിയാലും സംരംഭകന് ഉൽപാദനത്തിൽ ശ്രദ്ധ പതിപ്പ്പിക്കുന്നതിന് സാധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ സംസ്ഥാനതലത്തിൽ വിതരണക്കാരെ നിയമിക്കുകയും റെയിൽവേ പാഴ്‌സൽ സംവിധാനങ്ങൾ വഴി ഉൽപന്നങ്ങൾ എത്തിച്ച് നൽകുകയും ചെയ്‌യാം. വിവിധ മേളകളിലുള്ള സ്റ്റാളുകൾ പരസ്യത്തിനും മാർക്കറ്റിങ്ങിനുമായി പ്രയോജനപ്പെടുത്താം. പൈനാപ്പിൾ ജാം ഒരു പുതിയ ഉല്പന്നമല്ല.  അതുകൊണ്ട് തന്നെ വലിയ മാർക്കറ്റിങ്ങിന്റെ ആവശ്യമില്ല. ഗുണമേന്മ ഉറപ്പാക്കുകയും ,വിതരണക്കാരെ കണ്ടെത്തുകയും ചെയുക എന്നുള്ളതാണ് പ്രധാനം.

പരിശീലനം 

പൈനാപ്പിൾ ജാം വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ശാസ്‌ത്രീയ പരീശീലനം അനിവാര്യമാണ്. അസംസ്‌കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, കോഡിനേഷൻ, ഷെൽഫ് ലൈഫ്, പായ്‍ക്കിംഗ് തുടങ്ങി നിർമ്മാണത്തിന്റെ എല്ലാ മേഖലകളിലേക്കും ശാസ്‌ത്രീയ രീതികൾ പിന്തുടരുന്നതിന് പരീശീലനം സഹായകമാകും. കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്കായുള്ള ഇൻകുബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ജാം നിർമ്മാണത്തിൽ ശാസ്‌ത്രീയ പരീശീലനം നൽകുന്നുണ്ട് . ഫോൺ :0485 -2242310 

ട്രയൽ പ്രൊഡക്ഷൻ 

സ്വന്തമായി വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിനുമുന്പ്  ഉൽപന്നം നിർമ്മിച്ച് വിപണിയിലിറക്കുന്നതിന് അഗ്രോപാർക്കിന്റെ തന്നെ ട്രയൽ പ്രൊഡക്ഷൻ സംവിധാനം ഉപകരിക്കും . വലിയ തുക വ്യവസായത്തിനായി ചിലവഴിക്കുന്നതിന്‌ മുൻപ് ഉല്പന്നത്തിനു വിപണിയുണ്ടോ, പായ്‍ക്കിംഗ് ഉപഭോക്ത സൗഹൃദമാണോ, കമ്മീഷനുകൾ മതിയാവുന്ന തരത്തിലാണോ, മാർക്കറ്റിൽ മത്സരം എത്രത്തോളമുണ്ട് , എങ്ങനെ അതിജീവിക്കാൻ കഴിയും തുടങ്ങിയവയെ  സംബന്ധിച്ച് പഠനം നടത്തുന്നതിനായി വ്യവസായിക ഉൽപാദനം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്വന്തം ബ്രാൻഡിൽ ഉൽപന്നം വിപണിയിലെത്തിക്കാൻ ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി സംരംഭകനെ സഹായിക്കും. വിപണിയിൽ നിന്നും ഓർഡറുകൾ നേടിയതിനുശേഷം വലിയ ഇൻവെസ്റ്റ്മെന്റ് നടത്തിയാൽ മതിയാകും.

 മൂലധന നിക്ഷേപം 

1. മെഷിനറികൾ

(സ്റ്റീം കെറ്റിൽ,പൾപ്പർ,ജ്യുസർ,ഇൻഡക്ഷൻ ഡീലർ)                    – 5,00,000 .00 

2. പാത്രങ്ങൾ ,ടേബിളുകൾ,അനുബന്ധ ഉപകരണങ്ങൾ              – 25,000 .00 

3. പ്രവർത്തനമൂലധനം                                                              – 50,000 .00 

ആകെ                                                                                     – 5,75,000 .00 

പ്രവർത്തന ചിലവുകൾ 

(പൈനാപ്പിൾ ജാം ഒരു ബാച്ച് നിർമ്മിക്കുന്നതിനുള്ള വരവ് – ചിലവ് കണക്ക് )

ചിലവ് 

1. അസംസ്‌കൃത വസ്‌തുക്കൾ 

          (പൾപ്പ് ,പഞ്ചസാര , പെക്കിൻ ,സിട്രിക് ആസിഡ് മുതലായവ )          – 7100.00          

2. കപ്പ് +ലിഡ് +ഫോയിൽ                                                                         – 5520 .00 

3. തൊഴിലാളികളുടെ വേതനം                                                                 – 2300 .00 

4. വൈദ്യുതി  + ഭരണചിലവുകൾ +അനുബന്ധ ചിലവുകൾ                     – 300 .00 

5. ലേബർ +പായ്‍ക്കിംഗ്                                                                             – 1000.00 

                               ആകെ                                                                        – 16 ,220 .00 

(ഒരു ബാച്ചിൽ നിന്നും 100 ഗ്രാം വീതമുള്ള 2300 എണ്ണം പായ്‌ക്ക്  ചെയ്‌യാൻ  സാധിക്കും )

100 ഗ്രാം ഒരു കപ്പിന് ചിലവാക്കുന്ന തുക 16220 / 2300           = 7.05 

വരവ് 

100 ഗ്രാം കപ്പിന്റെ      MRP                                        = 24.00 

വിതരണക്കാരുടെ കമ്മീഷൻ കിഴിച്ച്‌ സംരംഭകന് ലഭിക്കുന്ന തുക      = 14.00 

ഒരു കപ്പിൽ ലഭിക്കുന്ന ലാഭം 14.00 – 7.05                    = 6 .95 

ഒരു ബാച്ചിൽ ലഭിക്കുന്ന  ലാഭം 2300 * 6 .95                         = 15,985 .00 

ലൈസൻസുകൾ, സബ്സിഡി 

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ, ഉദ്യോഗ് ആധാർ , അളവ് തൂക്ക വിഭാഗത്തിന്റെ ലൈസൻസ് എന്നിവ നേടിയിരിക്കണം. സംസ്ഥാന വ്യവസായ വകുപ്പിന്റെ 30 % സബ് സിഡി ലഭിക്കുന്നതാണ് 

Projects

Share This