കേരളത്തിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള ഒരു വ്യവസായ രംഗമാണ് കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണം. വിദേശ രാജ്യങ്ങൾ ഈ രംഗത്ത് കുതിച്ചുചാട്ടം തന്നെ നടത്തി കഴിഞ്ഞു. കേരളത്തിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവാണ്. ഒരു വർഷം ഒരു വിളക്ക് കൂടുതൽ വില ലഭിച്ചാൽ തുടർന്നുള്ള മൂന്നുവർഷങ്ങളിൽ വിലനിലവാരം ഉല്പാദന ചിലവിനേക്കാൾ താഴെ ആയിരിക്കും. ഈ പ്രതിഭാസത്തിനു പ്രധാനമായും രണ്ട കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഒരു വിളക്ക് വില വിലക്കൂടുതൽ ലഭിക്കുന്നത് കണ്ടാൽ അടുത്ത വർഷം കൂടുതൽ കർഷകർ ടി കൃഷിയിലേക്ക് തിരിയുകയും ആവശ്യത്തിലത്തികം വില മാർക്കറ്റിലേക്ക് എത്തുകയും ചെയ്‌യും. ഉദാ. ഏത്തവാഴ കൃഷി.കഴിഞ്ഞ വർഷം ഏത്തവാഴക്ക് കിലോക്ക് 50 രൂപ വരെ വില കിട്ടിയപ്പോൾ ഈ വർഷം കിലോക്ക് 13 രൂപയാണ്. രണ്ടാമത്തെ കാരണം കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ച മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കപ്പെടാതെ വിളകൾ അതെ രൂപത്തിൽ തന്നെ ഉപയോഗിന്നു എന്നുള്ളതാണ്. കാർഷിക വിളകളെ മൂല്യവർധിത ഉത്പന്നങ്ങൾ അയി മാറ്റിയെടുക്കുന്നതിലൂടെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കും. അടുത്ത കാലത്തായി കേരളത്തിൽ തേങ്ങാ യുടെ വില വർദ്ധനവിലുണ്ടായ പ്രധാന കാരണം കർണാടകയിലും തമിഴ്നാട്ടിലുമുള്ള സംസ്കരണ യൂണിറ്റുകൾ ധാരാളമായി തേങ്ങാ വാങ്ങിയതിനാലാണ്.
കാർഷിക ഉത്പന്നങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു അവലംഭിക്കപ്പെട്ടിട്ടുള്ള ഒരു രീതിയായി ഡ്രൈ പ്രോസസ്സിംഗ്. കേരളത്തിൽ എല്ലായിടത്തും സുലഭമായി ആവശ്യക്കാർ ഏറെയുള്ളതുമായ ചക്ക, കപ്പ, പാവയ്‌ക്ക, കൊണ്ടാട്ടം മുളക്, ഏത്തപ്പഴം, മൽസ്യങ്ങൾ നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നമായ കോകോനട്ട് ചിപ്സ്, പൈനാപ്പിൾ, പയർ വർഗ്ഗങ്ങൾ തുടങ്ങിയവ എല്ലാം സംസ്കരിക്കാൻ സാധിക്കും.
സാധ്യതകൾ
ആരോഗ്യ സംരക്ഷണ രംഗത്ത് ജനങ്ങളുടെ ഇടയിലുണ്ടായ അവബോധം ഈ വ്യവസായത്തിന് വളരെ ഗുണകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് . എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളേക്കാൾ ഡ്രൈ പ്രോസസ്സിങ്ങിലൂടെ സംസ്കരിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി മൂല്യം ഏറെയാണ്. കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ജാക്ക് ഫ്രൂട്ടും കപ്പയും എത്തപ്പഴവും സംസ്കരിച്ചു ഡ്രൈ ഉല്‌പന്നങ്ങളാക്കി സുഗമമായി മാർക്കറ്റ് ചെയ്‌യുവാൻ സാധിക്കും. ഡ്രൈ ചെയ്‌ത കപ്പയും ഏത്തപ്പഴവും സംസ്കരിച്ച് ഡ്രൈ ഉല്പന്നങ്ങളാക്കി സുഗമായി മാർക്കറ്റ് ചെയ്‌യുവാൻ സാധിക്കും. ഡ്രൈ ചെയ്‌ത് കപ്പയും ജാക്ക് ഫ്രൂട്ടും സൂപ്പർ മാർക്കറ്റിലും സ്റ്റാർ ഹോട്ടലിലും മാളുകളിലും വരെ വൻ സ്വീകാര്യതയാണ്. ഏത്തപ്പഴം സംസ്കരിച്ചു ബനാന ഫിഗ്ഗാക്കി മാറുന്പോൾ കേരളത്തിലെ മാർക്കറ്റിനൊപ്പം ഉത്തരേന്ത്യൻ വിപണിയിലും വിദേശ വിപണിയിലും ലക്‌ഷ്യം വെക്കാൻ കഴിയും. പാവയ്ക്ക അരിഞ്ഞു ഡ്രൈ ചെയ്‌തെടുത്താൽ എല്ലാവരും ഇഷ്ടപെടുന്ന കൊണ്ടാട്ടമായി. പച്ചമീൻ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും ഉണക്കമീനിന്റെ വിപണി വൻ സാധ്യതയായി നിലനിൽക്കുന്നു. നിലവിൽ ലഭിക്കുന്ന ഉണക്കമീനുകളിൽ ശാസ്ത്രീയമായി സംസ്കരിക്കപ്പെട്ടവ 25% ത്തിൽ താഴെയാണ്. ഡ്രൈ പ്രോസസ്സിങ്ങിലൂടെ ഗുണമേന്മ നില നിർത്തിയുള്ള ഉത്പാദനം ഈ രംഗത്തും സാധ്യമാകും.
സാങ്കേതിക വിദ്യ
വിവിധ ഉത്പന്നങ്ങൾക്ക് വ്യത്യസ്തതരത്തിലുള്ള സംസ്കരണ രീതികളാണ് അവലംബിക്കേണ്ടത്. സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം തിരുവനന്തപുരം, ബനാന റിസേർച് സ്റ്റേഷൻ തിരുച്ചിറപ്പിള്ളി, എന്നിവിടങ്ങളിൽ വിവിധ സംസ്‌കരണ രീതികളുടെ സാങ്കേതിക വിദ്യകൾ ലഭ്യമാണ്. സംരംഭകൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാങ്കേതിക വിദ്യകളിൽ പലതും ലാബ് വേർഷൻ ആയിരിക്കും. ഉത്പന്നം നിർമിച്ച് വിപണിയിലിറങ്ങുന്പോൾ ആയിരിക്കും യഥാർത്ഥ വെല്ലുവിളികൾ നേരിടേണ്ടി വരിക. ഇത്തരം പ്രശ്നങ്ങളെ ഏതെങ്കിലും കാർഷിക – ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്കുമുള്ള ഇൻക്യൂബേഷൻ സെന്ററുകളുടെ സഹായം തേടുന്നതും നല്ലതായിരിക്കും.
മാർക്കറ്റിംഗ്
ഗുണമേന്മ നിലനിർത്തി ശാസ്ത്രീയമായി തയാറാക്കുന്ന ഉത്പന്നങ്ങൾ വിപണി സ്വീകാര്യതയുണ്ട്. ആദ്യഘട്ടത്തിൽ സംരംഭകൻ നേരിട്ട് മാർക്കറ്റ് ചെയ്‌യുന്ന രീതിയാണ് ഉത്തമം. ഇതിലൂടെ ഉയർന്ന മാർജിൻ വില്പനകാർക്ക് നൽകുന്നതിനും വില്പനകേന്ദ്രങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ നേരിട്ടറിയുന്നതിനും സാധിക്കും. ഉല്പാദനപ്രക്രിയയിലോ രുചിയിലോ ഗുണമേന്മയിലോ അളവിലോ വിളനിലവാരത്തിലോ, പരിഷ്‌കാരം വേണമോ എന്ന് തീരുമാനിക്കുന്നതിലും സംരംഭകന് അവസരം ലഭിക്കും. കൂടാതെ ഡ്രൈ ഉത്പന്നങ്ങളെ മൊത്തമായി വാങ്ങുന്ന കന്പനികളും നിലവിലുണ്ട്. ഇത്തരം കന്പനികളുമായി ദീർഘ കാലം കരാറുകൾ ഉണ്ടാക്കുന്നതും വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനെ സഹായിക്കും. റെഡി ടു യൂസ് ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കന്പനികൾ അസംസ്കൃത വസ്തുക്കൾ ആയും ഡ്രൈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മുന്നിലുള്ള സാദ്ധ്യതകൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്താൽ വളരെ സുഗമമായും ലാഭകരമായും നടത്തിക്കൊണ്ടു പോകാവുന്ന ഒരു വ്യവസായമാണ് ഡ്രൈ പ്രോസസ്സിംഗ് .
ഉത്പന്നങ്ങളുടെ പായ്‌ക്കിംഗ്
ഡ്രൈ പ്രോസസ്സിങ്ങിലും ഡ്രൈ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗിലും വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് ഉത്പന്നങ്ങളുടെ പായ്‌ക്കിംഗ്. ഡ്രൈ ചെയ്ത് ഉത്പന്നങ്ങൾ സൂക്ഷിച്ചു വെക്കുന്നത് ഈർപ്പം കയറാതെ കണ്ടെയ്നറുകളിലാവാണം. ചില്ലറ വിൽപനക്കായി പായ്ക്കിങ്ങുകൾ തിരഞ്ഞെടുക്കുന്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. മൾട്ടി ലയർ മെറ്റലൈസ്‌ഡ് കവറുകളോ ഈർപ്പത്തെ ചെറുക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളോ വേണം തിരഞ്ഞെടുക്കാൻ. പായ്‌ക്കിംഗ് സമയത്തു വാക്വം ചെയ്ത് അന്തരീക്ഷവായു നീക്കം ചെയ്‌യുകയും വേണം. ആവശ്യമെങ്കിൽ പ്യൂരിറ്റിയുള്ള നൈട്രജൻ നിറക്കാം. യഥാവിധി ഡ്രൈ ഉത്പന്നങ്ങൾ പായ്ക് ചെയ്‌യാതിരുന്നാൽ പൂപ്പൽ ബാധയുണ്ടാകുന്നതിനു കാരണമാകും.
ഈ ലേഖനത്തിൽ പ്രദിപാദിച്ചിരിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും സാന്പത്തിക വിശകലനം ചേർക്കാൻ സാധിക്കില്ല. ഉദാഹരണമായി കപ്പ സംസ്‌കാരണത്തിന്റെ സാന്പത്തിക വിശകലനം ഇതോടൊപ്പം ചേർക്കുന്നു.
കപ്പസംസ്കരണം
നമ്മുടെ നാട്ടിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന കാർഷിക ഉല്പന്നമാണ് കപ്പ. മുൻ വർഷങ്ങളിൽ ഒരു കിലോ കപ്പയ്‌ക്ക് 18 രൂപ വരെ വില ലഭിച്ചപ്പോൾ ഈ വർഷം ലഭിക്കുന്നത് 5 രൂപയാണ്. കപ്പയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും സംസ്‌കരിച്ച് സൂക്ഷിക്കുന്നതാണ് ഇതിന് പരിഹാരം. ജലാംശം വറ്റിച്ച് സംസ്കരിച്ചെടുക്കുന്ന കപ്പ 10 മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. സ്റ്റാർ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കല്യാണ സദ്യകളിൽ പോലും കപ്പ പുഴുക്ക് ഇടം പിടിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചെടുത്തു ആകർഷകമായ പായ്‌ക്ക് ചെയ്‌ത കപ്പക്ക് വൻ ഡിമാൻഡാണുള്ളത്. കുറഞ്ഞ മുതൽമുടക്കിൽ പോലും വലിയ സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെയും കാപ്പ സംസ്കരണം സാധ്യമാവും. വൈദഗ്‌ധ്യമുള്ള തൊഴിലാളികളും ആവശ്യമില്ല . വിദേശ വിപണിയിൽപോലും സംസ്കരിച്ച കപ്പയ്ക്ക് സ്ഥാനമുണ്ട് എന്നത് ഈ സംരംഭത്തെ ആകർഷകമാക്കുന്നു. കൂടാതെ വർഷം മുഴുവനും അസംസ്കൃത വസ്തുവായ കപ്പ ലഭിക്കുകയും ചെയ്‌യും.
മൂലധന നിക്ഷേപം
(150 കി ഗ്രാം സംസ്കരണശേഷിയുള്ള യൂണിറ്റിന് ആവശ്യമുള്ളത് )
1. ഡ്രയർ, സ്ലൈസർ, പായ്‌ക്കിംഗ് മെഷീൻ = 3,00,000
2. ടേബിൾ, പത്രങ്ങൾ = 25,000
3. വയറിംഗ് ,പ്ലംബിംഗ്, അനുബന്ധ ചിലവുകൾ = 25,000
4. പ്രവർത്തന മൂലധനം = 1,00,000
ആകെ ` = 4,50,000
പ്രവർത്തന ചിലവുകൾ
(150 കി.ഗ്രാം. കപ്പ ഡ്രൈ പ്രോസസ്സിങ്ങിലൂടെ സംസ്കരിക്കുന്നതിന്റെ ചിലവ്)
1. കപ്പ 150 *10 = 1500.00
2. തൊഴിലാളികളുടെ വേതനം = 600.00
3. വൈദ്യുതി ചാർജ് = 120.00
4. പായ്‌ക്കിംഗ് മെറ്റീരിയൽസ് =200.00
5. മാർക്കറ്റിംഗ് ചാർജ് + ട്രാൻസ്പോർട്ടേഷൻ = 300.00
ആകെ = 2720.00
വരവ്
(150 കി.ഗ്രാം. കപ്പ ഡ്രൈ ചെയ്‌താൽ 90 കി.ഗ്രാം. ഉല്‌പന്നം ലഭിക്കും.)
1 കി ഗ്രാം കപ്പയുടെ എം ആർ പി = 150.00
ഉല്പാദകന് ലഭിക്കുന്നത് 90*110.00 = 9900.00
ലാഭം
വരവ് = 9900.00
ചിലവ് = 2720.00
ലാഭം = 7180.00
ലൈസൻസുകൾ, സബ്‌സിഡി
ഉദ്യോഗ് ആധാർ, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്‌സിഡി ലഭിക്കും.