ഇഡ്ഡലി-ദോശ മാവ് നിർമ്മാണം 

കേരളത്തിന്റെ ചെറുകിട വ്യവസായരംഗം 2020 ൽ കൂടുതൽ കുതിപ്പ് നേടും. വീടുകളിൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന നാനോ സംരംഭങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി ഉത്തരവ് പുറത്തുവന്നു കഴിഞ്ഞു. വീടുകളിൽ ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രങ്ങളായി വരുന്പോൾ ചെറുകിട ഉല്പാദന രംഗത്ത് അത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.

കേരളത്തിൽ നാടൻ ഭക്ഷണങ്ങളോടുള്ള ജനങ്ങളുടെ താല്‌പര്യം വർദ്ധിച്ച് വരികയാണ്. ഒരു സമയത്ത് ചൈനീസ് ഭക്ഷണത്തെ ഒപ്പം ചേർത്ത മലയാളികളിൽ ഭൂരിഭാഗവും തനതായ ഭക്ഷണ ക്രമത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇഡ്‌ഡലിയും ദോശയും പുട്ടും കപ്പയുമെല്ലാം നമ്മുടെ അടുക്കളകളിൽ തിരികെ എത്തിക്കഴിഞ്ഞു. ഇതോടൊപ്പം മലയാളിയുടെ ജീവിതക്രമത്തിലും മാറ്റം വന്നുകഴിഞ്ഞു. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ധാരാളം സംരംഭക സാധ്യതകളും നമ്മുടെ മുന്നിൽ തുറന്നിടുന്നുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന ഭക്ഷണങ്ങളോട് വലിയ പ്രീയമുണ്ട്. പക്ഷെ ഇത്തരം ഭക്ഷണങ്ങൾ പാചകം ചെയ്‌യുന്നതിനുള്ള സമയം നമ്മുടെ ജോലിക്കാരായ വീട്ടമ്മമാർക്ക് ലഭിക്കാറില്ല.

ഇഡ്ഡലിയും ദോശയും നെയ്‌റോസ്‌റ്റും പാചകം ചെയ്‌തെടുക്കുന്നതിന് മുൻപ് അരിയും ഉഴുന്നും വാങ്ങി അരച്ച് മാവ് ഉണ്ടാക്കുന്നതുവരെയുള്ള ജോലിക്കായി ധാരാളം സമയം ആവശ്യമായി വരും. വീട്ടമ്മമാരും ജോലിക്കാരായതോടെ ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപ് അനുബന്ധ ജോലികൾക്കായി ഇത്രയും സമയം നീക്കിവയ്‌ക്കാൻ വീട്ടമ്മമാർക്ക് ആവില്ല. ഇഡ്‌ഡലിയും ദോശയും പാചകം ചെയ്‌യുന്നതിനുള്ള മാവ് റെഡിമെയ് ഡായി നൽകുന്ന ധാരാളം സംരംഭങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ സംരംഭങ്ങളെയെല്ലാം നമ്മുടെ വീട്ടമ്മമാർ ഗ്രാമ-നഗര ഭേദമില്ലാതെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബ സംരംഭം എന്ന നിലയിൽ ഇനിയും ധാരാളം യൂണിറ്റുകൾ ഈ രംഗത്ത് അവസരമുണ്ട്.

സാധ്യതകൾ

ദോശയും ഇഡ്‌ഡലിയും മലയാളി ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷ്യ വിഭവങ്ങൾ തന്നെയാണ്. പ്രത്യേകിച്ചും പ്രഭാതഭക്ഷണത്തിന് മുൻകാലങ്ങളിൽ ഈ വ്യവസായം പ്രാദേശിക അടിസ്ഥാനത്തിലാണ് നടന്നിരുന്നെതെങ്കിൽ ഇപ്പോൾ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് ആകർഷകമായ പായ്‌ക്കിംഗിൽ ബ്രാൻഡിംഗ് നടത്തിയുള്ള വിപണനവും നടക്കുന്നുണ്ട്. ചെറുകിടക്കാരുടെ മാവുകൾക്കും ഡിമാൻഡുണ്ട്‌. പ്രാദേശികമായി 100 കേന്ദ്രങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ ഈ സംരംഭം വിജയകരമായി നടപ്പാക്കാം. കുറഞ്ഞ മുതൽ മുടക്കും അസംസ്‌കൃത വസ്‌തുക്കളുടെ സുഗമമായ ലഭ്യതയും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. വലിയ ബ്രാൻഡിംഗോ മാർക്കറ്റിങോ ആവശ്യമില്ല. ഗുണമേന്മയ് ക്ക് പ്രാധാന്യം നൽകി  ക്വാളിറ്റിയുള്ള അറിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് വിപണി പിടിക്കാം. ചെറിയ പരിശീലനം നേടിയാൽ ഈ വ്യവസായം ആരംഭിക്കാവുന്നതാണ്.

നിർമ്മാണരീതി

ഗുണമേന്മയുള്ള പൊന്നി അരിയും ഉഴുന്നും 4 മണിക്കൂർ വെള്ളത്തിൽ മുക്കി വച്ച് കുതിർത്തെടുക്കുന്നു. പിന്നീട് അരിയും ഉഴുന്നും മൾട്ടി ഗ്രൈൻഡറിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുന്നു. അരിയിലും ഉഴുന്നിലും നിർമ്മിച്ച പേസ്റ്റുകൾ വീണ്ടും വെള്ളം ചേർത്ത് ഗ്രൈൻഡറിൽ അരച്ച് വ്യത്യസ്ഥ പാത്രങ്ങളിൽ ശേഖരിച്ച് വയ്‌ക്കുന്നു. പിന്നീട് അരിമാവും ഉഴുന്നുമാവും നിശ്ചിത അനുപാദത്തിൽ കലർത്തി പായ്‌ക്കറ്റുകളിൽ നിറയ്‌ക്കുന്നു. സാധാരണയായി 1 കി.ഗ്രാം പായ്‌ക്കറ്റുകളാണ് വില്പനയ്‌ക്കായി തയാറാക്കുന്നത്. 1 കി.ഗ്രാം മാവിൽ നിന്നും 22 + 24ഇഡ്‌ഡലിയോ ദോശയോ പാചകം ചെയ്‌തെടുക്കാൻ സാധിക്കും. മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൽ. ഡി. കവറുകളാണ് കൂടുതലായും വിപണിയിലെത്തുന്നത്. പ്രിന്റ് ചെയ്‌യാത്ത നാടൻ പായ്‌ക്കുകളും ലഭ്യമാണ്. സാധാരണയായി പായ്‌ക്ക്‌ ചെയ്തമാവ് ഒരു ദിവസം സാധാരണ ഊഷ്‌മാവിൽ സൂക്ഷിക്കുകയും പിന്നീട് നാല്‌ ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിനും സാധിക്കും.പുളിരസം കുറഞ്ഞിരിക്കുന്ന മാവുകൾക്കാണ് വിപണിയിൽ പ്രിയം.

മാർക്കറ്റിങ്

തട്ടുകടകൾക്കും ഹോട്ടലുകൾക്കും മാവ് നേരിട്ട് വിതരണം നടത്തുന്ന രീതി വളരെ ഗുണകരമായ മാർക്കറ്റിങ് രീതിയാണ്. പായ്ക്കിങ്ങ് വിതരണ ചിലവുകളും വിതരണ വില്പന കമ്മീഷനും കിഴിച്ചു ആകർഷകമായ നിരക്കിൽ ഹോട്ടലുകൾക്കും തട്ടുകടകളും ദോശമാവ് വിതരണം നടത്താം

പരിശീലനം

ഇഡ്‌ഡലിമാവ്, ദോശമാവ് നിർമ്മാണത്തിനുള്ള പരിശീലനവും, സാങ്കേതിക സഹായവും കേരളത്തിലെ ആദ്യ- കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ ഇൻകുബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭ്യമാണ്. 0485- 2242310.

മൂലധന നിക്ഷേപം

1 യന്ത്രങ്ങൾ (ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡർ ) 65000

2 പാത്രങ്ങൾ അനുബന്ധ സംവീധാനങ്ങൾ – 25000

3 ഇതര ചിലവുകൾ – 10000

ആകെ = 1,00,000

പ്രവർത്തന വരവ്-ചിലവ് കണക്ക്

ചിലവ്

(പ്രതിദിനം 380 ലിറ്റർ ദോശമാവ് ഉത്പാദിപ്പിച്ചു വിതരണം നടത്തുന്നതിന്റെ ചിലവ് )

അരി + ഉഴുന്ന് = 5700

പായ്ക്കിങ്  കവർ = 1140

തൊഴിലാളികളുടെ വേതനം =1300

വിതരണ ചിലവ്  = 1500

ഇലെക്ട്രിസിറ്റി ഭരണ ചിലവുകൾ = 300

ഡാമേജ് സെറ്റിൽമെന്റ് = 300

ആകെ = 10240

വരവ് 

MRP (380 * 50 ) = 19000

കമ്മിഷൻ കിഴിച് ഉല്പാദകന് ലഭിക്കുന്നത് 40 * 380 = 15200

ലാഭം 15200 – 10240= 4960

ലൈസൻസുകൾ

ഭക്ഷ്യ സുരക്ഷാ വിഭാഗം, അളവ് തൂക്ക വിഭാഗം, ജി.എസ്.ടി എന്നിവിടങ്ങളിൽ നിന്നുള്ള ലൈസൻസ്, ഉദ്യോഗ് ആധാർ എന്നിവ സംരംഭകൻ നേടിയിരിക്കണം.

Projects

Share This