രൂചിയേറും ക്യാൻഡി

രൂചിയേറും ക്യാൻഡി 

കേരളത്തിലെ കാർഷികരംഗം നവീന സാങ്കേതിക വിദ്യകളും, ആധുനിക കൃഷി അറിവുകളും, വിവരസാങ്കേതിക വിദ്ധ്യാധിഷ്ഠിത മാർക്കറ്റിങ് സംവിധാനവും ഉൾപ്പെടുത്തി നവീകരിക്കേണ്ട കാലഘട്ടം അതിക്രമികരിച്ചിരിക്കുകയാണ്. കാർഷിക വിളകൾക്കുള്ള വിലയിടിവ് നിരവധി  പാരന്പര്യ  കർഷകരെപ്പോലും ഉപജീവനത്തിനായി മറ്റ് മേഖലകൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നു. വിലയിടിവിനുള്ള പ്രധാന കാരണം ഒരേസമയം വിപണിക്ക് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം വിളകൾ വിപണിയിൽ എത്തുന്നതാണ്. ഒരു വർഷം ഏതെങ്കിലും  വിളയ്‌ക്ക് കൂടുതൽ ലഭിക്കുന്ന പക്ഷം അടുത്ത വർഷം കർഷകർ കൂട്ടത്തോടെ ടി വിള തന്നെ കൃഷി ചെയുകയും ചെയും. ഈ  വർഷത്തെ  ഏത്തവാഴ കൃഷി തന്നെ ഉദാഹരണം .മുൻ വർഷത്തിൽ പച്ചക്കായ്‌ക്ക്  60 രൂപ വരെ വില ലഭിച്ചിരുന്നു. ഈ സീസണിൽ ഉൽപാദനം വർധിച്ചതിനാൽ 15 രൂപയായിരുന്നു വില. ജനുവരി മാസത്തോടെ വില അല്‌പം മെച്ചപ്പെട്ടിട്ടുണ്ട്.

കാർഷിക വിളകളുടെ സംസ്കരണവും സൂക്ഷിച്ചുവയ്‌പും  ഇപ്പോഴും നമ്മുടെ നാട്ടിൽ പരിചിതമായ തോതിലേ നടക്കുന്നുള്ളു. കാർഷിക രംഗത്ത് നിരവധി ഗവേഷണ വികസന സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്. പഞ്ചായത്ത് തലത്തിൽ പോലും കൃഷിഭവനുകളും ഓഫീസർമാരും അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. പക്ഷെ  കൃഷി അറിവുകൾ താഴെ തട്ടിലേക്ക് എത്തിക്കുന്നതിലും നൂതന സാങ്കേതിക വിളകൾ ഉപയോഗിക്കുന്നതിന് കർഷകരെ പ്രാപ്‌തരാകുന്നതിലും ഈ സംവിധാനങ്ങൾ ഇതുവരെ തികഞ്ഞ പരാജയമായിരുന്നു. കൃഷിവകുപ്പിന്റെ കൈവശമുള്ള ശീതികരണ സംരംഭണികൾ ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാണ്. മൂല്യവർദ്ധിത കൃഷി നടത്താൻ നമ്മുടെ കർഷകരെ പ്രാപ്‌തരാക്കണം. മാസത്തിൽ 15 -ൽ അധിക ദിവസം നമ്മുടെ കൃഷി ഓഫീസർമാർ ട്രെയിനിംഗിലാണ്. ബാക്കിയുള്ള ദിവസങ്ങൾ മേലാവിലേക്കുള്ള പേപ്പറുകൾ തയാറാക്കുന്ന തിരക്കുകൾ. ചുരുക്കത്തിൽ കൃഷിയിടങ്ങളിലൊന്നും നമ്മുടെ കൃഷി ഓഫീസർമാരെ കാണാൻ  കഴിയുന്നില്ല എന്നുള്ള സ്ഥിതിയും മാറണം.  നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ  90% ലാബ് വേർഷനിലുള്ളവയാണ്. ടി സാങ്കേതിങ്ക വിദ്യകൾ വാങ്ങി വ്യവസായം ആരംഭിച്ച സംരംഭങ്ങൾ വ്യവസായിക ഉൽപാദനവും മാർക്കറ്റിങ്ങും നടത്തുന്ന ഘട്ടങ്ങളിൽ സാങ്കേതിക വിദ്യകൾ പരാജയപ്പെടുന്ന നിരവധി അനുഭവങ്ങൾക്ക്‌ ലേഖകൻ സാക്ഷിയാണ്. വിപണിയിൽ അധികമായെത്തുന്ന വിളവുകളെ സൂക്ഷിച്ചു വെയ്‌ക്കുന്നതിനുള്ള ശാസ്‌ത്രീയ സംവിധാനങ്ങളും കേരളത്തിൽ കെട്ടിപ്പെടുക്കേണ്ടിയിരിക്കുന്നു. പോസ്റ്റ്  ഹാർവെസ്റ്റ്  ടെക്‌നോളജി  പ്രചരിപ്പിക്കാൻ കഴിയണം. നമ്മുടെ വിളവെടുപ്പുകൾ  ശാസ്‌ത്രീയമാക്കണം. 

സാധ്യതകൾ

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് കേരളത്തിൽ വലിയ സാധ്യതയാണ് ഉള്ളത്. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന  കാർഷിക വിളകൾക്ക് ഗുണമേന്മയും രുചിയും കൂടുതലാണ്. 

മദ്ധ്യകേരളത്തിൽ പൊതുവെ വ്യാപകമായ  പൈനാപ്പിൾ കൃഷിയും ഇപ്പോൾ വിലയിടിവ് മൂലം പ്രതിസന്ധി നേരിടുകയാണ്. പുതിയ റബ്ബർ തോട്ടങ്ങളിലെല്ലാം ഇടവിളയായി  പൈനാപ്പിൾ കൃഷി ചെയാൻ തുടങ്ങിയതോടെ ഈ കൃഷി വ്യാപകമാവുകയും, വാഴക്കുളം ടി വിളയുടെ പ്രധാന വ്യാപാര കേന്ദ്രമായി മാറുകയും ചെയ്‌തു. പൈനാപ്പിളിൽ നിന്നും നിരവധി  മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും.   

പൈനാപ്പിൾ കാൻഡി ഈ വിഭാഗത്തിൽ വലിയ ഡിമാന്റുള്ള ഉൽപന്നമാണ് . കുറഞ്ഞ മുതൽ മുടക്കും ലളിതമായ പരിശീലനവും നേടിയാൽ സാധാരണ കർഷകർക്കുപോലും പൈനാപ്പിൾ കാൻഡി നിർമ്മാണം ആരംഭിക്കാം. കുറഞ്ഞ വിലയിൽ അസംസ്‌കൃത വസ്‌തുവിന്റെ ലഭ്യതയും വർഷം മുഴുവനും ലഭിക്കുന്നു എന്നുള്ളതും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. പൈനാപ്പിൾ ക്യാൻഡിയോടൊപ്പം നെല്ലിക്ക, ഏത്തപ്പഴം,ജാക്ക് ഫ്രൂട്ട്  എന്നിവയിൽ നിന്നും കാൻഡി നിർമ്മിക്കാവുന്നതാണ് . ഒരേ മിഷിനറി തന്നെ ഉപയോഗിച്ചാൽ മതിയാകും.  കൂടാതെ ഡ്രൈഫ്രൂട്ടുകളുടെ നിർമ്മാണത്തിലും ഈ മെഷിനറികൾ ഉപയോഗിക്കാവുന്നതാണ്. ഒരു യൂണിറ്റിൽ തന്നെ നിരവധി ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്നതുമൂലം ഓരോ സമയത്തും കുറഞ്ഞ വിലയ്‍ക്ക് കൂടുതലായി ലഭിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ചുള്ള  ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്നത് ഈ രംഗത്തെ വലിയ സാധ്യതയാണ്. 

പൈനാപ്പിൾ കാൻഡി നിർമ്മാണം 

നമ്മുടെ നാട്ടിൽ കൃഷി ചെയുന്ന പൈനാപ്പിളിൽ സാധാരണമായി പഞ്ചസാരയുടെ അളവ് (ബ്രിക്‌സ് )12% മുതൽ14 % വരെയാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന “പ്രോട്ടോ പെക്ടിൻ “  ആണ്  പൈനാപ്പിളിന്  ആസ്വാദ്യകരമായ ഘടന നൽകുന്നത്. പഴുത്ത് തുടങ്ങുന്പോൾ  പ്രോട്ടോ പെക്ടിന് രൂപമാറ്റം സംഭവിക്കുകയും ഘടനയിൽ വ്യത്യാസം വരുകയും ചെയും. അതുകൊണ്ടു തന്നെ മൂപ്പെത്തിയതും  പഴുക്കുന്നതിന്  മുൻപുള്ളതുമായ പൈനാപ്പിളാണ് കാൻഡി നിർമ്മാണത്തിന്ന്  ഉത്തമം. പൈനാപ്പിളിന്റെ  കണ്ണ്  പൂർണ്ണമായും  നീക്കം ചെയ്‌യുന്ന  തരത്തിൽ ചെത്തി ഒരുക്കിയ പൈനാപ്പിൾ 6″  മുതൽ 8″  വരെയുള്ള  വലിപ്പത്തിൽ ക്യൂബ്  ആകൃതിയിൽ മുറിച്ചെടുക്കുന്നു. ടി പൈനാപ്പിൾ ക്യൂബുകൾ ഓക്‌സിലേഷൻ ഒഴിവാക്കുന്നതിനായി  2%  വീര്യമുള്ള  സിട്രിക് ആസിഡ് ലായനിയിൽ സൂക്ഷിക്കുന്നു. തുടർന്ന്  80 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ വെള്ളത്തിൽ  1 മിനിറ്റ്  നേരം മുക്കിയെടുക്കുന്നു. ബ്ലാഞ്ചിംഗ് എന്നാണ് ഈ പ്രക്രിയയുടെ പേര്. 50 % ബ്രിക്‌സ് ലെവലുള്ള  പഞ്ചസാര ലായനിയിൽ പൊട്ടാസ്യം മെറ്റാബൈസൾഫെറ്റ്  ചേർത്ത്  തയാറാക്കുന്ന  മിശ്രിതത്തിൽ  4 മണിക്കൂർ  മുക്കിവയ്‌ക്കണം. 4 മണിക്കൂറിന്  ശേഷം ടി ലായനിയുടെ ബ്രിക്‌സ്  ലെവൽ പരിശോധിച്ച് വീണ്ടും 55% ബ്രിക്‌സ് ആക്കി ഉയർത്തണം. പഞ്ചസാര ചേർത്താണ് ബ്രിക്‌സ് ലെവൽ  ഉയർത്തുന്നത്. വീണ്ടും  4 മണിക്കൂർ പൈനാപ്പിൾ ടി ലായനിയിൽ മുക്കി വയ്‌ക്കണം. അടുത്ത  ഘട്ടത്തിൽ ബ്രിക്‌സ് 60% മുള്ള ലായനിയിൽ 2 മണിക്കൂർ  മുക്കി വയ്‌ക്കണം. തുടർന്ന് വീണ്ടും 65% ബ്രിക്‌സുള്ള ലായനിയിൽ 2 മണിക്കൂർ മുക്കിവയ്‌ക്കണം. പുറത്തെടുക്കുന്ന പൈനാപ്പിൾ ക്യൂബുകളുടെ ബ്രിക്‌സ് ലെവൽ 72% ആയിരിക്കും. ടി ക്യൂബുകളെ ശുദ്ധജലത്തിൽ ചെറുതായൊന്ന് കഴുകി എടുക്കണം. ക്യൂബുകളുടെ പുറമെ ഒട്ടിപിടിച്ചിരിക്കുന്ന പഞ്ചസാര ലായനി ഒഴിവാക്കാനാണ് ഇത്. ഡ്രൈ ചെയ്‌യുന്ന സമയത്ത് ക്യൂബുകൾ തമ്മിൽ ഒട്ടിപ്പിക്കാതിരിക്കാൻ ഈ വാഷിംഗ് സഹായിക്കും. പൈനാപ്പിൾ ക്യൂബുകൾ ട്രേകളിൽ നിരത്തി 50 ഡിഗ്രി സെൽഷ്യസ് മുതൽ 55 ഡിഗ്രി സെൽഷ്യസ് ചൂടിൽ 4 മണിക്കൂർ ഡ്രൈ ചെയ്‌താൽ പൈനാപ്പിൾ കാൻഡി ലഭിക്കും. ടി ക്യാൻഡിയിലെ ഈർപ്പം 10%ൽ താഴെ ആയിരിക്കണം. ഈ രീതിയിൽ തയാർ ചെയ്‌യുന്ന ക്യാൻഡിയിൽ പഞ്ചസാരയുടെ രുചി കൂടുതലായി അനുഭവപ്പെടും. കൂടുതൽ പൈനാപ്പിൾ രുചി ആവശ്യമുള്ളവർക്ക് താഴെ വിവരിക്കുന്ന രീതിയും പിന്തുടരാവുന്നതാണ്. 

60% ബ്രിക്‌സുള്ള പഞ്ചസാര ലായനിയിൽ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർത്ത് തയാറാക്കുന്ന മിശ്രിതത്തിൽ പൈനാപ്പിൾ ക്യൂബുകൾ 10 മണിക്കൂർ മുക്കി വയ്‌ക്കണം. പൈനാപ്പിളിന്റെ ബ്രിക്‌സ് 28% ആകും. തുടർന്ന് കഴുകി എടുക്കുന്ന ക്യൂബുകൾ ഡ്രൈ ചെയ്‌ത്‌ പൈനാപ്പിൾ ക്യാൻഡി നിർമിക്കാം. ടി ക്യാൻഡിക്ക് മധുരം കുറഞ്ഞും പൈനാപ്പിൾ രുചി ഏറിയും ഇരിക്കും.

പോളിപ്രൊപ്പലീൻ കണ്ടെയ്നറുകളിലോ പായ്‌ക്ക് ചെയ്‌ത്‌ മാർക്കറ്റ് ചെയ്‌യാം. 6 മാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയും.

മാർക്കറ്റിങ് 

പൈനാപ്പിൾ ക്യാൻഡി ചെറിയ പായ്‌ക്കറ്റുകളിൽ നൽകിയാൽ കുട്ടികൾക്ക് വളരെ ഇഷ്ടമാകും. ആരോഗ്യത്തിന് ഹാനികരമായ രാസ പദാർത്ഥങ്ങൾ ചേർക്കാത്തതിനാൽ ടി ഉല്‌പന്നം പ്രോത്സാഹിക്കപ്പെടുകയും ചെയ്‌യും. കൂടാതെ മുസിലി നിർമ്മാണത്തിനും കേക്ക് നിർമ്മാണത്തിലും എല്ലാം ഇപ്പോൾ ക്യാൻഡി അസംസ്‌കൃത വസ്തുവാണ്. വിദേശ വിപണിയെയും ലക്ഷ്യം വയ്ക്കാവുന്നതുമാണ്.

സാങ്കേതികവിദ്യ 

പൈനാപ്പിൾ ക്യാൻഡി നിർമ്മാണത്തിൽ സാധാരണ കർഷകർക്ക് പോലും ഏർപ്പെടാവുന്നതാണ്. പൈനാപ്പിൾ ക്യാൻഡി നിർമ്മാണത്തിന് ആവശ്യമായ പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭ്യമാണ്. ഫോൺ.0485-2242310. കൂടാതെ കാർഷിക സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും പരിശീലനം ലഭിക്കും.

ട്രയൽ പ്രൊഡക്ഷൻ 

പൈനാപ്പിൾ ക്യാൻഡി നിർമ്മാണം സ്വന്തമായി മെഷിനറികൾ സ്ഥാപിച്ച് വ്യവസായമായി ആരംഭിക്കുന്നതിനുള്ള മുതൽ മുടക്കുകൾ നടത്തുന്നതിന് മുന്പ് ട്രയൽ പ്രൊഡക്ഷൻ നടത്തി സ്വന്തം ബ്രാൻഡിൽ ഉല്‌പന്നം മാർക്കറ്റിലിറക്കി ടി വ്യവസായത്തിന്റെ സാധ്യത പഠനം 

നടത്തുന്നതിനുള്ള മാർക്കറ്റിങ് സാദ്യതകൾ പഠിച്ച് ടി വ്യവസായത്തിൽ സുരക്ഷിതമായി മുതൽ മുടക്കാൻ ടി സംവിധാനം സഹായിക്കും.

മൂലധന നിക്ഷേപം 

(പ്രതിദിനം 50Kg  പൈനാപ്പിൾ ക്യാൻഡി നിർമ്മിക്കുന്നതിനുള്ളത്)

1. ഡ്രയർ  = 1,50,000.00

2. പാത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ   = 30,000.00

3. പായ്‌ക്കിംഗ് മെഷ്യൻ     = 30,000.00 

                ആകെ   = 2,10,000.00

പ്രവർത്തന ചിലവുകൾ 

ചിലവ് 

(പ്രതിദിനം 30Kg പൈനാപ്പിൾ ക്യാൻഡി നിർമ്മിക്കുന്നതിനുള്ള ചിലവ് )

  1. പൈനാപ്പിൾ  = 2250.00
  2. പഞ്ചസാര                                             = 2720.00
  3. തൊഴിലാളികളുടെ വേതനം                   =2800.00
  4. ഇലക്ട്രിസിറ്റി                                          =150.00
  5. പായ്‌ക്കിംഗ് ചാർജ്                                 =1500.00
  6. ഭരണ ചിലവുകൾ                                 =300.00 

             ആകെ                                          = 9,720.00

വരവ് 

പൈനാപ്പിൾ ക്യാൻഡി 1Kg    = 800.00 

30% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്    =  560.00

30kg* 560 = 16,800.00

ലാഭം 

16,800- 9,720= 7080.00

സബ്‌സിഡി – ലൈസൻസ് 

30% വരെ വ്യാവസായിക സബ്‌സിഡി ലഭിക്കും. ഭക്ഷ്യ സുരക്ഷ വിഭാഗം, ഉദ്യോഗ് ആധാർ എന്നിവ നേടിയിരിക്കണം.

 

     

Projects

Share This