കേരളത്തിന്റെ പൊതുസമൂഹത്തിൽ ഭക്ഷണത്തെയും ഭക്ഷ്യവസ്തുക്കളെയും കുറിച്ചുള്ള ആശങ്കകൾ പെരുകി വരുകയാണ് . പൂർണമായും ഉപാഫോക്താ സംസ്ഥാനമായി മാറിയ കേരളം ഒരു തിരിച്ചുപോക്കിനു ശ്രെമിച്ചുകൊണ്ടിരിക്കുന്നു. നല്ല ഭക്ഷണത്തിനു വേണ്ടി കൂടുതൽ ചിലവഴിക്കാൻ മലയാളികൾ ശീലിച്ചുതുടങ്ങിയിരിക്കുന്നു. വിഷലിപ്തമായ ഭക്ഷ്യ വസ്തുക്കൾക്ക് നേരെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച കർശന നിലപാടുകളും കേരളം സമൂഹത്തിൽ അംഗീകാരം നേടിക്കഴിഞ്ഞു.
പഴം-പച്ചക്കറികളിലെ വിഷാംശം വലിയ വെല്ലുവിളിയാണ്.കേരളീയർക്ക് മുന്നിൽ ഉയർത്തുന്നത്. അന്യസംസ്ഥാനങ്ങളുടെ കുത്തകയായ ഈ രംഗത്ത് ഒരു സ്വയം പര്യാപ്തത മലയാളിക്ക് ഒരു വിദൂര സ്വപ്നമാണ്. കേരളത്തിൽ പഴം-പച്ചക്കറികളുടെ ഉത്പാദനം പല കാരണങ്ങൾ കൊണ്ടും ലാഭകരമാവുന്നില്ല. പാരന്പര്യ കൃഷിക്കാർ പോലും രംഗം വിടുന്നു. ഇതിനു കാരണങ്ങൾ പലതാണ്. ഉയർന്ന കൂലിച്ചിലവ് തൊഴലാളി ക്ഷാമം കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്.
ഹൈഡ്രോപോണിക്സ് , അക്വാപോണിക്സ് ഹൈടെക്ക് ഫാർമിംഗ് തുടങ്ങി ആധുനിക കൃഷി രീതികൾ പ്രചരിപ്പിക്കുകയും കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കുന്ന തരത്തിലേക്ക് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുക എന്നുള്ളതാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി. ഏക്കർ കണക്കിന് ജൈവകൃഷി ചെയ്യ്ത കർഷകർ ഉത്പന്നം വിൽക്കാൻ നെട്ടോട്ടമോടുന്ന കാഴ്ച ഇന്നു കേരളത്തിലുണ്ട്. മലയാളി സമൂഹത്തിനു വിഷരഹിതമായ പച്ചക്കറികൾ നല്കാൻ ഇറങ്ങിപ്പുറപ്പെട്ട ഈ കർഷകരെല്ലാം പ്രതിസന്ധിയുടെ വക്കിലാണ്.
മെഴുത്ത വലുപ്പമുള്ള പച്ചക്കറികളോടാണ് മലയാളിക്ക് ഇപ്പോഴും പ്രിയം. വിലക്കുറവും വേണം. ജൈവകൃഷിയിൽ തുടക്കത്തിൽ ഇതു രണ്ടും സാധ്യമല്ലാത്തതിനാൽ മലയാളിയുടെ വാങ്ങൽ മനോഭാവത്തിൽ മാറ്റം വരുന്നതുവരെ ജൈവകർഷകരുടെ പ്രതിസന്ധി തുടരുക തന്നെ ചെയ്‌യും.
നവീന കാർഷിക സന്പ്രദായങ്ങളിലെ ഒരു സംരംഭം എന്ന നിലയിൽ ചിട്ടയായ മാനേജ്‍മെന്റ് വൈഭവത്തോടെ നടപ്പാക്കിയാൽ വൻ ലാഭം കൊയ്യാൻ സാധിക്കും. മൂല്യ വർദ്ധിത കൃഷിയിലൂടെ വിപണിക്ക് ആവശ്യമുള്ളത് കൃത്യമായി വിളയിക്കുകയും ബ്രാൻഡിംഗും മാർക്കറ്റിഗും നടത്തിയാൽ ധരാളം ചെറുപ്പക്കാർക്കുള്ള നിരവധി സംരംഭക സാധ്യതകൾ ഈ രംഗത്തുണ്ട്. ഇത്തരത്തിലുള്ള ഒരു സംരംഭമാണ് ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലൂടെ നിർമ്മിച്ചിരിക്കുന്ന അച്ചിങ്ങ ചീര.
അച്ചിങ്ങ ചീര
ധാന്യങ്ങൾ മുളപ്പിച്ച് ഭക്ഷിച്ചാൽ മനുഷ്യ ശരീരത്തിന് ആവശ്യമുള്ള ധാരാളം വൈറ്റമിനുകളും പ്രോട്ടീനും ലഭിക്കും എന്നുള്ളത് വൈദ്യശാസ്ത്രം അംഗീകരിച്ച സത്യമാണ്. മുളപ്പിച്ച ധാന്യങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. മുള പൊട്ടി ഏഴ് ദിവസം വരെ വളരുന്നതിന് ആവശ്യമായ ഘടകങ്ങൾ എല്ലാ വിത്തുകളിലും ഉണ്ട്. ഈ സാധ്യതയെ പ്രയോജനപ്പെടുത്തി മണ്ണിൽ തൊടാതെ ആവശ്യത്തിന് വെള്ളവും വായുവും നൽകി വളർത്തിയെടുക്കുന്നതാണ് ഹൈഡ്രോപോണിക്സ്.
ഹൈഡ്രോപോണിക്സ് രീതിയിൽ വളർത്തിയെടുക്കുന്ന അച്ചിങ്ങാചീരയ്‌ക്ക് 30cm വരെ നീളം വരും. രണ്ട് ഇലകൾ മാത്രമാണ് ഉണ്ടാവുക. ധാരാളം പോഷകാംശങ്ങൾ നിറഞ്ഞ അച്ചിങ്ങച്ചീര ഇപ്പോൾ വിപണിയിൽ ഒരു ട്രെൻഡാണ്. നിർമ്മിക്കുന്നത് പൂർണ്ണമായും ജൈവ രീതിയിയിലാണ്. 200 സ്‌ക്വയർ ഫീറ്റിൽ താഴെ സ്ഥലസൗകര്യം മതി. എല്ലാ ദിവസവും വിപണിയിൽ ആവശ്യമുള്ള ഉല്‌പന്നം ലഭ്യമാകും എന്നിവയെല്ലാം അച്ചിങ്ങ ചീര നിമ്മാണത്തിന്റെ ഗുണവസങ്ങളാണ്.
സാധ്യതകൾ
നവസംരംഭങ്ങൾ തേടി അലയുന്ന യുവാക്കൾക്ക് വളരെ എളുപ്പത്തിൽ ആരംഭിക്കാവുന്ന ഒന്നാണ് അച്ചിങ്ങചീര. പ്രാദേശികമായി മാർക്കറ്റ് കണ്ടെത്താമെന്നതും പൂർണ്ണമായും ജൈവ ഉല്‌പന്നം എന്ന നിലയിലും അച്ചിങ്ങ ചീര ഒരു സംരംഭക സൗഹൃദ വ്യവസായമാണ്. വീടിനോട് അനുബന്ധിച്ച് ഒരു കുടുംബ സംരംഭം എന്ന നിലയിലും ഈ വ്യവസായം ആരംഭിക്കാം.
നിമ്മാണരീതി
വിപണിയിൽ നിന്നും വാങ്ങുന്ന പയർ 5 പ്രാവശ്യം തിരുമ്മികഴുകി ശുദ്ധിയാക്കുന്നു. വീണ്ടും പയർ മണികൾ പൂർണ്ണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ മുക്കി വയ്‌ക്കുന്നു. അരമണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം ഈ വെള്ളം മാറ്റി പുതിയ വെള്ളം വാർത്തുകളഞ്ഞ് എടുക്കുന്ന പയർമണി ഒരിക്കൽ കൂടി തെളിവെള്ളം കടത്തിവിട്ട് പൂർണ്ണമായും അണുവിമുക്തമാക്കുന്നു. മുളപൊട്ടിയ പയർമണികൾ ട്രേകളിൽ അടുക്കി ഹൈഡ്രോപോണിക്‌സ് ഫുഡർ യന്ത്രത്തിൽ സൂക്ഷിക്കുന്നു.ഓരോ ദിവസവും 24 ട്രേകളിലാണ് പുതിയ വിത്തുകൾ നിറയ്‌ക്കുന്നത്. ഈ വിത്തുകളിൽ രാത്രിയും പകലും ആവശ്യമുള്ള അളവിൽ വെള്ളവും വായുവും മൈക്രോസ്‌പിഗ്ലർ ഉപയോഗിച്ച് സ്‌പ്രെ ചെയ്‌താണ് അച്ചിങ്ങ ചീര വളർത്തിയെടുക്കുന്നത്. പൂർണ്ണമായും വിത്തിലുള്ള അന്നജം ഉപയോഗിച്ചാണ് ചെടി വളരുന്നത് പുറമെ നിന്ന് യാതൊരു തരത്തിലുള്ള വളവും ഇതിനായി നൽകുന്നില്ല. രണ്ട് ഇലകളോടുകൂടിയ അച്ചിങ്ങ ചീര ഏഴ് ദിവസം കൊണ്ട് ഭക്ഷ്യയോഗ്യമായ അവസ്ഥയിലെത്തും. എല്ലാ വിത്തുകളും ഒരേ രീതിയിൽ മുളയ്‌ക്കുന്നതും വളരുന്നതും നിമിത്തം ഒന്നിച്ച് വിളവെടുക്കുന്നതിനും സാധിക്കുന്നു. തുടർന്ന് 250 ഗ്രാമിന്റെ പായ്‌ക്കുകളിലാക്കി വിൽപന കേന്ദ്രങ്ങളിൽ എത്തിച്ച് നൽകാം. ചെറുപയർ, മുതിര, കടല തുടങ്ങിയ ധാന്യങ്ങൾ എല്ലാ ഇത്തരത്തിൽ മുളപ്പിച്ച് എടുക്കാവുന്നതാണ്.
ആവശ്യത്തിന് വെള്ളവും വളവും യഥാസമയം നൽകുന്നതിനായി പ്രോഗ്രാം ചെയ്‌ത ഓട്ടോ മെഷ്യനുകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഒരു യൂണിറ്റിന് ഒരു മാസം 150 രൂപയുടെ വൈദ്യുതി ചാർജ്.
മൂലധന നിക്ഷേപം
1. മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ് ഫുഡർ = 2,75,000.00
2. അനുബന്ധ ഉപകരണങ്ങൾ (ടാങ്ക് പൈപ്പ് ലൈൻ ഉൾപ്പെടെ) = 25,000.00
ആകെ = 3,00,000.00
ഉല്പാദന ക്ഷമത
ഒരു ദിവസം 60kg അച്ചിങ്ങ ചീര എന്ന തോതിൽ
മാസം 26*60 = 1560Kg
കെട്ടിടം, വൈദ്യുതി
180സ്‌ക്വയർ ഫീറ്റ് കെട്ടിട സൗകര്യം
സിംഗിൾ ഫേസ് വൈദ്യുതി കണക്ഷൻ
വരവ് – ചിലവ്
ഒരു മാസത്തെ പ്രവർത്തന ചിലവ്
വിത്ത് 26*14*70 = 25,480.00
പണിക്കൂലി 26*3*70 = 31,200.00
വൈദ്യുതി = 150.00
പായ്‌ക്കിംഗ് ചാർജ് = 3000.00
വിതരണ ചിലവ് = 20,800.00
ആകെ = 80,630.00
ഉല്‌പാദനം 250g വീതമുള്ള 6240 പായ്‌ക്കറ്റുകൾ
വരവ്
(6240 പായ്‌ക്കറ്റുകൾ വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത് )
എം. ആർ. പി 6240 * 30.00 = 1,87,200.00
കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 6240* 25= 1,56,000.00
പ്രതിമാസ ലാഭം
വരവ് = 1,56,000.00
ചിലവ് = 80,630.00
ലാഭം = 75,370.00
സാങ്കേതികവിദ്യ
ഹൈഡ്രോപോണിക്‌സ് ഫുഡറിൽ അച്ചിങ്ങ ചീര നിർമ്മാണത്തിനാവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് യന്ത്രം തയാർ ചെയ്‌തിരിക്കുന്നത്. അച്ചിങ്ങ ചീരയും അതിന് ആവശ്യമായ ഹൈഡ്രോപോണിക്‌സ് യന്ത്രവും വികസിപ്പിച്ചെടുത്തിരിക്കുന്നത് ചേന്ദമംഗലം സ്വദേശിയായ ശ്രീ. രതീഷ് കുമാറാണ്. നവസംരംഭകർക്ക് ഈ രംഗത്തേക്ക് കടന്നു വരുന്നതിന് ആവശ്യമായ ട്രെയിനിംഗ് നൽകുന്നതിനൊപ്പം അച്ചിങ്ങ ചീര നിർമ്മാണത്തിന് ആവശ്യമായ ഹൈഡ്രോപോണിക്‌സ് യന്ത്രവും അദ്ദേഹം നിർമ്മിച്ച് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ പിറവം അഗ്രോപാർക്കിൽ നിന്നും വിശദാംശം ലഭിക്കുന്നതാണ്.
മാർക്കറ്റിങ്
ഓരോ ദിവസവും പാകമാകുന്ന അച്ചിങ്ങ ചീര നേരിട്ട് വില്‌പനകേന്ദ്രങ്ങളിൽ എത്തിച്ച് നൽകുന്നതാണ് ശരിയായ മാർക്കറ്റിങ്, പ്രതിദിനം 240 പായ്‌ക്കറ്റുകൾ വിറ്റഴിക്കാൻ ഓർഗാനിക് ഷോപ്പുകളൂം സൂപ്പർ മാർക്കറ്റുകളും നല്ല വെജിറ്റബിൾ ഷോപ്പുകളും അടക്കം വില്‌പന കേന്ദ്രങ്ങളുമായി കരാറുണ്ടാക്കുന്നതാണ് അഭികാമ്യം. വില്‌പന കേന്ദ്രത്തിൽ അച്ചിങ്ങ ചീരയുടെ ഉൽപാദന രീതിയും ഗുണവശങ്ങളും പ്രിന്റുചെയ്‌ത പോസ്റ്ററുകൾ പതിക്കുന്നതും വിൽപനയെ സഹായിക്കും.
പ്രത്യേക ശ്രദ്ധയ്‌ക്ക്
ഹൈഡ്രോപോണിക്‌സ് കൃഷിയിൽ ശുചിത്വത്തിനും പരിപാലത്തിനും വലിയ പ്രാധാന്യമുണ്ട്. സന്ദർശകരെ യൂണിറ്റിനുള്ളിൽ കയറ്റുന്നത് സ്നേഹപൂർവം വിലക്കുക. മുളയ്‌ക്കാത്ത പയർമണികൾ ചീയുന്നത് ഒഴിവാക്കാൻ യഥാസമയം ട്രേയിൽ നിന്നും നീക്കം ചെയണം. മൊബൈൽ ഫോൺ യൂണിറ്റിനുള്ളിൽ അനുവദിക്കരുത്. ജോലിക്കാർ പുറത്തിറങ്ങുന്പോളും അകത്ത് കയറുന്പോളും ലായനിയിൽ മുക്കി കൈകളും കാലുകളും അണുവിമുക്തമാക്കണം. ജോലി സമയത്ത് പ്രത്യേക യൂണിഫോം മാത്രം ഉപയോഗിക്കണം. പയർ മണികൾ ഹോൾസെയിലായി എത്തിച്ച് തരുന്നതിന് നിലവിൽ സംവിധാനമുണ്ട്. മാർക്കറ്റിങ് സംവിധാനം കൂടി ഒരുക്കിയാൽ പുതിയൊരു സംരംഭത്തിന് വിത്തിടാം.