കേരളത്തിൽ ശീതള പാനീയങ്ങൾക്ക് എന്നും നല്ല വിപണിയാണുള്ളത്. മൺസൂൺ കാലത്ത് വിൽപനയിൽ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ബാക്കിയുള്ള ഒന്പത് മാസങ്ങൾ നല്ല വില്പന കാലമാണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിംഗ് മാളുകൾ വരെ വില്പന കേന്ദ്രങ്ങളാണ്. പലപ്പോളും പ്രാദേശിക വിപണിയെ ആശ്രയിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകാവുന്ന ഓരോ ചെറുകിട സംരംഭ മാതൃക കൂടിയാണ് ശീതള പാനീയങ്ങളുടെ നിർമ്മാണം. ചെറിയ പരിശീലനത്തിലൂടെ ടി വ്യവസായ രംഗത്തേക്ക് ആർക്കും കടന്നു വരം. വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത വ്യവസായ സംരംഭം കൂടിയാണ് ഇത്.
സാധ്യതകൾ
കുറഞ്ഞ വിലക്ക് ലഭിക്കുന്ന ശീതള പാനീയം എന്ന നിലയിൽ ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഉപഭോക്താക്കളായി ഉണ്ട് എന്നതും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്നതും ശീതളപാനീയ നിർമ്മാണത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. എല്ലാ അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി ലഭിക്കും. പ്രാദേശികമായുള്ള മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തി സംരംഭം മുന്നോട്ട് കൊണ്ടുപോകാം. ഗ്ലാസ് ബോട്ടിലുകളിലും പെറ്റ് ബോട്ടിലുകളിലും പായ്‌ക്ക് ചെയ്ത് വില്പന നടത്താം. നിലവിലുള്ള സോഡാ യൂണിറ്റുകൾക്ക് ചെറിയ മുതൽ മുടക്ക് മാത്രം നടത്തി നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും ശീതള പാനീയങ്ങളുടെ നിർമ്മാണത്തിലേക്ക് കടക്കാം.
ഉൽപന്നങ്ങൾ
ലെമൺ കോള, ജീരക സോഡാ, ഓറഞ്ച്, പൈനാപ്പിൾ ആപ്പിൾ തുടങ്ങിയ രുചികളിലുള്ള കോളകളും നിർമ്മിക്കാം. എല്ലാത്തരം കോളകൾക്കും അനുവർത്തിക്കുന്ന നിർമ്മാണ രീതി ഒന്നാണ്. എസ്സൻസുകളും ബൂസ്റ്ററുകളുമാണ് മാറ്റി മാറ്റി ഉപയോഗിക്കുന്നത്. സോഡാ ഗ്യാസുകൾ കൂടി നിറയ്ക്കുന്നതോടെ കോളകൾക്ക് ആസ്വാദ്യകരമായ രുചി ലഭിക്കും.
നിർമ്മാണരീതി
ഗുണമേന്മയുള്ള പഞ്ചസാര 1 ലിറ്റർ ലായനിക്ക് 750 ഗ്രാം. എന്ന തോതിൽ 550 മില്ലി അൾട്രാവയലറ്റ് റിവേഴ്‌സ് ഓസ്‌മോസിസ് ട്രീറ്റ്മെന്റ് നടത്തിയ വെള്ളം ഉപയോഗിച്ച് തിളപ്പിച്ച് അഴുക്കുകൾ മാറ്റിയെടുക്കും. ടി ലയണിയിലേക്ക് ആവശ്യമുള്ള അളവിൽ എസ്സൻസ് എമൾഷനും ബൂസ്റ്ററും ഇളക്കി ചേർക്കും. തുടർന്ന് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ പ്രസർവേറ്റിവുകളും ചേർക്കും. തുടർന്ന് 250 മില്ലി. കോള തയാറാക്കുന്നതിനായി 50 മില്ലി വീതം നിറച്ച് വെറ്റ് ബോട്ടിലുകളിൽ നിറച്ചശേഷം തണുപ്പിച്ച് വെള്ളത്തിൽ തയാറാക്കിയ സോഡാ നിറയ്ക്കുന്നു. ഇതിനായി വെറ്റ് ബോട്ടിൽ ഫില്ലറുള്ള കാർബണേറ്റിങ് മെഷ്യനാണ് ഉപയോഗിക്കുന്നത്. തുടർന്ന് വിപണി സ്വാകാര്യതയുള്ള വിളകളിൽ വില്പന നടത്താം.
പരിശീലനം
ശീതള പാനീയ നിർമ്മാണത്തിന് കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ പരിശീലനം ലഭിക്കും.ഫോൺ : 0485-2242310
മൂലധന നിക്ഷേപം
1. കാർബണേറ്റിങ് മെഷ്യൻ – 1,20,000.00
2. ഫില്ലർ – 40,000.00
3. അനുബന്ധ ഉപകരണങ്ങളും യന്ത്രങ്ങളും – 50,000.00
ആകെ – 2,10,000.00
വരവ് – ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 250 മില്ലി വീതമുള്ള 2600 ബോട്ടിൽ നിർമ്മിക്കുന്നതിനുള്ള ചിലവ്)
1. പഞ്ചസാര 100Kg * 42.00 = 4,200.00
2. സിട്രിക് ആസിഡ് 800g = 80.00
3. എസ്സൻസ് = 180.00
4. ബൂസ്റ്റർ =130.00
5. പ്രിസർവേറ്റിവുകൾ = 50.00
6. ബോട്ടിൽ + ക്യാപ് + ലേബൽ 2600*4.00 = 10,400.00
7. ഇലക്ട്രിസിറ്റി = 200.00
8. വേതനം 5*500 = 2500.00
9. അനുബന്ധ ചിലവുകൾ = 300.00
ആകെ = 18,040.00
വരവ്
(പ്രതിദിനം 2600 ബോട്ടിലുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
1. 250 മില്ലി എം.ആർ.പി. = 20.00
2. വില്പനക്കാർക്കും വിതരണക്കാരുടെ കമ്മീഷൻ കഴിച്ച് ഉല്പാദകന് ലഭിക്കുന്നത് 2600*12.00. = 31,200.00
ലാഭം
വരവ് – 31,200.00
ചിലവ് – 18,040.00
ലാഭം – 13,160.00
ലൈസൻസുകൾ
ഭക്ഷ്യ സുരക്ഷാ വിഭാഗം, അളവ് തൂക്ക വിഭാഗം, തദ്ദേശ ഭരണ സ്ഥാപനം ജി എസ് ടി എന്നിവിടങ്ങളിൽ നിന്നുള്ള ലൈസൻസ് ഉദ്യോഗ് ആധാർ എന്നിവ സംരംഭകൻ നേടിയിരിക്കണം.