കേരളത്തിന്റെ അതിവേഗ വളർച്ചക്കൊപ്പം ജനങ്ങളുടെ ജീവിതക്രമത്തിൽ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളിൽ ഒന്നാണ് ലോൺട്രി.കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാവുകയും അണുകുടുംബങ്ങൾ ഫ്ളാറ്റുകളിലേക്ക് ചേക്കേറുകയും കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്കാരാവുകയും ഈ ജോലിത്തിരക്ക് 24*7 ജോലി സമയത്തെ ഓവർ ടൈമുകളിലേക്ക് നീളുകയും വീട്ടു ജോലിക്ക് തൊഴിലാളികളെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല വ്യവസായങ്ങളെയും പോലെ ലോൺട്രിക്കും പ്രസക്തി ഏറുന്നത്. അടുത്തകാലം വരെ ലോൺട്രി വ്യവസായത്തെ സ്റ്റാറ്റസിനു ചേരുന്ന വ്യവസായമല്ല എന്നുള്ള പേരു പറഞ്ഞ് അകറ്റി നിർത്തിയിരുന്ന മലയാളി തന്നെ വിദേശ രാജ്യങ്ങളിൽ പോയി ലോൺട്രി കളിൽ ജോലി ചെയ്ത് പരിചയ സന്പത്തുമായി നാട്ടിൽ വന്ന് ഈ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായം എന്ന നിലയിലും വലിയ മൂലധന നിക്ഷേപം ആവശ്യമില്ല എന്നതും ഒറ്റത്തവണ മുതൽ മുടക്ക് നടത്തിക്കഴിഞ്ഞാൽ പിന്നീട് വലിയ തുക ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ മേഖലയിൽ ലോൺട്രിയെ ആകർഷകമാക്കുന്നു. വീടുകളിൽ നിന്നുള്ള തുണിത്തരങ്ങൾ അലക്കി തേയ്ച്ച് നൽകുന്നതോടൊപ്പം ഹോട്ടലുകൾ ടൂറിസ്റ്റ് ഹോമുകൾ, കോളേജ് , സ്കൂൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. വീടുകളിൽ നിന്നും ലഭിക്കുന്ന തുണിത്തരങ്ങൾക്ക് താരതമ്യേന ഉയർന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേർത്ത് നൽകുന്ന തുണിത്തരങ്ങൾക്ക് 30% അധിക തുകയും ലഭിക്കുന്നതാണ്. നിലവിൽ ഷർട്ട് മുണ്ട് ചുരിദാർ തുടങ്ങിയവയ്ക്ക് 20 രൂപയാണ് നിരക്ക് . ബെഡ്ഷീറ്റ് പുതപ്പ് സാരി തുടങ്ങിയവയ്ക്ക് 30 രൂപവരെ ലഭിക്കും. എന്നാൽ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾക്ക് 15 രൂപയെ ലഭിക്കുകയുള്ളു.
അടിസ്ഥാന സൗകര്യങ്ങൾ
പ്രതിദിനം വിവിധയിനത്തിൽപെട്ട 400 തുണികൾ അലക്കി തേച്ച് നൽകുന്ന ഒരു ലോൺട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയർ ഫീറ്റ് വാഷിംഗ് ഏരിയയും 400 സ്‌ക്വയർ ഫീറ്റ് ഡ്രയിങ് ഏരിയയും അടക്കം 1000 സ്‌ക്വയർ ഫീറ്റ് കെട്ടിട സൗകര്യമാണ് ആവശ്യമുള്ളത്. 10 കിലോവാട്ട് കണക്ടഡ് ലോഡ് ആവശ്യമുള്ളു എന്നതിനാൽ പവർ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാൽ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈൻ നിലവിലുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ത്രീ ഫേസ് ലൈനില്ലാത്ത സ്ഥലത്താണ് വ്യവസായം ആരംഭിക്കുന്നതെങ്കിൽ സ്വന്തം ചെലവിൽ ലൈൻ വലിക്കേണ്ടി വരും.
പ്രതിദിനം 400 തുണികൾ അളക്കുന്ന ജോലി പൂർത്തിയാക്കാൻ 2000 ലിറ്റർ വെള്ളം ആവശ്യമാണ്. ഈ വെള്ളം ഡിറ്റർജെന്റുകൾ കലർന്നതായതിനാൽ സേഫ്റ്റി ടാങ്കിൽ ശേഖരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ റീസൈക്ലിംഗ് പ്ലാന്റ് വെച്ച് ഈ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
ജോലിക്കാർ
ഇന്ത്യയിലെ പ്രധാന ലോൺട്രികളെ എടുത്തു പരിശോധിച്ചാൽ അവിടെയെല്ലാം കൂടുതലായി ജോലി ചെയ്‌യുന്നത് ഉത്തർ പ്രദേശുകാരായിരിക്കും. ഈ രംഗത്ത് അവർക്കുള്ള നൈപുണ്യമാണ് ഇത് വെളിവാക്കുന്നത്. തൊഴിലിൽ സംരംഭകന് പരിചയമുണ്ടെങ്കിൽ ഈ രംഗത്ത് പ്രവണ്യമുള്ള ഒരു യു പി കാരനെ തപ്പിപിടിക്കുന്നത് തുടക്കത്തിൽ ഗുണം ചെയ്‌യും. കൂടെ 3 സ്ത്രീ തൊഴിലാളികളും അടക്കം 4 ജീവനക്കാർ മതിയാകും.
മൂലധന നിക്ഷേപം
ഹെവി ഡ്യൂട്ടി വാഷിങ് മെഷ്യൻ 40 Kg. 2,65,000.00
സെന്ററിഫ്യൂജ് ക്ലോത്ത് ഡ്രയർ 25 Kg. 1,55,000.00
സോക്കിങ് ടാങ്ക് 2 No.s 27,000.00
റിൻസിംഗ് ടാങ്ക് 18,000.00
സ്‍റ്റി അയണിങ് ടേബിളും മിനി ബോയിലറും 91,000.00
അനുബന്ധ സൗകര്യങ്ങൾ വയറിങ് പ്ലംബിംഗ് തുടങ്ങിയവ 1,50,000.00
ആകെ 7,06,000.00
പ്രവർത്തന ചെലവുകൾ
(പ്രതിദിനം 400 തുണികൾ അലക്കി തേച്ച് ഡെലിവറി നൽകുന്നത് ഉൾപ്പെടെ)
ഡിറ്റർജന്റ് 4kg*Rs. 60.00 240.00
ഇലക്ട്രിസിറ്റി ചാർജ് 40 unit Rs 5.80 232.00
വെള്ളം 2000 ലിറ്റർ 1200.00
ജീവനക്കാരുടെ വേതനം 1*575 575.00
3*250. 750.00
ട്രാൻസ്‌പോർട്ടേഷൻ ചാർജ്( ഡ്രൈവറുടെ വേതനം, ഡീസൽ ) 1000.00
മറ്റ് ചെലവുകൾ 500.00
ആകെ 4497.00
5. വരവ്
(പ്രതിദിനം 400 തുണികൾ അലക്കി തേയ്ച്ച് നൽകുന്പോൾ ലഭിക്കുന്നത്)
400*20.00 = 8000.00
6. ലാഭം
8000.00-4497.00 = 3503.00
ഒരു മാസത്തെ ലാഭ നഷ്ട കണക്ക്
(26 ദിവസം പ്രവർത്തനം നടക്കുന്പോൾ ലഭിക്കുന്നത്)
വരവ് 26*8000 2,08,000.00
ചെലവ് 26*4497.00 1,16,922.00
ലാഭം 91,078.00
50 കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിലവിലുള്ള തയൽകടകളെയോ ചെറിയ റെക്സ്ടൈലുകളിലോ ഷോപ്പുകളെയോ കളക്ഷൻ സെന്ററുകളായി നിയമിക്കാവുന്നതും 10% വരെ കമ്മീഷൻ ഇത്തരം ഏജൻസികൾക്ക് നൽകാം. കൃത്യസമയത്ത് ശേഖരിക്കുന്നതും യഥാസമയം മടക്കി നൽകുന്നതും കൂടുതൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ സഹായിക്കാം.