കേരളത്തിലെ ജനങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ ക്ലീനിംഗ് ഉല്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് വിപണിയിൽ. ഫിനോയിലും ഹാൻഡ് വാഷും ടോയ്‌ലറ്റ് ക്ലീനറുമെല്ലാം വിപണിയിൽ കൂടുതലായി വിറ്റഴിക്കുന്നു. ഇത്തരത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഒരു ഉല്പന്നമാണ് നാഫ്തലീൻ ബോൾസ്. ടോയ്‌ലറ്റുകളിലും യൂറിനൽ കോംപ്ലക്സുകളിലും വാഷ് ബെയ്സനുകളിലുമെല്ലാം വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരകളിലുമെല്ലാം ഉപയോഗിക്കുന്നു.
ടി ഉല്പന്നത്തിന്റെ നിർമ്മാണ കുത്തക ഇപ്പോളും തമിഴ്‌നാട്ടുകാർക്കാണ്. തമിഴ് നാട്ടിലെ പ്രധാന കുടിൽ വ്യവസായത്തിൽ ഒന്നാണ് നാഫ്തലീൻ ബോൾ നിർമ്മാണം. തമിഴ് നാട്ടിൽ നിർമ്മിക്കുന്ന ഉല്പന്നം കൂടുതലായി വിറ്റഴിയുന്നത് കേരളത്തിലാണ്. എന്തുകൊണ്ട് നാഫ്തലീൻ ബോൾ നമുക്ക് കേരളത്തിൽ നിർമിച്ചുകൂടാ? പുതുതായി പ്രഖ്യാപിക്കുന്ന വ്യവസായ നയത്തിൽ 5 HP വരെയുള്ള ഗാർഹിക വ്യവസായങ്ങൾക്ക് അനുമതി നല്കാൻ ഗവൺമെന്റ് തയാറായി കഴിഞ്ഞു. ഈ സാധ്യത മുതലെടുത്ത് വീട്ടമ്മമാർക്ക് പോലും ആരംഭിക്കാവുന്ന ചെറുകിട വ്യവസായമാണ് നാഫ്തലീൻ.
സാദ്ധ്യതകൾ
കേരളത്തിൽ ഒഴിവുസമയം ചിലവഴിച്ച് ചെയാൻ കഴിയുന്ന വ്യവസായങ്ങൾക്ക് പ്രസക്തി ഏറെയാണ്. പ്രത്യേകിച്ചും വിപണി പ്രസക്തം കുറവുള്ളതും വില്പന സാധ്യത ഏറെയുള്ളതുമായ ഉത്പന്നങ്ങളുടെ നിർമ്മാണം. വലിയ മുതൽ മുടക്ക് ആവശ്യമില്ലാത്തതും കുറഞ്ഞ ചിലവിൽ കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയുന്നതും നാഫ്തലീൻ ബോൾ നിർമ്മാണത്തെ സംരംഭ സൗഹൃതമാക്കുന്നു.
ഓട്ടോമാറ്റിക്കായി നാഫ്തലീൻ ബോൾ നിർമ്മിക്കുന്ന യന്ത്രവും നിർമ്മാണത്തിനാവശ്യമായ റെഡിമിക്സും ലഭ്യമാണ്. വലിയ സാങ്കേതിക വിദ്യയുടെ ആവശ്യമില്ല. ചെറിയ രീതിയിലുള്ള പരിശീലനം നേടിയാൽ വിജയകരമായി നടപ്പാക്കുന്ന സംരംഭമാണ് നാഫ്തലീൻ ബോളുകളുടെ നിർമ്മാണം.
മാർക്കറ്റിംഗ്
കേരളത്തിൽ തന്നെ ഇതിന് വിപണിയുണ്ട്. ബൾക്കായി 1Kg പായ്ക്കുകളിലും ചെറിയ പായ്ക്കുകളിലും വില്പന നടത്താം. വിതരണക്കാരെ നിയമിച്ചും നേരിട്ടുള്ള വിതരണവും പരീക്ഷിക്കാവുന്നതാണ്. ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതിനാൽ സംരംഭത്തിന്റെ റിസ്‌ക് സാധ്യത തുലോം കുറവാണ്. ആകർഷകങ്ങളായ നിറങ്ങൾ ചേർത്തുള്ള ബോളുകൾക്കും ഡിമാന്റുണ്ട്.
നിർമ്മാണ രീതി
നാഫ്തലീൻ ബോൾ നിർമ്മാണത്തിന് ഫുൾ ഓട്ടോമാറ്റിക് യന്ത്രം ലഭ്യമാണ്. റിഫൈൻഡ് നാഫ്തലീൻ പൌഡർ ആണ് പ്രധാന അസംസ്‌കൃത വസ്തു. നാഫ്തലീൻ നിർമ്മാണ യന്ത്രത്തിൽ ആവശ്യമായ വലിപ്പത്തിലുള്ള ഡൈ സെറ്റ് ചെയ്തതിനു ശേഷം റിഫൈൻഡ് നാഫ്തലീൻ പൌഡർ യന്തത്തിൽ ലോഡ് ചെയുക. തുടർന്ന് വലുപ്പത്തിന് അനുസരിച്ച് മണിക്കൂറിൽ 150 kg വരെ നാഫ്തലീൻ ബോളുകൾ നിർമ്മിക്കാവുന്നതാണ്. യന്ത്രത്തിൽ നിന്നും ബോൾ രൂപത്തിൽ ലഭിക്കുന്ന നഫ്താലിനുകൾ പായ്‌ക്കുകളിലാക്കി വില്പനയ്ക്ക് തയാറാക്കാം.
മൂലധന നിക്ഷേപം
- നാഫ്തലീൻ നിർമ്മാണ യന്ത്രം 1.5 hp മോട്ടോർ ഉൾപ്പടെ = 1,30,000.00
- പായ്ക്കിംഗ് മെഷ്യൻ = 26,000.00
- അനുബന്ധ ഉപകരണങ്ങൾ = 5,000
ആകെ = 1,61,000.00
പ്രവർത്തന വരവ് ചിലവ് കണക്കുകൾ
(പ്രതിദിനം 300 kg നാഫ്തലീൻ ബോളുകൾ ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ് )
- നാഫ്തലീൻ പൌഡർ 300kg*85.00 = 25,500.00
- ജോലിക്കാരുടെ വേതനം = 1000.00
- പായ്ക്കിംഗ് ചാർജ് = 600.00
- വൈദ്യുതി അനുബന്ധ ചിലവുകൾ =400.00
ആകെ =27500.00
വരവ്
(300 kg നഫ്താലിൻ ബോക്സുകൾ വില്പന നടത്തുന്പോൾ ലഭിക്കുന്നത് )
- 1kg നാഫ്തലീൻ ബോൾ MRP = 200.00
- 30% കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് = 140.00/kg
300*140 =42000.00
ലാഭം
42,000.00-27,500.00 = 14,500.00
സാങ്കേതികവിദ്യ, പരിശീലനം
ചെറുകിട വ്യവസായ ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്ക് പിറവത്ത് നാഫ്തലീൻ നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ് 0485 2242310.
ലൈസൻസുകൾ
തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും ലൈസൻസ് നേടിയിരിക്കണം.തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയിൽ നിന്നുമുള്ള ലൈസൻസുകളും ജി.എസ്.ടി. യും ആവശ്യമാണ്.