കേരളം നാളികേര അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് വലിയ സാധ്യതയുള്ള നാടാണ്. പരന്പരാഗത നാളികേര വ്യവസായങ്ങൾ കേരളത്തിൽ വലിയ പ്രതിസന്ധി നേരിടുംബോളും നാളികേരത്തിൽ നിന്നുള്ള നവ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണി കീഴടക്കുന്ന സ്ഥിയാണുള്ളത്. കേരളം നാളികേരത്തിന്റെ നാടാണെങ്കിലും ഈ വ്യവസായങ്ങൾ കൂടുതലും നിലകൊള്ളുന്നത് കർണ്ണാടകയിലും തമിഴ്‌നാട്ടിലുമാണ്. വെർജിൻ കോക്കനട്ട് ഓയിലും ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും കോക്കനട്ട് ചിപ്‌സുമെല്ലാം വിദേശത്തും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിപണി കീഴടക്കി കഴിഞ്ഞു. തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഗവൺമെന്റിനു കീഴിൽ കൃഷി വകുപ്പും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ നാളികേര വികസന ബോർഡും തോട്ടവിള ഗവേഷണ കേന്ദ്രവുമെല്ലാം നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പഴയ തെങ്ങുകൾ വെട്ടിമാറ്റി അത്യുല്പാദന ശേഷിയുള്ള ഉയരം കുറഞ്ഞ തെങ്ങിനങ്ങൾ വ്യാപിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.അതോടൊപ്പം തന്നെ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു മേഖലയാണ് നാളികേരത്തിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണം. വിപണി ആവശ്യപ്പെടുന്ന തരത്തിലുള്ള ഉല്പന്നങ്ങൾ ചിലവ് കുറച്ച് ഗുണമേന്മ നിലനിർത്തി ഉല്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ നമുക്ക് കഴിയണം.ഇത്തരത്തിലുള്ള ഉല്പാദന പ്രിക്രിയക്ക് പ്രാപ്തമാകുന്ന തരത്തിലുള്ള ഇൻഡസ്‌ട്രിയൽ ട്രെയിനിംഗുകൾ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും നൽകണം. ലോക തലത്തിൽ സ്വീകാര്യതയുള്ള നിർമ്മാണ രീതികൾക്ക് ഉതകുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കണം. ആയത് സമയബന്ധിതമായി സംരംഭകരിലേക്ക് കൈമാറ്റപെടുകയും വേണം.
കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും കുറഞ്ഞ ചിലവിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് തേങ്ങാപ്പീര സംസ്‌കരണം.
സാധ്യതകൾ
തേങ്ങ മലാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത കാർഷിക ഉല്പന്നമാണ്. നിത്യ ജീവിതത്തിന്റെ ഭാഗവും. അതോടൊപ്പം അന്യസംസ്ഥാനക്കാരും വിദേശികളും നാളികേരത്തിന്റെയും അനുബന്ധ ഉല്പന്നനങ്ങളുടെയും ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കൂടുതൽ മുതൽ മുടക്ക് വേണ്ടിവരും എന്നതാണ് കാർഷിക അനുബന്ധ സംരംഭകരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്.
തേങ്ങാപ്പീര സംസ്കരണം കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കാർഷിക അനുബന്ധ സംരംഭമാണ്. ഉണങ്ങുന്നതിനുള്ള ഡ്രയറും ചിരവി എടുക്കുന്നതിനുള്ള അനുബന്ധ യന്ത്രങ്ങളും പായ്‌കിംഗ് മെഷ്യനുമുണ്ടെങ്കിൽ ടി സംരംഭത്തിന് തുടക്കം കുറിക്കാം. ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉണക്കിയെടുത്ത തേങ്ങാപ്പീരക്ക് നിരവധിയായ ഉപയോഗങ്ങളുണ്ട്. വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലെല്ലാം തേങ്ങാപ്പീര ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഈ ഉൽപന്നത്തിന്റെ വിപണിയും വലുതാണ്. നഗര ജീവിതത്തിൽ തേങ്ങാവാങ്ങി പൊട്ടിച്ച് ചിരവിയെടുത്ത്, ചിരട്ട വീട്ടിൽ നിന്ന് ഒഴുവാക്കുന്നതടക്കം ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്ന വീട്ടമ്മമാർ നേരിടുന്ന പ്രശ്‍നത്തിനുള്ള പരിഹാരവുമാണ് സംസ്‌കരിച്ച തേങ്ങാപ്പീര.
മാർക്കറ്റിംഗ്
250g , 500g, 1Kg പായ്‌ക്കുകളിലാക്കി ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴിയും 10Kg പായ്‌ക്കുകളിൽ ഹോട്ടലുകൾ, ബേക്കറികൾ, ബിസ്‌ക്കറ്റ് കന്പനികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾക്കും നൽകാം. നേരിട്ടും വിതരണക്കാരെ നിയമിചച്ചും ഓൺലൈൻ വിൽപനയ്ക്ക് സഹായിക്കുന്ന വെബ്‌സൈറ്റുകൾ വഴിയും മാർക്കറ്റിംഗ് സാധ്യമാക്കാം.
നിർമ്മാണ രീതി
മൂപ്പെത്തിയ നാളികേരം ഉടച്ച് ഇലക്ട്രിക്ക് പീലർ ഉപയോഗിച്ച് ചിരവിയെടുക്കുന്നു. തുടർന്ന് ഹോട്ട് എയർ ഡ്രയറിൽ 4 മണിക്കൂർ ഉണക്കിയെടുക്കുന്നു. ഗുണമേന്മയുള്ള പായ്‌ക്കിംഗ് കവറുകളിൽ നിറച്ച് വില്പനയ്‌ക്കെത്തിക്കാം.
സാങ്കേതികവിദ്യ , പരിശീലനം
കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ തേങ്ങാപ്പീര നിർമ്മാണത്തിൽ പരിശീലനം ലഭിക്കും. ഫോൺ: 0485-2232310
മൂലധന നിക്ഷേപം
(പ്രതിദിനം 130 kg തേങ്ങാപ്പീര സംസ്കരിക്കുന്നതിന് )
- ഡ്രയർ = 1,50,000.00
- പീലിംഗ് യന്ത്രം = 25,000.00
- പായ്‌ക്കിംഗ് യന്ത്രം = 25,000.00
- അനുബന്ധ സംവിധാനങ്ങൾ = 30,000.00
ആകെ = 2,30,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 130kg സംസ്കരിച്ച് തേങ്ങാപ്പീര ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ് )
- തേങ്ങ 1000 Nos = 16,500.00
- തൊഴിലാളികളുടെ വേതനം = 2,000.00
- പായ്‌ക്കിംഗ് മെറ്റീരിയൽ 130* 5.00 = 650.00
- വൈദ്യുതി ചാർജ്, അനുബന്ധ ചിലവുകൾ = 500.00
ആകെ = 19,650.00
വരവ്
(130kg സംസ്‌കരിച്ച തേങ്ങാപ്പീര വിറ്റഴിക്കുംബോൾ ലഭിക്കുന്നത്. )
- 1kg തേങ്ങാപ്പീര MRP = 300.00
- കമ്മീഷൻ കിഴിച്ച് ഉത്പാദകന് ലഭിക്കുന്നത് = 210.00
210.00* 130 Kg = 27,300.00
ലാഭം
വരവ് = 27,300.00
ചിലവ് = 19,650.00
ലാഭം = 7,650.00
അനുബന്ധ വരുമാനങ്ങൾ
1000 തേങ്ങ സംസ്കരിക്കുന്പോൾ 100 ലിറ്റർ നാളികേര വെള്ളം ലഭിക്കും. ടി വെള്ളത്തിൽ നിന്ന് കേരകൂൾ നിർമ്മിച്ച് വിപണിയിലെത്തിച്ചാൽ 5000 രൂപ വരെ ലാഭം നേടാം. ചിരട്ട വില്പനകളുടെ വരുമാനം വേറെ ലഭിക്കും.
ലൈസൻസുകൾ, സബ്‌സിഡി
ഉദ്യോഗ് ആധാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ്, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്‌സിഡി ലഭിക്കും.