കരിക്കിൻ വെള്ളം സംസ്‌കരണം

കേരളത്തിന്റെ തനത് പാനീയമാണ് ഇളനീർ. പോഷക സമൃദ്ധവും പ്രകൃതിദത്തവുമായ ഇളനീരിന് ലോകത്ത്  പൊതുവേയും രാജ്യത്ത് ആക മാനവും വലിയ ഡിമാൻഡാണ് ഉള്ളത്. കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളും ധാതുക്കളും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യദായകവുമാണ്. രോഗികൾക്കും കുട്ടികൾക്കും വരെ ഡോക്ടർ മരുന്നിനൊപ്പം കരിക്കിൻ വെള്ളം നിർദേശിക്കുന്നു എന്നുള്ളത് ഈ ഗുണങ്ങൾ കൊണ്ടുകൂടിയാണ്.” അൺടച്ച്ഡ് വാട്ടർ” എന്ന നിലയിലും ഹെൽത്ത് ഡ്രിങ്ക് എന്ന രീതിയിലും കരിക്കിൻ വെള്ളത്തിന് ഏറെ സ്വീകാര്യതയാണുള്ളത്. ഉത്തരേന്ത്യയിൽ അടക്കം വലിയ തോതിൽ ആവശ്യക്കാർ നിലനിൽക്കുന്പോളും ഉദ്‌പാദന യൂണിറ്റുകളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിലും, കർണാടകയിലും, തമിഴ്‌നാട്ടിലും,ആന്ധ്രയിലുമായി ആകെയുള്ളത് 12-ൽ താഴെ യൂണിറ്റുകളാണ്. ഇതിൽ തന്നെ പകുതിയിലധികവും പൂർണ്ണമായും വിദേശ വിപണിയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്.

വിപണിയിൽ നിലവിലുള്ള ശീതള പാനീയങ്ങളുമായി താരതമ്യം ചെയ്യുംന്പോൾ അൽപ്പം വില കൂടുതലായി തോന്നുമെങ്കിലും   പ്രകൃതിദത്ത ഭക്ഷണ-പാനീയങ്ങളെക്കുറിച്ച് ജനങ്ങളിലുണ്ടായ തിരിച്ചറിവ് ഈ വില വർദ്ധനവിനെ അപ്രസക്തമാക്കുന്നു. 

തെങ്ങുകൃഷിയിൽ അടുത്തകാലത്തായി രൂപപ്പെട്ടു വന്നിട്ടുള്ള സി.പി.എസ് ഫെഡറേഷൻ തുടങ്ങിയ കാർഷിക കൂട്ടായ്മകൾ വഴി അസംസ്‌കൃത വസ്തുവായ ഇളനീർ സംഭരണം സുഗമമാണ്.കൂടാതെ പാലക്കാട്, കന്പം,മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലോഡ് കണക്കിന് ഇളനീർ എത്തിച്ചുതരുന്ന ഏജൻസികളും നിലവിലുണ്ട്. 

  ചിലവുകുറഞ്ഞ സാങ്കേതിക വിദ്യഉപയോഗപ്പെടുത്തി ഏഴ് ലക്ഷം രൂപ മുതൽ മുടക്കിൽ വളരെയേറെ സാധ്യതയുള്ള ഈ വ്യവസായം ആരംഭിക്കാവുന്നതാണ്. തുടക്കത്തിൽ സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനു പകരം നാട്ടിൻപുറത്തുള്ള ഒരുവീട് വാടകയ്‌ക്ക് എടുക്കുന്നത് ചിലവ് കുറയ്‌ക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 250 മി.ല്ലി. വീതം അളവുള്ള 600 ക്യാനുകളോ ബോട്ടിലുകളോ ലക്ഷ്യം വച്ച് ഉദ്‌പാദനം ആരംഭിക്കുന്നു. ഇതിനായി 4 സ്‌ത്രീ തൊഴിലാളികൾ മതിയാകും. നാട്ടിൻ പുറമാണെങ്കിൽ ജോലിക്കാരെ ലഭിക്കാൻ വളരെ എളുപ്പമായിരിക്കും.  

പഞ്ചായത്ത് ലൈസൻസ്,ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ, സെയിൽ ടാക്‌സ് രജിസ്‌ട്രേഷൻ,വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുന്ന ഇ.എം പാർട്ട് 1 എന്നീ അനുമതികളാണ് ആവശ്യമുള്ളത്.

എടുത്തു മാറ്റാവുന്ന മിഷ്യനറികൾ ഉപയോഗിക്കുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ബുദ്ധിമുട്ടില്ല.

വിപണി 

ഹോസ് പിറ്റലുകൾ, നക്ഷത്ര ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, സിനിമ തീയറ്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജ്യൂസ് പാർലറുകൾ തുടങ്ങി എല്ലായിടത്തും കരിക്കിൻ വെള്ളത്തിന് നല്ല മാർക്കറ്റുണ്ട്. മത്‌സരിക്കാൻ മറ്റ് ഉൽപന്നങ്ങൾ വിപണിയിലില്ല എന്നുള്ളത് കൊണ്ടുതന്നെ കുത്തക മാർക്കറ്റ് നേടിയെടുക്കാൻ സാധിക്കും.

സാങ്കേതികവിദ്യ 

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള അഗ്രികൾച്ചർ  വാല്യൂ ആഡഡ് പ്രോഡക്ട് റിസേർച്ച്‌ ആൻഡ് ഡവിലപിംഗ് സെന്റർ (കാവ് പ്രാഡ്)ൽ നിന്നും ബോട്ടിലുകളിലും ടിൻ ക്യാനുകളിലും നിറച്ച് 4 മാസം വരെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ ലഭ്യമാണ്. ഈ  സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ് ക്കരിക്കുന്ന കരിക്കിൻ വെള്ളം രുചിയും ഗുണമേന്മയും നഷ്ടപ്പെടാതെ സാധാരണ ഊഷ്മാവിൽ 4 മാസം സൂക്ഷിക്കാൻ സാധിക്കും. ഫോൺ : 0485-2242 310 

മാർക്കറ്റിംഗ് 

തുടക്കത്തിൽ ഉള്ള മാർക്കറ്റിംഗ് മാത്രമേ ആവശ്യമുള്ളൂ. വില്പനകേന്ദ്രങ്ങളിൽ നേരിട്ടെത്തി സാന്പിൾ ഉല്പന്നം നൽകൂ.ഓർഡർ എടുക്കുക. ഇത്തരത്തിൽ 6 ദിവസം വിതരണം നടത്താൻ പ്രതിദിനം 15 വില്‌പന കേന്ദ്രങ്ങൾ വീതം 90 വില്‌പന കേന്ദ്രങ്ങളെ കണ്ടെത്താം.ആവശ്യമായ മാർജിൻ നൽകുക. ഷോപ്പുകളിൽ പതിക്കുന്ന പോസ്റ്ററുകൾ മുഖാന്തിരം ജനങ്ങളെ അറിയിക്കുക. തുടക്കത്തിലെ മൂന്നോ നാലോ പ്രാവശ്യം വില്പന കേന്ദ്രങ്ങൾ സന്ദർശിച്ച് വില്പനക്കാരുമായി സൗഹൃദം സൃഷ്ടിക്കുക. പിന്നീട് ആഴ്ച്ചയിൽ ഒരു സപ്ലൈ വീതം നൽകിയാൽ മതിയാകും.

പദ്ധതി ചിലവ് 

1. മെഷീനറികൾ,അനുബന്ധ ഉപകരണങ്ങൾ, വയറിംഗ്,പ്ലംബിംഗ് മുതലായവ = 4,50,000.00

2. സാങ്കേതിക വിദ്യ, പരിശീലനം, ആജീവനാന്ത ബാക്ക് സപ്പോർട്ട്                =2,50,000.00

3. പ്രവർത്തന മൂലധനം         = 50,000.000

      ആകെ                                = 7,50,000.000   

പ്രവർത്തന ചിലവുകൾ

 (250 മില്ലി വീതമുള്ള 600 ക്യാനുകൾ പ്രതിദിനം നിർമ്മിച്ച് വിതരണം നടത്തുന്നതിനുള്ള ചിലവ്) 

  1. കരിക്ക് 210 എണ്ണം *20.00 =  4200.00   
  2. പായ്ക്കിംഗ് മെറ്റീരിയൽസ് 600*8= 4800.00
  3. പണിക്കൂലി (4*400.00)=1600.00
  4. മറ്റ് അസംസ്‌കൃത വസ്തുക്കൾ =270.00
  5. വൈദ്യുതി ചാർജ് =200.00

ആകെ ചിലവ് =11,070.00

വിറ്റുവരവ് 

(250 മില്ലി വീതമുള്ള 600 ക്യാനുകൾ വില്പന നടത്തുന്പോൾ ലഭിക്കുന്നത്) 

1. 250 മില്ലി ക്യാൻ (എം. ആർ. പി. )=45.00

2. കമ്മീഷൻ കിഴിച്ച്  വില്പനക്കാർക്ക് നൽകുന്ന വില =31.50

3. 600 എണ്ണം *31.50=18,900.00

ഒരു ദിവസത്തെ ലാഭം 

ആകെ വരവ്  = 18,900.00

ആകെ ചിലവ് =11070.00

ലാഭം =7830.00

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും എളുപ്പത്തിൽ മാർക്കറ്റ് ചെയ്‌യാവുന്നതും കൂടുതൽ ലാഭം നേടാൻ കഴിയുന്നതുമായ സംരംഭമാണ് കരിക്കിൻ വെള്ള സംസ്കരണം. സ്ഥിര നിക്ഷേപത്തിന്റെ 30 % വരെ സംസ്ഥാന വ്യവസായ വകുപ്പിന്റെ സബ്‌സിഡിയും ലഭിക്കും. കൂടാതെ കരിക്കിന്റെ തൊണ്ടിൽ നിന്ന് ജൈവവളം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്.കരിക്കിൻ കാന്പ്  ഐസ്ക്രീം കന്പനികൾക്കും വിലയിട്ട് നൽകാം.

Projects

Share This