കേരളത്തിൽ ചെറുകിട വ്യവസായ രംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിത്. നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി ലഭ്യമാക്കിയതുവഴി ഗവൺമെന്റ് പുതിയ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്‌ടിക്കുക കൂടി ചെയ്‌തിരിക്കുന്നു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനായി ഏകജാലക സംവിധാനം രൂപ കൽപ്പന ചെയ്‌തതുവഴി കേരളം സംരംഭക സൗഹൃതമാകുന്നു എന്ന സന്ദേശം കൂടി നൽകുകയാണ്. ഇത് കേരളീയ യുവത്വത്തെ തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്നും തൊഴിൽ ഉടമകളും തൊഴിൽ ദാതാക്കളും എന്ന നിലയിലേക്കുള്ള മാറ്റത്തിനു കളമൊരുക്കും.
അന്യസംസ്ഥാനങ്ങൾക്ക് നിർമ്മാണ കുത്തകയുള്ളതും കേരത്തിൽ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്പന്നങ്ങളുണ്ട്. ഇവയിൽ പലതും നാനോ കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയുന്നതാണ്. ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ ലഭ്യമാക്കി കേരളത്തിൽ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ വലിയ വ്യവായിക മുന്നേറ്റം തന്നെ സാദ്ധ്യമാകും.ഗുണമേന്മ നിലനിർത്തി നിർമ്മിക്കാൻ കഴിഞ്ഞാൽ ഇത്തരം ഉല്പന്നങ്ങൾക്ക് വളരെവേഗം വിപണി കീഴടക്കാൻ സാധിക്കും. ഇത്തരത്തിൽ നാനോ ഗാർഹിക സംരംഭമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം.
സാധ്യത
കേരളത്തിൽ എയർ ഫ്രഷ്‌നർ നിർമ്മാണ കന്പനികൾ കുറവാണ്. പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി റീ ബ്രാൻഡ് ചെയ്‌ത് വിൽക്കുകയാണ് ചെയ്‌യുന്നത്. അന്യ സംസ്‌ഥാന നിർമ്മാതാക്കൾക്കാണ് ഈ രംഗത്തെ കുത്തക. എന്നാൽ കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകൾ.പ്രാദേശിക നിർമ്മാതാവ് എന്ന നിലയിൽ ബ്രാൻഡ് ചെയ്‌യാൻ കഴിഞ്ഞാൽ വളരെ വേഗം വിപണിയുടെ സ്വീകാര്യത നേടാൻ സാധിക്കും.
വലിയ സാങ്കേതിക വിദ്യകൾ ഒന്നും ആവശ്യമില്ല എന്നതും സ്‌ത്രീകൾക്ക് പോലും യന്ത്രം പ്രവർത്തിപ്പിച്ച് നിർമ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതൽ സ്വീകാര്യത നൽകുന്നു. എല്ലാത്തിനും ഉപരി കേരളത്തിൽ വലിയ വിപണി നിലനിൽക്കുന്നു എന്നത് തന്നെയാണ് ഈ വ്യവസായത്തിൽ ഏറ്റവും വലിയ ആകർഷണീയത.
മാർക്കറ്റിംഗ്
പ്രാദേശികമായി നേരിട്ട് മാർക്കറ്റ് ചെയ്‌യുന്നതോടൊപ്പം മറ്റ് സ്ഥലങ്ങളിലേക്ക് വിതരണക്കാരെ നിയമിച്ചും വിൽപ്പന സാധ്യമാക്കാം. സൂപ്പർ മാർക്കറ്റുകൾ, പ്രൊവിഷൻ സ്റ്റാളുകൾ, സ്റ്റേഷനറി ഷോപ്പുകൾ വഴിയെല്ലാം വിൽപ്പന സാധ്യമാക്കാം. സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ, കൺസ്യൂമർഫെഡ് സ്റ്റാളുകൾ വഴിയും വിൽപനയ്ക്ക് ശ്രമിക്കാവുന്നതാണ്.
നിർമ്മാണരീതി
പാരാ ഡി ക്ലോറോബൻസിൽ പൗഡറിൽ നിശ്ചിത അനുപാതത്തിൽ ഓയിൽ ബേസ്‌ഡ് ഇൻഡസ്‌ട്രിയൽ പെർഫ്യൂം, കളർ എന്നിവ ചേർത്ത് നന്നായി ഇളക്കിയാണ് റൂം ഫ്രഷ്‌നർ നിർമ്മിക്കുന്നതിനുള്ള റെഡി മിക്സ് നിർമ്മിക്കുന്നത്. തുടർന്ന് ഈ റെഡിമിക്സ് പഞ്ചിംഗ് മെഷ്യനിൽ നിറച്ച് കേക്ക് രൂപത്തിലും ബോൾ രൂപത്തിലും നിർമ്മിച്ചെടുക്കാം. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിന് പഞ്ചിംഗ് യന്ത്രത്തിന്റെ ഡൈ മാറ്റി സ്ഥാപിക്കാൻ സാധിക്കും.തുടർന്ന് ജലാറ്റിൻ ഫോയിലുകൾ ഉപയോഗിച്ച് വായു കടക്കാതെ കവർ ചെയ്‌തതിനു ശേഷം പ്ലാസ്റ്റിക് നെറ്റും ലോക്കും ഉപയോഗിച്ച് പായ്‌ക്ക് ചെയ്‌ത് വിപണിയിലെത്തിക്കാം. 100g കേക്ക് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കും.
മൂലധന നിക്ഷേപം
- എയർ ഫ്രഷ്‌നർ നിർമ്മാണ യന്ത്രം. = 2,50,000.00
- പായ്‌ക്കിംഗ് യന്ത്രം = 30,000.00
- അനുബന്ധ ചിലവുകൾ = 20,000.00
ആകെ = 3,00,000.00
പ്രവർത്തന മൂലധനം
- അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുന്നതിനുള്ള ചിലവ് = 50,000.00
- പായ്‌ക്കിംഗ് അനുബന്ധ സാമഗ്രികൾക്കുള്ള ചിലവ് = 25,000.00
ആകെ = 75,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
(പ്രതിദിനം 1000 എയർ ഫ്രഷ്നറുകൾ നിർമ്മിക്കുന്നതിനുള്ള ചിലവ്)
- പാരാ ഡി ക്ലോറോ ബൻസിൽ പൌഡർ 100kg* 67.00 = 6,700.00
- സുഗന്ധം (ലാവെൻഡർ) 1 ltr = 1,200.00
- ജലാറ്റിൻ പേപ്പർ = 300.00
- നെറ്റ് , ലോക്ക് = 600.00
- ഇതര ചിലവുകൾ = 250.00
- ജീവനക്കാരുടെ വേതനം = 1,500.00
- പായ്‌ക്കിംഗ് ചാർജ് = 600.00
- ട്രാൻസ്‌പോർട്ടേഷൻ = 2,000.00
ആകെ = 13,150.00
വരവ്
(പ്രതിദിനം 100g വീതമുള്ള 1000 എയർ ഫ്രഷ്നറുകൾ കേക്കുകൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്)
- 100g എയർ ഫ്രഷ്നർ കേക്ക് MRP = 50.00
- വില്പനക്കാരുടെ കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് 32.50
- 1000*32.50= 32,500.00
ലാഭം
വരവ് = 32,500.00
ചിലവ് =13,150.00
ലാഭം = 32,500.00-13,150.00= 19,350.00
സാങ്കേതികവിദ്യയും യന്ത്രങ്ങളും
കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ യന്ത്രങ്ങളും സാങ്കേതിക സഹായവും ലഭിക്കും.0485 2242310
ലൈസൻസ്, സബ്‌സിഡി
ഉദ്യോഗ് ആധാർ നേടണം. മുതൽ മുടക്കിന് അനുസൃതമായ സബ്‌സിഡി വ്യവസായവകുപ്പിൽ നിന്ന് ലഭിക്കും.