കേരളത്തിലെ നിർമ്മാണ മേഖല കുതിപ്പ് തുടരുകയാണ്. വീടുകളിലും ഫ്ലാറ്റുപോലുള്ള കെട്ടിട സമുച്ചയങ്ങളിലും വാണിജ്യ നിർമ്മിതികളിലുമെല്ലാം മുറ്റത്തുവിരിക്കുന്ന ഡിസൈനർ ടൈലുകൾ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു. കൂടാതെ ടാറിംഗ് അനുയോഗ്യമല്ലാത്ത റോഡ് നിർമ്മിതിക്കും കോൺക്രീറ്റ് ഡിസൈനർ ടൈലുകളാണ് ഉപയോഗിക്കുന്നത്. പാർക്കിംഗ് ഏരിയകളും വോക്ക് വേകളും ഡിസൈനർ പാവിംഗ് ടൈലുവിരിച്ചു ഭംഗിയാക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. മുൻപ് ഇത്തരം ഉപയോഗത്തിന് കോൺക്രീറ്റാണ് ഉപയോഗിച്ചിരുന്നത്. നാളുകൾ കഴിയുന്പോൾ പായലും വഴുക്കലും നിറഞ്ഞ നടക്കാൻ സാധിക്കാതെ ആകും എന്നുള്ളത് തന്നെ ആയിരുന്നു കോൺക്രീറ്റിന്റെ ന്യുനത. മുൻപ് ഉരുളൻ പാറക്കല്ലും ബേബി മെറ്റലും വിരിച്ചു ഭംഗിയാക്കിയിരുന്ന മുറ്റമൊക്കെ വിവിധ വർണ്ണങ്ങളിലും ആകൃതിയിലുമുള്ള ഡിസൈനർ ടൈലുവിരിച്ചു മോഡി കൂടിയിരിക്കുന്നു. വേനൽക്കാലത്തു മൂന്നു മാസം മുൻകൂർ ബുക്ക് ചെയ്‌താൽ പോലും ഡിസൈനർ ടൈലുകൾ ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിലെ പുതിയ നിർമ്മിതികളുടടെയെല്ലാം എസ്റ്റിമേറ്റുകൾ ഡിസൈനർ ടൈൽ വിരിക്കുന്നതിനുള്ള തുകയും ഉൾകൊള്ളിച്ചുള്ളതാണ് എന്നുള്ളതാണ് വാസ്തവം.
സാദ്ധ്യതകൾ
കേരളത്തിലെ ഉയർന്ന ജീവിത നിലവാരവും സാമൂഹിക ജീവിതത്തിലെ ഉന്നതാവസ്ഥയും എല്ലാവരും ഉയർന്ന അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജീവിക്കാൻ ആഗ്രഹിക്കുന്നതും ഈ വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. പരസ്യക്കാർ പറയുന്നത് അല്പമൊന്ന് മാറ്റിയാൽ തെക്കേവീടും വടക്കേവീടും കിഴക്കേലുമെല്ലാം ഡിസൈനർ ടൈലുകൾ മുറ്റം അലങ്കരിക്കുന്പോൾ നമുക്കുമാത്രം മുറ്റം ടൈൽ വിരിക്കാതെ മുന്നോട്ടു പോകാനാവില്ല. അത് അഭിമാന പ്രശ്നമായി മാറിക്കഴിഞ്ഞു. കേരളത്തിൽ നിലവിലുള്ള 15% നിർമ്മിതികളിലേക്ക് ഡിസൈനർ ടൈലുകൾ വ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയിൽ 70% ടൈൽ വിരിക്കാൻ പ്രാപ്തിയുള്ളവരാണ്. കൂടാതെ അനുദിനം പെരുകുന്ന പുതിയ നിർമ്മിതികളും മുന്നിലുണ്ട്. റോഡ് നിർമ്മാണത്തിലും ഡിസൈനർ ടൈലുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
മാർക്കറ്റിംഗ്
വിവിധ ഡിസൈനുകളിലുള്ള കോൺക്രീറ്റ് ടൈലുകൾ പ്രദർശിപ്പിക്കുന്നതിനും മറ്റുമായി പ്രധാന റോഡരികിൽ ഒരു ഓഫീസിൽ സജ്ജീകരിക്കുന്നത് നല്ലതായിരിക്കും. കൂടാതെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൊതുമരാമത്തുവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ കൊട്ടേഷൻ പങ്കെടുക്കാൻ ശ്രെമിക്കാം . ജി.എസ്.ടി രജിസ്‌ട്രേഷൻ ഇത്തരം പ്രവർത്തികൾക്ക് ആവശ്യമായ വരും. സ്വകാര്യ ജോലികൾ നേടുന്നതിന് പ്രാദേശികമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ചെയുന്നത് മേസ്തിരിയുമായി ഒരു അടുപ്പം സ്ഥാപിക്കുന്നത് നല്ലതായിരിക്കും. വർഷത്തിൽ ഒരിക്കൽ ഇത്തരം കരാറുകാരെയും മേസ്തിരിമാരെയും വിളിച്ചുകൂട്ടി സൗഹൃദ സായാഹ്നങ്ങൾ സംഘടിപ്പിക്കുന്നതിനും കൂടുതൽ ഓർഡർ നേടുന്നതിന് സഹായിക്കും.യാത്രയുടെ ഇടയിലും പുതിയ നിർമ്മിതികൾ നടക്കുന്നതിനു കണ്ടാൽ അവിടെ ഇറങ്ങി ഒരു വിസിറ്റിംഗ് കാർഡ് നൽകുന്നത് എളുപ്പത്തിലുള്ള മാർക്കറ്റിംഗ് ആണ്.
ഇത്തരം മാർകെറ്റിംഗുകളൊക്കെ മത്സരം നിലനിൽക്കുന്ന സമയത്തെ ആവശ്യമുള്ളു. സ്ഥിതി 30 ദിവസം മുൻപ് ബുക്ക് ചെയ്‌താൽ പോലും കട്ട വിരിച്ചു നൽകാൻ കഴിയാത്ത അത്ര ഓർഡറുകൾ വ്യാപാരികളെ തേടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
നിർമ്മാണരീതി
വൈറ്റ് സിമെന്റും കളർ ഓക്‌സൈഡ് വാഷ് ചെയ്‌ത എംസാൻഡും ബേബി മെറ്റലും ആവശ്യമായ സൊലൂഷനും നിശ്ചിത അനുപാതത്തിൽ പാൻ മിക്സറിൽ യോജിപ്പിച്ചു ഒരിഞ്ച് കനത്തിൽ റബർ ഡൈകളിൽ നിറക്കുന്നു. ആദ്യഘട്ടം നിരക്കുന്നതിനു മുൻപ് റബ്ബർ മോൾഡ് സോപ്പ്പ് ഓയിൽ ഉപയോഗിച്ച് മിനുസപ്പെടുത്തും. തുടർന്ന് വൈബ്രേറ്റർ മൂവറിൽ വച്ച് ഉറപ്പുവരുത്തും. കോൺക്രീറ്റ് മിക്സിങ് മെഷിനിലുണ്ടാക്കിയ കോൺക്രീറ്റ് ബാക്കിയുള്ള ഭാഗത്ത് നിറയ്‌ക്കാം. ഈ മിക്സിനും മോൾഡിനും ആവശ്യമായ വൈബ്രേഷൻ നൽകും. ബേബി മെറ്റലും എംസാൻഡും സിമെന്റും സെറ്റിങ് സൊലൂഷനുമാണ് രണ്ടാം ഘട്ടത്തിലും ഉപയോഗിക്കുന്നത്. തുടർന്ന് തണലിൽ വെച്ച് 4 ദിവസം ഉണക്കിയെടുക്കാം. പോളിമർ പോളിഷ് ഉപയോഗിച്ച് ഭംഗി വരുത്തുന്നതോടെ ടൈൽ റെഡി. മറ്റു കോൺക്രീറ്റുകൾക്ക് ചെയ്‌യുന്നതുപോലെ വാട്ടർ ക്യൂറിഗിന്റെ ആവശ്യമില്ല. പ്രതിദിനം 500 സ്‌ക്വയർ ഫീറ്റ് ടൈലുകളെങ്കിലും നിർമ്മിക്കാൻ കഴിയുന്ന യൂണിറ്റ് സ്ഥാപിച്ചെങ്കിലേ ഈ രംഗത്ത് സുഗമമായി മുന്നോട് പോകാൻ സാധിക്കു. 500 സ്‌ക്വയർ ഫീറ്റ് ഷെഡ്ഡും ത്രീ ഫേസ് ഇലെക്ട്രിസിറ്റി കണക്ഷനും ആവശ്യമാണ്.
ടൈൽ വിരിക്കുന്നത് സാങ്കേതിക പരിജ്ഞാനം ഉള്ളവരായിരുന്നാൽ ഭാവിയിൽ പരാതികൾ ഒഴിവാക്കാൻ സാധിക്കും. പ്രതലം ക്രമപ്പെടുത്തി ബേബി മെറ്റൽ വിരിച്ചു അതിനു മുകളിലാണ് ഡിസൈനർ ടൈലുകൾ വിരിക്കുന്നത്. തുടർന്ന് മെറ്റൽ പൊടി വിതറി വെള്ളം ഒഴിച്ച് ഗ്യാപ്പ് ഫില്ലിംഗ് നടത്തും. വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഇളകാത്ത വിധം ലോക്ക് ചെയ്‌യും.
ഡിസൈനർ കോൺക്രീറ്റ് പാവിംഗ് ടൈലുകൾ നിർമ്മാണ മേഖലയിൽ കൂടുതലായി പണിയെടുക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.
മൂലധന നിക്ഷേപം
(പ്രതി ദിനം 500 സ്‌ക്വയർ ഫീറ്റ് ടൈൽ നിർമ്മാണത്തിന്)
1. മെഷിനറികൾ, വൈബ്രേറ്റർ, പാൻ മിക്സർ , കോൺക്രീറ്റ് മിക്സർ ഉൾപ്പെടെ = 2,40,000 .00
2. റബ്ബർ മോൾഡുകൾ (3 ഡിസൈനുകൾ 233 എണ്ണം വീതം ) 3 * 233*300 = 2,09,700.00
3 . വയറിംഗ്, പ്ലംബിംഗ് , അനുബന്ധ സൗകര്യങ്ങൾ = 75,000.00
4 . പ്രവർത്തന മൂലധനം. = 2,00,000.00
ആകെ = 7,24,700.00
പ്രവർത്തന ചിലവുകൾ
(പ്രതിദിനം 500 സ്‌ക്വയർ ഫീറ്റ് ഡിസൈനർ ടൈൽ നിർമ്മിക്കുന്നതിനുള്ള ചിലവ് )
- അസംസ്കൃത വസ്തുക്കൾ, വൈറ്റ് സിമന്റ്, എംസാന്റ്, സെറ്റിങ് സൊല്യൂഷൻ
- ബേബി മെറ്റൽ,കളർ ഓക്‌സൈഡ്, സിമന്റ് ഉൾപ്പെടെ = 16000.00
2 . തൊഴിലാളികളുടെ വേതനം 6 * 400 = 2400 .00
3 . വൈദ്യുതി ചാർജ് = 300 .00
4 . തേയ്മാനം, ഭരണച്ചിലവ്, പലവക = 1000.00
ആകെ = 19700.00
വിരിക്കുന്നതിനുള്ള ചിലവ്
(500 സ്‌ക്വയർ ഫീറ്റ് ഡിസൈനർ ടൈൽ സൈറ്റില് എത്തിച്ചു വിരിക്കുന്നതിനുള്ള ചിലവ് )
തൊഴിലാളികളുടെ വേതനം + ബേബി മെറ്റൽ + മെറ്റൽപൊടി + വണ്ടിക്കൂലി 500*15 = 7500
ആകെ ചിലവ് 19700+7500= 27200
വരവ്
500 സ്‌ക്വയർ ഡിസൈനർ ടൈൽ വിരിച്ചു നൽകുന്പോൾ ലഭിക്കുന്നത്.
500*65=32500
പ്രതിദിന ലാഭം
വരവ് = 32500
ചിലവ് = 27200
ലാഭം = 5300
ലൈസൻസുകൾ
തദ്ദേശഭരണ സ്ഥാപനത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ക്ലീയറൻസുകൾ നേടണം
സബ്സിഡി
സ്ഥിര നിക്ഷേപത്തിന്റെ 30 % വരെ വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ട്.
പരിശീലനം
സംരംഭം ആരംഭിക്കുന്നതിനു മുൻപ് ഡിസൈനർ കോൺക്രീറ്റ് ടൈലുകളുടെ നിർമ്മാണത്തിൽ സംരംഭകൻ പരിശീലനം നേടുന്നത് ഉചിതമായിരിക്കും. ലാഭനഷ്ട സാധ്യതകൾ മനസിലാക്കുന്നതിനും അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നതിനും സാധിക്കും. ഡിസൈനർ ടൈൽ നിർമ്മാണത്തിൽ അഗ്രോപാർക്കിൽ പരിശീലനം നല്‌കുന്നുണ്ട് . ഫോൺ : 0485- 2242310